സ്‌നേഹത്തിന്റെ ഇമോജിയിട്ട് സാക്ഷാല്‍ എ.ആര്‍ റഹ്മാന്‍; ആനന്ദ നിര്‍വൃതിയില്‍ അമല്‍രാജ്

കുമ്പള:' മലര്‍കളെ.... മലര്‍കളെ... ഇത് എന്ന കനവാ...' സൂരംബയല്‍ സ്വദേശി അമല്‍രാജ് അമ്മയെ നെഞ്ചോട് ചേര്‍ത്ത് പാടി ഇന്‍സ്റ്റാഗ്രാമില്‍ ഇട്ട പോസ്റ്റിന് കീഴേ സ്‌നേഹവും പ്രോത്സാഹനവുമായി സാക്ഷാല്‍ എ.ആര്‍. റഹ്മാന്റെ കമന്റ്. ജീവിതത്തില്‍ ലഭിച്ച എറ്റവും വലിയ ആഹ്ലാദത്തിലാണ് അമല്‍രാജ്. മെയ് 17നാണ് പ്രശസ്തമായ തമിഴ് മെലഡി ഗാനം പാടി അമല്‍രാജ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ടത്. കണ്ണീരും സന്തോഷവും ചേര്‍ന്ന റീലിന് മികച്ച പിന്തുണയാണ് ലഭിച്ചത്. നിരവധിപേര്‍ ലൈക്കടിച്ചും പ്രോത്സാഹനം നല്‍കി.മൂന്നാഴ്ച പിന്നിട്ടപ്പോഴാണ് കമന്റ് ബോക്‌സില്‍ സാക്ഷാല്‍ എ.ആര്‍. […]

കുമ്പള:' മലര്‍കളെ.... മലര്‍കളെ... ഇത് എന്ന കനവാ...' സൂരംബയല്‍ സ്വദേശി അമല്‍രാജ് അമ്മയെ നെഞ്ചോട് ചേര്‍ത്ത് പാടി ഇന്‍സ്റ്റാഗ്രാമില്‍ ഇട്ട പോസ്റ്റിന് കീഴേ സ്‌നേഹവും പ്രോത്സാഹനവുമായി സാക്ഷാല്‍ എ.ആര്‍. റഹ്മാന്റെ കമന്റ്. ജീവിതത്തില്‍ ലഭിച്ച എറ്റവും വലിയ ആഹ്ലാദത്തിലാണ് അമല്‍രാജ്. മെയ് 17നാണ് പ്രശസ്തമായ തമിഴ് മെലഡി ഗാനം പാടി അമല്‍രാജ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ടത്. കണ്ണീരും സന്തോഷവും ചേര്‍ന്ന റീലിന് മികച്ച പിന്തുണയാണ് ലഭിച്ചത്. നിരവധിപേര്‍ ലൈക്കടിച്ചും പ്രോത്സാഹനം നല്‍കി.
മൂന്നാഴ്ച പിന്നിട്ടപ്പോഴാണ് കമന്റ് ബോക്‌സില്‍ സാക്ഷാല്‍ എ.ആര്‍. റഹ്മാന്റെ സ്‌നേഹം നിറച്ച രണ്ട് ഇമോജികള്‍ പ്രത്യക്ഷപ്പെട്ടത്. ഇത് പറഞ്ഞറിയിക്കാനാവാത്ത ആനന്ദമാണ് അമല്‍രാജില്‍ ഉണ്ടാക്കിയത്. എ.ആര്‍.റഹ്മാന്റെ മകള്‍ ഖദീജാ റഹ്മാനും അഭിനന്ദിച്ച് കമന്റിട്ടിരുന്നു. മുന്‍ പൊലീസ് എസ്.ഐ പി.സോമയ്യയുടെയും മുന്‍ ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത്‌നഴ്‌സ് ശാരദയുടെയും മകനായ അമല്‍ ആറാംവയസിലാണ് ഗാനരംഗത്ത് എത്തുന്നത്. സംഗീത പ്രേമിയായ അമ്മ വഴിയാണ് സംഗീത ലോകത്തേക്ക് ചുവട് പിടിച്ചത്. ബിരുദപഠനം പൂര്‍ത്തിയാക്കിയ അമല്‍ കണ്ണൂര്‍ സര്‍വ്വകലാശാല കലോത്സവത്തില്‍ ഹിന്ദുസ്ഥാനി, ഗസല്‍ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. ഗിറ്റാര്‍, തബല എന്നിവയും അമലിന് വഴങ്ങും.
അമ്മയും അമലിനൊപ്പം സംഗീതം അഭ്യസിക്കുന്നുണ്ട്. നേരത്തെ 'നീയെന്‍ വെണ്ണിലാ കാതില്‍ തേന്‍മഴ',' പൊടിമീശ മുളക്കണ കാലം', 'മറുവാര്‍ത്തെ പേസാമല്‍ മടിമീതെ നീ തൂങ്കിട്' തുടങ്ങിയ ഹിന്ദി, മലയാളം മെലഡികള്‍ ആലപിച്ചും റീല്‍സ് ചെയ്തിരുന്നു. ഇതിനും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്.
ഗായകരായ സിതാര കൃഷ്ണകുമാര്‍, ഹരീഷ് ശിവരാമകൃഷ്ണന്‍, നടന്‍ ജോജുജോര്‍ജ്ജ് തുടങ്ങിയവരും അഭിനന്ദനങ്ങള്‍ അറിയിച്ച് കമന്റിട്ടിരുന്നു. അതിനുപിന്നാലെയാണ് ' മലര്‍കളെ.... മലര്‍കളെ...' ആലപിച്ച് വീഡിയോ ചെയ്തത്. പി.വാസു സംവിധാനം ചെയ്ത് 1996 ല്‍ പുറത്തിറങ്ങിയ 'ലൗ ബേര്‍ഡ്‌സ്' എന്ന തമിഴ് പടത്തിന് വേണ്ടി എ.ആര്‍.റഹ്മാന്‍ ഈണമിട്ട പാട്ടാണിത്.

Related Articles
Next Story
Share it