മെറ്റയുടെ വാട്സ്ആപ്പില്‍ ദിവസേന നിരവധി ചിത്രങ്ങള്‍ വ്യക്തികള്‍ വഴിയും ഗ്രൂപ്പ് വഴിയും കിട്ടുന്നവരാണ് നാം ഓരോരുത്തരും. സത്യാവസ്ഥ അറിയാതെ പലരും ഇവ മറ്റുള്ളവര്‍ക്കും കൈമാറാറുണ്ട്. കിട്ടുന്ന ഫോട്ടോകളുടെ സത്യാവസ്ഥ അറിയാന്‍ വാട്സ്ആപ്പില്‍ നിലവില്‍ സൗകര്യം ഇല്ല. എന്നാല്‍ വാട്സ്ആപ്പില്‍ കിട്ടുന്ന ഫോട്ടോകളുടെ ഉറവിടവും സത്യാവസ്ഥയും തിരിച്ചറിയാനുളള പുതിയ സംവിധാനം രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ മെറ്റ തുടങ്ങിക്കഴിഞ്ഞു. സേര്‍ച്ച് ഓണ്‍ വെബ് എന്ന പേരിലുള്ള സൗകര്യം വാട്സ്ആപ്പില്‍ തന്നെ ലഭ്യമാവുന്ന രീതിയില്‍ ഒരുക്കും. വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് 2.24.23.13 ബീറ്റാ വേര്‍ഷനില്‍ ഇതിന്റെ പരീക്ഷണം നടന്നുവരികയാണ്. സേര്‍ച്ച് ഓണ്‍ വെബ് സംവിധാനം നിലവില്‍ വരുന്നതോടെ വാട്സ്ആപ്പില്‍ ലഭിക്കുന്ന ഫോട്ടോകള്‍ ഇതിലൂടെ ഗൂഗിളിന് റിവേഴ്സ് ഇമേജ് സേര്‍ച്ചിനായി നേരിട്ട് സമര്‍പ്പിക്കാം. ഗൂഗിളിന്റെ റിവേഴ്സ് ഇമേജ് സേര്‍ച്ച് ഫീച്ചര്‍ വാട്സ്ആപ്പുമായി ബന്ധിപ്പിച്ചാണ് ഇത് സാധ്യമാക്കുന്നത്. വാട്സ് ആപ്പില്‍ ലഭിക്കുന്ന ഫോട്ടോ, ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാതെ തന്നെ പരിശോധിക്കാം എന്നതാണ് സേര്‍ച്ച് ഓണ്‍ വെബ്ബിന്റെ സവിശേഷത.