വാഗ്മിയായ അപ്പുക്കുട്ടന്‍ മാഷ്

'ആഹ്ലാദിക്കൂ ഹൃദയമേ, ആഹ്ലാദിക്കൂ!'- മഹാകവിയുടെ പദാവലി കടം വാങ്ങി ഉറക്കെ ആവര്‍ത്തിക്കട്ടെ. കാസര്‍കോട്ടുകാരുടെ പൊതുവികാരമായിരിക്കും ഇത്. അവരും കൂടാതിരിക്കില്ല എന്നോടൊപ്പം. കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം പ്രിയപ്പെട്ട അപ്പുക്കുട്ടന്‍ മാസ്റ്റര്‍ക്ക്. കുറച്ച് വൈകിപ്പോയി എന്ന പരിഭവമുണ്ടാകും ന്യായമായും. ഇത് കുറേ നേരത്തേ കിട്ടേണ്ട അംഗീകാരമായിരുന്നു. ഒരിക്കലും കിട്ടാതിരിക്കുന്നതിലും ഭേദമല്ലേ, വൈകിയിട്ടാണെങ്കിലും കിട്ടിയത് എന്ന് സമാധാനിക്കാം. 'ആഹ്ലാദിക്കൂ ഹൃദയമേ, ആഹ്ലാദിക്കൂ!' എത്രകാലമായി മാഷെ കണ്ടിട്ട്! ഓര്‍മ്മയുണ്ട് ഒടുവില്‍ കണ്ട സന്ദര്‍ഭം. പ്രിയപ്പെട്ട മുജീബിനോടൊപ്പമാണ് അന്നൂരിലെ വീട്ടില്‍ പോയത്. കണ്ണൂരില്‍ […]

'ആഹ്ലാദിക്കൂ ഹൃദയമേ, ആഹ്ലാദിക്കൂ!'-
മഹാകവിയുടെ പദാവലി കടം വാങ്ങി ഉറക്കെ ആവര്‍ത്തിക്കട്ടെ. കാസര്‍കോട്ടുകാരുടെ പൊതുവികാരമായിരിക്കും ഇത്. അവരും കൂടാതിരിക്കില്ല എന്നോടൊപ്പം. കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം പ്രിയപ്പെട്ട അപ്പുക്കുട്ടന്‍ മാസ്റ്റര്‍ക്ക്. കുറച്ച് വൈകിപ്പോയി എന്ന പരിഭവമുണ്ടാകും ന്യായമായും. ഇത് കുറേ നേരത്തേ കിട്ടേണ്ട അംഗീകാരമായിരുന്നു. ഒരിക്കലും കിട്ടാതിരിക്കുന്നതിലും ഭേദമല്ലേ, വൈകിയിട്ടാണെങ്കിലും കിട്ടിയത് എന്ന് സമാധാനിക്കാം.
'ആഹ്ലാദിക്കൂ ഹൃദയമേ, ആഹ്ലാദിക്കൂ!' എത്രകാലമായി മാഷെ കണ്ടിട്ട്! ഓര്‍മ്മയുണ്ട് ഒടുവില്‍ കണ്ട സന്ദര്‍ഭം. പ്രിയപ്പെട്ട മുജീബിനോടൊപ്പമാണ് അന്നൂരിലെ വീട്ടില്‍ പോയത്. കണ്ണൂരില്‍ പോയി മടങ്ങുമ്പോഴായിരുന്നു അങ്ങോട്ട് തിരിഞ്ഞത്. അഹമ്മദ് മാഷിന്റെ ഒരു പുസ്തകം- മാപ്പിളപ്പാട്ടുകളുടെ പഠനം-അതിന് അവതാരിക എഴുതിത്തരണം എന്ന് പ്രൊഫ. മുഹമ്മദ് അഹമ്മദിനോട് അഭ്യര്‍ത്ഥിച്ച ശേഷം തിരികെ വരികയായിരുന്നു ഞങ്ങള്‍. ചില ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം വീട്ടില്‍ വിശ്രമിക്കുകയായിരുന്നു അപ്പുക്കുട്ടന്‍ മാഷ്. കണ്ണൂരിലേക്കുള്ള യാത്രാ ഉദ്ദേശം പറഞ്ഞപ്പോള്‍ തന്റെ ചിരകാല സുഹൃത്തിന്റെ പുസ്തകം അചിരേണ പുറത്തിറങ്ങാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ മാഷ് അക്ഷരാര്‍ത്ഥത്തില്‍ പുളകം കൊണ്ടു.
അധികം സംസാരിക്കാന്‍ ഞങ്ങള്‍ മാഷെ സമ്മതിച്ചില്ല. അദ്ദേഹത്തിന്റെ സഹധര്‍മ്മിണിയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം 'പിന്നെ കാണാം' എന്ന് പറഞ്ഞ് ഞങ്ങള്‍ മടങ്ങി. തുടര്‍ന്ന് ഒരുപാട് കാര്യങ്ങള്‍-അഹമ്മദ് മാഷിന്റെ സാഹിത്യ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടത്-ഞങ്ങള്‍ നേരിട്ട് സാക്ഷ്യം വഹിച്ചതും മാഷ് തന്നെ പറഞ്ഞ് കേട്ടതും ഞങ്ങള്‍ ഓര്‍ത്തെടുത്തു. സാഹിത്യകാര സൗഹൃദങ്ങളുടെ വസന്തകാലമായിരുന്നുവല്ലോ അത്.
'പിന്നെ വരാം', എന്ന് വാക്കു കൊടുത്തിരുന്നെങ്കിലും ഞാന്‍ പിന്നെ മാഷെ കാണാന്‍ പോയില്ല. ഊര്‍ജ്ജസ്വലതയോടെ പ്രൗഢഗംഭീര സ്വരത്തില്‍ സംസാരിക്കാറുള്ള മാഷെ, അതില്‍ നിന്നും വ്യത്യസ്തമായ രീതിയില്‍ കാണാനുള്ള മനപ്രയാസം എന്നെ പിന്തിരിപ്പിച്ചു എന്ന് പറയുന്നതായിരിക്കും ശരി. മാഷിനും അതില്‍ ഒട്ടും പരിഭവമോ പരാതിയോ ഉണ്ടാവുകയില്ല എന്നറിയാം.
എഴുപതുകളിലാണ് ഞാന്‍ മാഷെ നേരിട്ട് ആദ്യം കണ്ടത്. അതിനും മുമ്പെ അദ്ദേഹത്തെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ടായിരുന്നു. ഉജ്ജ്വലപ്രഭാഷകനായ അപ്പുക്കുട്ടന്‍ മാഷ് എന്ന്.
ഞങ്ങളുടെ നാട്ടില്‍ തായന്നൂരില്‍, നന്നായി പ്രവര്‍ത്തിക്കുന്ന ഒരു കലാസമിതിയുണ്ടായിരുന്നു അക്കാലത്ത് -'രംഗമണ്ഡപം' ആര്‍ട്‌സ് ക്ലബ്ബ് അതിന്റെ വാര്‍ഷികത്തിന് അദ്ദേഹത്തെ ക്ഷണിക്കണം എന്ന് തീരുമാനിച്ചു. അന്വേഷിച്ചപ്പോള്‍ അദ്ദേഹത്തിന് അസൗകര്യമാണെന്നറിഞ്ഞു. 1973ല്‍ കുറ്റിക്കോല്‍ എ.യു.പി സ്‌കൂള്‍ അങ്കണത്തില്‍ വെച്ചാണ് എന്റെ ചിരകാല സ്വപ്്‌നം സാക്ഷാത്കരിക്കപ്പെട്ടത്. സ്‌കൂള്‍ വാര്‍ഷികത്തിന്റെ ഉദ്ഘാടകനായിരുന്നു അപ്പുക്കുട്ടന്‍ മാഷ്. ബന്തടുക്ക ഹൈസ്‌കൂള്‍ അധ്യാപകനായിരുന്ന ഞാന്‍ പ്രാസംഗികനും. ഞങ്ങള്‍ പരിചയപ്പെട്ടു. തുടര്‍ന്ന് പല തവണ കാസര്‍കോട്ട് വെച്ച് കണ്ട് സൗഹൃദം പുതുക്കി. കുറ്റിക്കോലില്‍ അദ്ദേഹം ചെയ്ത പ്രസംഗം ഇപ്പോഴും കാതില്‍ മുഴങ്ങുന്നത് പോലെ. എത്രയോ പ്രഭാഷണങ്ങള്‍ പിന്നീട് പല വേദികളില്‍ വെച്ചും കേട്ടു. വിഷയം സാഹിത്യമോ, സാംസ്‌കാരികമോ ആകട്ടെ; ചിന്തോദ്ദീപകങ്ങളായിരുന്നു ഓരോ പ്രസംഗവും. ഞാന്‍ ബന്തടുക്ക ഹൈസ്‌കൂളില്‍ അധ്യാപകനായിരിക്കെ ഹെഡ്മാസ്റ്റരായിരുന്ന മട്ടി രാധാകൃഷ്ണ റാവു, മുമ്പു കാസര്‍കോട് ഗവ ഹൈസ്‌കൂള്‍ അധ്യാപകനായിരുന്നു. പില്‍ക്കാലത്ത് ജില്ലാ വിദ്യാഭ്യാസ ഓഫീസറായി റിട്ടയര്‍ ചെയ്ത ശേഷം, സ്വദേശമായ ഉഡുപ്പിയില്‍ വിശ്രമജീവിതം നയിക്കുന്ന റാവു സാര്‍ കന്നഡയില്‍ കവിയും നാടകകൃത്തും ആണ്. അപ്പുക്കുട്ടന്‍ മാസ്റ്ററുടെ സഹായത്തോടെ അദ്ദേഹം പല മലയാള കവിതകളും കന്നഡയിലേക്ക് പരിഭാഷപ്പെടുത്തിയത് എന്നെ വായിച്ച് കേള്‍പ്പിച്ചിട്ടുണ്ട്. ചങ്ങമ്പുഴയുടെ 'വാഴക്കുല'യും 'മനസ്വിനി'യും മറ്റും. എസ്.എല്‍ പുരം സദാനന്ദന്റെ 'അഗ്നിപുത്രി', വൈക്കം ചന്ദ്രശേഖരന്‍ നായരുടെ ഡോക്ടര്‍' എന്നീ നാടകങ്ങള്‍ കന്നഡയിലേക്ക് വിവര്‍ത്തനം ചെയ്തതും അപ്പുക്കുട്ടന്‍ മാസ്റ്ററുടെ സഹായത്തോടെയായിരുന്നു. മാഷെക്കുറിച്ച് അദ്ദേഹത്തിന്റെ പ്രഭാഷണ വൈഭവത്തെക്കുറിച്ച് സഹൃദയത്തെക്കുറിച്ച് നിര്‍വ്യാജ സൗഹൃദത്തെക്കുറിച്ച് എല്ലാം റാവുസാര്‍ ആദരവോടെ പറഞ്ഞിട്ടുള്ളത് എന്റെ ഓര്‍മ്മയിലുണ്ട്. തന്റെ കീഴില്‍ ജോലി ചെയ്യുന്ന, അന്യഭാഷക്കാരനായ ഒരധ്യാപകനെക്കുറിച്ച് ഒരു ഹെഡ്മാസ്റ്റര്‍ ഇപ്രകാരം പറയുക വെറും പൊള്ള വാക്കല്ല, സര്‍വ്വഥാ അര്‍ഹിക്കുന്ന പ്രശംസാവചനം. റാവുസാറിന്റെ ഉചിതജ്ഞത. അപ്പുക്കുട്ടന്‍ മാഷിന്റെ സമര്‍ഹത. രണ്ടിന്റെയും സമ്മേളനം ആ വാക്കുകളില്‍. മറ്റൊരു സന്ദര്‍ഭം: 'നിരഞ്ജന'യുടെ 'ചിരസ്മരണ' എന്ന കയ്യൂര്‍ സമരേതിഹാസം, രാഘവന്‍ പരിഭാഷപ്പെടുത്തിയത്. പുറത്തിറങ്ങിയ കാലം. വ്യാപകമായി ആ കൃതി ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായല്ലോ. നിരവധി വേദികളില്‍ അപ്പുക്കുട്ടന്‍ മാഷായിരുന്നു മുഖ്യപ്രഭാഷകന്‍. നീലേശ്വരം രാജാസ് ഹൈസ്‌കൂളില്‍ സാക്ഷാല്‍ നിരഞ്ജനയുടെ മാതൃവിദ്യാലയം (Alma mater) ആണല്ലോ അത്-നടന്ന പരിപാടിയില്‍ അപ്പുക്കുട്ടന്‍ മാഷ് ചെയ്ത പ്രഭാഷണം എന്റെ ഓര്‍മ്മയില്‍ ഇരമ്പുന്നു. ഒരു നിരാശ: മാഷ് അധികമൊന്നും എഴുതി പ്രസിദ്ധീകരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ആ പ്രബന്ധ സമാഹാരം വായിക്കുമ്പോള്‍ തോന്നാറുണ്ട്. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ അങ്ങനെ തന്നെ പകര്‍ത്തിയെടുത്ത് പ്രസിദ്ധീകരിച്ചിരുന്നെങ്കില്‍, സാഹിത്യത്തിന് വലിയൊരു മുതല്‍കൂട്ടായേനെ. സാങ്കേതിക വിദ്യ ഇന്നത്തേത് പോലെ വികസിച്ചിട്ടില്ലാത്ത, സുലഭമല്ലാത്ത കാലമായിരുന്നല്ലോ അത്- അദ്ദേഹം പ്രസംഗവേദികളെ, മഹാസദസ്സുകളെ പ്രകമ്പനം കൊള്ളിച്ച കാലം. നഷ്ടബോധം അതിനെക്കുറിച്ച് നേരിട്ട് അറിയുന്നവരെ അസ്വസ്ഥമാക്കുന്നു.
എന്താണ് അപ്പുക്കുട്ടന്‍ മാഷിന്റെ പ്രഭാഷണത്തിന്റെ സവിശേഷത? 'വാചാലത'യല്ല, 'വാഗ്മിത' ആണ്. രണ്ടും തമ്മില്‍ വ്യത്യാസമുണ്ട്.
'വാചാലോ ബഹു ഗര്‍ഹ്യ വാക്'-വളരെ 'കെടുവാക്ക്' പറയുന്നവന്‍ 'വാചാലന്‍' 'മിതം ച സാരം വാചോഹി വാഗ്മിത'-മിതവും സാരവുമായി സംസാരിക്കുന്നവന്‍ വാഗ്മി. വാഗ്മിയത്രേ സര്‍വ്വഥാ അനുകരണ യോഗ്യന്‍. അപ്പുക്കുട്ടന്‍ മാഷ് ശരിയായ വാഗ്മി തന്നെ! അനുമോദനപൂച്ചെണ്ടുകള്‍...

Related Articles
Next Story
Share it