ശബരിമല: സന്നിധാനത്ത് കോവിഡിനെ പ്രതിരോധിക്കാന്‍ അപരാജിത ധൂപചൂര്‍ണ്ണവും ഷഡംഗം കഷായ ചൂര്‍ണ്ണവും വിതരണം ചെയ്യുന്നു. ഭാരതീയ ചികിത്സാവകുപ്പ് ആണ് ഇവ വിതരണം ചെയ്യുന്നത്. അപരാജിത ധൂപചൂര്‍ണ്ണം പുകയ്ക്കുന്നത് രോഗാണുനശീകരണത്തിന് ഉത്തമമാണെന്നാണ് പഠനം. സന്നിധാനത്ത് വിതരണം ചെയ്യുന്ന ഔഷധ കുടിവെള്ളം ഉണ്ടാക്കാനാണ് പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന ഷഡംഗം കഷായ ചൂര്‍ണ്ണം ഉപയോഗിക്കുന്നത്.
അണുനശീകരണത്തിന് സന്നിധാനത്ത് സ്ഥിരമായി അപരാജിത ധൂപചൂര്‍ണ്ണം ഉപയോഗിച്ച് ധൂപസന്ധ്യ നടത്താന്‍ ഭാരതീയ ചികിത്സാവകുപ്പ് ഒരുക്കമാണെന്ന് സന്നിധാനം ഗവ. ആയുര്‍വേദ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. ആര്. കൃഷ്ണ കുമാര്‍ അറിയിച്ചു. നിലവില്‍ സന്നിധാനത്തെ കടകള്‍ക്കും മറ്റുമായി പുകയ്ക്കാനായി അപരാജിത ധൂപചൂര്‍ണ്ണം വിതരണം ചെയ്യുന്നുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍, തൃശൂര്‍ ജില്ലയില്‍ മൈക്രോബയോളജിസ്റ്റിന്റെയും മറ്റ് വിദഗ്ധരുടെയും നേതൃത്വത്തില്‍ ഭാരതീയ ചികിത്സാവകുപ്പ് നടത്തിയ പഠനത്തില്‍ അപരാജിത ധൂപചൂര്‍ണ്ണം തുടര്‍ച്ചയായ ദിവസങ്ങളില്‍ പുകയ്ക്കുന്നതിലൂടെ 90 ശതമാനത്തിലേറെ സൂക്ഷ്മ രോഗാണുക്കളുടെ സാന്നിധ്യം കുറഞ്ഞതായി കണ്ടെത്തിയിരുന്നതായി വിദഗ്ദ്ധര്‍ പറയുന്നു.
അപരാജിത ധൂപചൂര്‍ണ്ണത്തില്‍ ഗുല്ഗുലു, നാന്മുഖപുല്ല്, വയമ്പ്്, ചെഞ്ചല്യം, വേപ്പിന്‍തൊലി, എരുക്ക്, അകില്, ദേവദാരു എന്നീ എട്ടു തരം മരുന്നുകളാണ് ഉപയോഗിക്കുന്നത്. ഷഡംഗം കഷായ ചൂര്‍ണ്ണത്തില്‍ മുത്തങ്ങ, ചന്ദനം, ചുക്ക്, ഇരിവേലി, പര്‍പ്പടകപ്പുല്ല്, രാമച്ചം എന്നിവയാണ് ചേരുവകള്‍. അമൃത്, പതിമുഖം, രാമച്ചം, ആര്യവേപ്പ്, കൊത്തമല്ലി എന്നിവ ചേര്‍ത്തുണ്ടാക്കിയ ഗുളൂച്യാദി കഷായ ചൂര്‍ണ്ണവും സന്നിധാനത്തെ ഔഷധ കുടിവെള്ളത്തിനായി ഉപയോഗിക്കുണ്ട്. ഇവയെല്ലാം രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഉത്തമമാണ്.
ദേവസ്വം ബോര്‍ഡിന്റെ കുടിവെള്ള വിതരണത്തിന് പുറമെ അയ്യപ്പ സേവാ സമാജത്തിന്റെ കുടിവെള്ള വിതരണത്തിനും ഇവ നല്‍കും. ഇവയെല്ലാം സംസ്ഥാന സര്‍ക്കാറിന് കീഴിലെ ഔഷധി മെഡിക്കല്‍ സ്റ്റോറുകളില്‍ എല്ലായിടത്തും ലഭ്യമാണ്.