ശാപമോക്ഷം കാത്ത് ബദിയടുക്ക ഇന്‍ഡോര്‍ സ്റ്റേഡിയം
ബദിയടുക്ക: ദീര്‍ഘ വീക്ഷണമില്ലാതെ പദ്ധതി നടപ്പാക്കിയത് കാരണം വര്‍ഷങ്ങള്‍ പലതും പിന്നിട്ടിട്ടും പണി പൂര്‍ത്തിയാകാതെ ശാപമോക്ഷം കാത്ത് ബദിയടുക്ക ബോളുക്കട്ടയിലെ ഇന്‍ഡോര്‍ സ്റ്റേഡിയം. പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ കമ്പനികളെ കിട്ടത്തതിനാല്‍ പണം നീക്കിവെച്ചിട്ടും പ്രവൃത്തി പുര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ലെന്നാണ് അധികൃതരുടെ വാദം. സിന്തറ്റിക് നിലം, വയറിങ്ങ്, പ്ലമ്പിങ്ങ് എന്നിവക്കാണ് ഗവ. അംഗീകൃത കമ്പനികള്‍ക്ക് നേരിട്ട് നല്‍കുന്നതിന് നാലുലക്ഷം രൂപ പദ്ധതി പ്രവര്‍ത്തനത്തിന്റെ തുടക്കത്തില്‍ തന്നെ പഞ്ചായത്ത് ഭരണസമിതി നീക്കിവെച്ചിരുന്നു. എന്നാല്‍ 2017-18 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ നേരിട്ട് നടത്തുന്ന പ്രവൃത്തിക്കാണ് തുക നല്‍കുന്നത് എന്ന് സൂചിപ്പിച്ചതിനാല്‍ ടെണ്ടറാക്കി പദ്ധതി മാറ്റാന്‍ കഴിഞ്ഞതുമില്ല. 2015-16 സാമ്പത്തിക വര്‍ഷത്തിലാണ് 25 ലക്ഷം രൂപ ചെലവില്‍ ഇന്‍ഡോര്‍ ഷട്ടില്‍ കോര്‍ട്ട് സ്റ്റേഡിയത്തിന്റെ പ്രവൃത്തി ആരംഭിച്ചത്. യുവജനങ്ങളില്‍ കായികാഭ്യാസം പ്രോത്സഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സ്റ്റേഡിയം പണിയാന്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചത്.
ഗുണഭോക്തൃ വിഹിതമെടുത്ത് നിര്‍മ്മിക്കാനായിരുന്നു ആദ്യ തീരുമാനം. പദ്ധതി നടത്തിപ്പിന്റെ കാര്യത്തില്‍ വിമര്‍ശനമുയര്‍ന്നതിനാല്‍ പഞ്ചായത്ത് 25 ലക്ഷം രൂപക്ക് ടെണ്ടര്‍ നല്‍കിയാണ് പ്രവര്‍ത്തനം ആരംഭിച്ചത്. നിയമാവലി തയ്യാറാക്കി ക്ലബ്ബുകള്‍ക്കോ സന്നദ്ധ സംഘടനകള്‍ക്കോ നിശ്ചിത തുക ഈടാക്കി വര്‍ഷംതോറും കരാര്‍ അടിസ്ഥാനത്തില്‍ നല്‍കാനാണ് ആലോചിരുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ പലതും പിന്നിട്ടിട്ടും പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ കഴിയാതെ ഇന്നും ബോളുക്കട്ടയിലെ കൃഷിഭവന് സമീപം കാഴ്ച വസ്തുവായി മാറിയിരിക്കുന്ന ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് അധികൃതര്‍ ശാപം മോക്ഷം നല്‍കുമെന്ന കാത്തിരിപ്പിലാണ് കായിക പ്രേമികള്‍.