വെണ്മക്കടലായി അറഫ; പത്തുലക്ഷം വിശ്വാസികള്‍ ഒത്തുചേര്‍ന്നു

മക്ക: പരിശുദ്ധ ഹജ്ജിന്റെ ആത്മാവായ അറഫാ സംഗമം വിശ്വ സാഹോദര്യത്തിന്റെ നേര്‍ക്കാഴ്ചയായി. അല്ലാഹുവിന്റെ പ്രീതി തേടി കരയും കടലും താണ്ടി 180ലേറെ രാജ്യങ്ങളില്‍ നിന്നെത്തിയ തീര്‍ഥാടക ലക്ഷങ്ങള്‍ വലിപ്പചെറുപ്പ വിത്യാസമില്ലാതെ തോളോടു തോളുരുമ്മി മനമുരുകി പ്രാര്‍ത്ഥിച്ചപ്പോള്‍ അത് സാഹോദര്യത്തിന്റെ നേര്‍സാക്ഷ്യമായി. അറഫ സംഗമത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോക മുസ്ലിംകള്‍ ഇന്ന് വ്രതമനുഷ്ഠിക്കുകയയാണ്. ഇന്നലെ മിനായില്‍ രാപ്പാര്‍ത്ത് നേടിയ ആത്മവിശുദ്ധിയുമായാണ് ഇന്ന് സുബഹി (പ്രഭാത) നമസ്‌കാര ശേഷം ഹാജിമാര്‍ 12 കിലോമീറ്റര്‍ അകലെയുള്ള അറഫാ മൈതാനിയിലേക്ക് നീങ്ങിതുടങ്ങിയത്. അറഫയാണ് […]

മക്ക: പരിശുദ്ധ ഹജ്ജിന്റെ ആത്മാവായ അറഫാ സംഗമം വിശ്വ സാഹോദര്യത്തിന്റെ നേര്‍ക്കാഴ്ചയായി. അല്ലാഹുവിന്റെ പ്രീതി തേടി കരയും കടലും താണ്ടി 180ലേറെ രാജ്യങ്ങളില്‍ നിന്നെത്തിയ തീര്‍ഥാടക ലക്ഷങ്ങള്‍ വലിപ്പചെറുപ്പ വിത്യാസമില്ലാതെ തോളോടു തോളുരുമ്മി മനമുരുകി പ്രാര്‍ത്ഥിച്ചപ്പോള്‍ അത് സാഹോദര്യത്തിന്റെ നേര്‍സാക്ഷ്യമായി. അറഫ സംഗമത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോക മുസ്ലിംകള്‍ ഇന്ന് വ്രതമനുഷ്ഠിക്കുകയയാണ്.
ഇന്നലെ മിനായില്‍ രാപ്പാര്‍ത്ത് നേടിയ ആത്മവിശുദ്ധിയുമായാണ് ഇന്ന് സുബഹി (പ്രഭാത) നമസ്‌കാര ശേഷം ഹാജിമാര്‍ 12 കിലോമീറ്റര്‍ അകലെയുള്ള അറഫാ മൈതാനിയിലേക്ക് നീങ്ങിതുടങ്ങിയത്. അറഫയാണ് ഹജ്ജ് എന്നും അറഫയില്‍ സംഗമിക്കാത്തവന് ഹജ്ജ് നഷ്ടപ്പെടുമെന്നതിനാല്‍ മക്കയിലേയും മദീനയിലേയും ആസ്പത്രികളില്‍ കഴിഞ്ഞിരുന്ന കിടപ്പു രോഗികള്‍ ഉള്‍പ്പടെയുള്ളവരെ പ്രത്യേകം ആംബുലന്‍സുകളില്‍ അറഫയിലെത്തിക്കാന്‍ സൗദി ഭരണകൂടം വിപുലമായ സംവിധാനം ഒരുക്കിയിരുന്നു.
സൗദിയിലെ മുതിര്‍ന്ന പണ്ഡിത സഭാ അംഗം ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍ കരീം അല്‍ ഈസ അറഫാ പ്രഭാഷണം നടത്തും. ഇന്ന് അറഫയില്‍ ളുഹര്‍, അസര്‍ നമസ്‌കാരങ്ങള്‍ ഒന്നിച്ച് നിര്‍വഹിച്ച ശേഷം പ്രാര്‍ത്ഥനയിലും അനുഷ്ഠാനങ്ങളിലും മുഴുകി ജന്മവിശുദ്ധി നേടിയ ശുഭാപ്തിയോടെ സന്ധ്യക്ക് ശേഷം മുസ്ദലിഫയിലേക്ക് നീങ്ങും. അവിടെ മഗ്രിബ്, ഇശാ നമസ്‌കാരങ്ങള്‍ ഒന്നിച്ച് നിര്‍വഹിച്ച ശേഷം രാവ് മുഴുവന്‍ പ്രാര്‍ത്ഥനകളിലും ഖുര്‍ആന്‍ പാരായണങ്ങളിലുമായി കഴിച്ചുകൂട്ടി ബലിപെരുന്നാള്‍ ദിനമായ നാളെ ഹാജിമാര്‍ ബലികര്‍മ്മത്തിനും ജംറയിലെ ആദ്യ കല്ലേറിനുമായി മിനായിലേക്ക് നീങ്ങും.
മുന്‍ വര്‍ഷങ്ങളില്‍ കാല്‍ക്കോടിയിലേറെ തീര്‍ഥാടകരാണ് ഹജ്ജിനെത്തിയിരുന്നതെങ്കിലും കോവിഡ് മഹാമാരിയുടെ ആഘാതത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ തീര്‍ഥാടകരുടെ എണ്ണം ആയിരങ്ങളില്‍ ഒതുക്കിയിരുന്നു. കോവിഡ് ഭീതി ഏറെ കുറെ അകന്നതിനാല്‍ ഈ വര്‍ഷം 180ഓളം രാജ്യങ്ങളില്‍ നിന്നായി എട്ടര ലക്ഷം ഹാജിമാരും സ്വദേശത്ത് നിന്നും ഒന്നര ലക്ഷം ഹാജിമാരുമടക്കം 10 ലക്ഷം പേര്‍ക്കാണ് ഹജ്ജിന് അനുമതി ലഭിച്ചത്. അതേസമയം നവജാത ശിശുക്കള്‍ മുതല്‍ പ്രായപരിധിയില്ലാതെ ഹജ്ജ് നിര്‍വഹിക്കാന്‍ അനുമതിയുണ്ടായിരുന്നിടത്ത് ഈ വര്‍ഷം 15ന് താഴെ പ്രായക്കാരും 65ന് മുകളില്‍ പ്രായമുള്ളവരും ഹജ്ജിനില്ലെന്ന പ്രത്യേകത കൂടിയുണ്ട്.

Related Articles
Next Story
Share it