കാസര്‍കോട്: യുവതലമുറയെ നെല്‍കൃഷിയോടടുപ്പിക്കാന്‍ പുലരി അരവത്ത് കൂട്ടായ്മ അഞ്ചാമത്തെ നാട്ടി കാര്‍ഷിക മഹോത്സവത്തിനൊരുങ്ങുന്നു.
രണ്ടു വര്‍ഷത്തെ കോവിഡ് ഇടവേളക്കുശേഷം ഈ വര്‍ഷത്തെ നാട്ടി കാര്‍ഷിക മഹോത്സവം 26ന് അരവത്ത് വയലില്‍ നടക്കുമെന്ന് പുലരി അരവത്ത് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അരവത്ത് പാട ശേഖരത്തില്‍ ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പുലരി അവതരിപ്പിച്ച ആശയമാണ് നാട്ടി കാര്‍ഷിക പാഠശാല. പള്ളിക്കര ഗ്രാമപഞ്ചായത്തും കൃഷിഭവനും കുടുംബശ്രീയും യുവജനക്ഷേമ ബോര്‍ഡും ഇത്തവണ നാട്ടിയില്‍ പങ്കാളി കളാകുന്നു.
തനത് കാര്‍ഷിക ജൈവ വൈവിധ്യം സംരക്ഷിക്കുന്ന കര്‍ഷ കര്‍ക്ക് ഈ വര്‍ഷം മുതല്‍ പുലരി വിത്താള്‍ പുരസ്ക്കാരം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പത്തായിരം രൂപയും ഫലകവും പ്രശം സാപത്രവും അടങ്ങുന്നതാണ് പുരസ്കാരം. വിത്താള്‍ ജന്തു ജനുസ്സ് പുരസ്കാരം അമ്പലത്തറയില്‍ കപില ഗോശാല നടത്തുന്ന പികെ ലാലിനും സസ്യജനുസ്സ് പുരസ്കാരം നെട്ടണിഗെ സ്വദേശി നെല്‍വിത്തു സംരക്ഷകനായ സത്യനാരായണ ബലേരിക്കും നല്‍കും.
നാട്ടിയോടനുബന്ധിച്ച് കുടുംബശ്രീ ചക്ക മഹോത്സവം സംഘടിപ്പിക്കുന്നുണ്ട്. ദേശീയ ഔഷധ സസ്യ ബോര്‍ഡിന്റെ നേതൃത്വത്തില്‍ പുലരി ചെയ്യുന്ന ഔഷധ സസ്യ പ്രൊജക്ടിന്റെ ഉദ്ഘാടനവും അന്നേ ദിവസം നടക്കും. രാവിലെ 10 മണിക്ക് കാര്‍ഷിക കമ്പളം ബേക്കല്‍ ഡിവൈഎസ്പി സുനില്‍ കുമാര്‍ ഫ്ളാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് ചളിക്കണ്ടത്തില്‍ വടംവലി, വോളിബോള്‍, ഷട്ടില്‍ റിലേ തുടങ്ങിയ വിവിധ കായിക മത്സരങ്ങള്‍ നടക്കും. 12 മണിക്ക് നാട്ടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന് നിര്‍വ്വഹിക്കും. നാട്ടിയുടെ ചെയര്മാന് പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം കുമാരന് അധ്യക്ഷത വഹിക്കും.
വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നായി ആയിരത്തിലധികം കുട്ടികള്‍ നാട്ടിയില്‍ പങ്കാളികളാവും. തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് വിവിധ കണ്ടങ്ങളില്‍ ഞാറു നടും. ഉച്ചയ്ക്ക് നാടന്‍ കുത്തരി കഞ്ഞിയും 111 തരം പരമ്പരാഗത ചമ്മന്തിയും അടങ്ങുന്ന ഉച്ചഭക്ഷണം ഏര്‍പ്പാട് ചെയ്തിട്ടുണ്ട്.
വാര്‍ത്താ സമ്മേളനത്തില്‍ പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം കുമാരന്, എ കെ ജയപ്രകാശ്, എന്‍ ബി ജയകൃഷ്ണന്, കെ വേണുഗോപാല്‍ പങ്കെടുത്തു.