എം.സി ഖമറുദ്ദീന്റെ അറസ്റ്റ് ആദ്യകേസുകള്‍ രജിസ്റ്റര്‍ ചെയ്ത് നാലുമാസത്തിന് ശേഷം; എം.എല്‍.എ ഒടുവില്‍ അറസ്റ്റിന് വഴങ്ങിയത് ലീഗ് നേതൃത്വം കയ്യൊഴിഞ്ഞതോടെ

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പുകേസില്‍ അറസ്റ്റിന് വഴങ്ങാന്‍ എം.സി ഖമറുദ്ദീന്‍ എം.എല്‍.എ തീരുമാനിച്ചത് നിര്‍ണായകഘട്ടത്തില്‍. അവസാനനിമിഷം വരെ പിടിച്ചുനില്‍ക്കാന്‍ എം.എല്‍.എ ശ്രമം നടത്തിയിരുന്നു. നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് ഖമറുദ്ദീനും ടി.കെ പൂക്കോയ തങ്ങള്‍ക്കുമെതിരെ ആദ്യമായി നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് ചന്തേര പൊലീസാണ്. തുടര്‍ന്ന് ചന്തേരയില്‍ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പിന്നീട് കാസര്‍കോട്, പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനുകളിലും കേസുകളുണ്ടായി. ആദ്യഘട്ടത്തില്‍ ഖമറുദ്ദീനെതിരെ ലീഗ് കടുത്ത നിലപാടിലെത്തിയിരുന്നില്ല. എന്നാല്‍ ദിനം പ്രതി കേസുകളുടെ എണ്ണം കൂടുകയും പൊലീസ് അന്വേഷണത്തിന് […]

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പുകേസില്‍ അറസ്റ്റിന് വഴങ്ങാന്‍ എം.സി ഖമറുദ്ദീന്‍ എം.എല്‍.എ തീരുമാനിച്ചത് നിര്‍ണായകഘട്ടത്തില്‍. അവസാനനിമിഷം വരെ പിടിച്ചുനില്‍ക്കാന്‍ എം.എല്‍.എ ശ്രമം നടത്തിയിരുന്നു. നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് ഖമറുദ്ദീനും ടി.കെ പൂക്കോയ തങ്ങള്‍ക്കുമെതിരെ ആദ്യമായി നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് ചന്തേര പൊലീസാണ്. തുടര്‍ന്ന് ചന്തേരയില്‍ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പിന്നീട് കാസര്‍കോട്, പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനുകളിലും കേസുകളുണ്ടായി. ആദ്യഘട്ടത്തില്‍ ഖമറുദ്ദീനെതിരെ ലീഗ് കടുത്ത നിലപാടിലെത്തിയിരുന്നില്ല. എന്നാല്‍ ദിനം പ്രതി കേസുകളുടെ എണ്ണം കൂടുകയും പൊലീസ് അന്വേഷണത്തിന് പുറമെ ക്രൈംബ്രാഞ്ചും അന്വേഷണമേറ്റെടുക്കുകയും ചെയ്തതോടെ പ്രശ്‌നങ്ങളെല്ലാം ഖമറുദ്ദീന്‍ ഒറ്റക്ക് നേരിടണമെന്ന കടുത്ത നിലപാടില്‍ മുസ്ലിംലീഗിന്റെ സംസ്ഥാന-ജില്ലാ നേതൃത്വങ്ങള്‍ എത്തുകയായിരുന്നു. സെപ്തംബറിലാണ് കേസിന്റെ അന്വേഷണചുമതല ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ഒക്‌ടോബറില്‍ കൂടുതല്‍ അന്വേഷണത്തിനായി പ്രത്യേക സ്‌ക്വാഡിനെ ചുമതലപ്പെടുത്തുകയായിരുന്നു. ഖമറുദ്ദീനും പൂക്കോയ തങ്ങള്‍ക്കുമെതിരെ നൂറിലേറെ കേസുകളാണ് നിലവിലുള്ളത്. ഹൊസ്ദുര്‍ഗ് കോടതികളിലും നിക്ഷേപകര്‍ പരാതി നല്‍കുകയുണ്ടായി. അന്വേഷകസംഘം ഇതിനകം 89 പേരില്‍നിന്ന് മൊഴിയെടുത്തിരുന്നു. ഖമറുദ്ദീനും പൂക്കോയ തങ്ങള്‍ക്കുമെതിരായ കേസ് സംബന്ധിച്ച് പാര്‍ട്ടിതലത്തില്‍ അന്വേഷണം നടത്താന്‍ കല്ലട്ര മാഹിന്‍ഹാജിയുടെ നേതൃത്വത്തിലുള്ള സമിതിയെയാണ് നിയോഗിച്ചത്. നിക്ഷേപകരുടെ പണം തിരിച്ചുനല്‍കാന്‍ എം.എല്‍.എയ്ക്ക് കഴിയുമെന്ന് കരുതുന്നില്ലെന്ന് പ്രശ്‌ന പരിഹാരത്തിനായി ലീഗ് നേതൃത്വം നിയോഗിച്ച കല്ലട്ര മാഹിന്‍ഹാജി നേതൃത്വത്തിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതോടെ പ്രശ്‌നം എം.എല്‍.എ തന്നെ നേരിടണമെന്ന നിലപാടില്‍ ലീഗ് നേതൃത്വം എത്തുകയായിരുന്നു. ലീഗ് നേതൃത്വവും കൈവെടിഞ്ഞതോടെ ഖമറുദ്ദീന്‍ അന്വേഷണസംഘവുമായി പൂര്‍ണതോതില്‍ സഹകരിക്കുകയും ചോദ്യം ചെയ്യലിന് കാസര്‍കോട് എസ്.പി ഓഫീസില്‍ ഹാജരാകുകയുമായിരുന്നു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടപ്പോള്‍ ലീഗിന്റെ നിര്‍ദേശപ്രകാരം യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനം ഖമറുദ്ദീന്‍ രാജിവെച്ചിരുന്നു. ഇനി എം.എല്‍.എ സ്ഥാനവും ഖമറുദ്ദീന് ഒഴിയേണ്ടിവരുമെന്നാണ് വിവരം.

Related Articles
Next Story
Share it