തളങ്കര: സംശുദ്ധമായ ജീവിതം നയിക്കാനുള്ള പോരാട്ടം ആയിരിക്കണം യഥാര്‍ത്ഥ ലഹരി എന്നും ആ ലഹരിയെ ആസ്വദിക്കാന്‍ കഴിയണമെന്നും സിനിമാതാരം ആസിഫലി.
ലഹരിക്കെതിരെ നടക്കുന്ന ഓപ്പറേഷന് ക്ലീന്‍ പദ്ധതിയുടെ ഭാഗമായി കാസര്‍കോട് ജനമൈത്രി പൊലീസിന്റെ നേതൃത്വത്തില്‍ തളങ്കര ഗവ. മുസ്ലീം ഹൈസ്കൂളില്‍ സംഘടിപ്പിച്ച ‘യോദ്ധാവ്’ ബോധവല്‍ക്കരണ പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മയക്കുമരുന്ന് മാഫിയയുടെ കടന്നുകയറ്റം അതിരൂക്ഷമായ സാഹചര്യത്തില്‍ ഇതിനെതിരെ എല്ലാ മേഖലകളിലും പോരാട്ടം ശക്തമാകണമെന്നും ആസിഫലി പറഞ്ഞു.
നമ്മെ ഒരുപാട് പ്രതീക്ഷയോടെ നോക്കി നില്ക്കുന്ന ഒരു കുടുംബം നമുക്കെല്ലാവര്‍ക്കും ഉണ്ട്. അവരുടെ പ്രതീക്ഷകള്‍ ഒരിക്കലും തകര്‍ത്തെറിയാന്‍ പാടില്ലെന്നും വിദ്യാര്‍ത്ഥികള്‍ മയക്കുമരുന്ന് മാഫിയക്കെതിരെ യോദ്ധാവായി നിലകൊള്ളണമെന്നും ആസിഫലി പറഞ്ഞു. സിനിമകളെ ഒരു എന്റര്‍ടെയ്മെന്റ് എന്ന നിലയില്‍ മാത്രം കണ്ടാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഡീഷണല്‍ പൊലീസ് സൂപ്രണ്ട് പി.കെ രാജു ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്മാന് വി.എം. മുനീര്‍ അധ്യക്ഷത വഹിച്ചു.കാസര്‍കോട് ടൗണ്‍ സി.ഐ പി. അജിത് കുമാര്‍ സ്വാഗതം പറഞ്ഞു.
കാസര്‍കോട് ഡി.വൈ.എസ്.പി വി.വി. മനോജ്, നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി എം.എം മാത്യു, മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി ജനറല്‍ സെക്രട്ടറി എ. അബ്ദുറഹ്മാന്, പള്ളി ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി, ദഖീറത്തുല്‍ ഉഖ്റാ സംഘം ജനറല്‍ സെക്രട്ടറി ടി.എ ഷാഫി, ബഷീര്‍ വോളിബോള്‍, കെ.എം. ബഷീര്‍, നഗരസഭാ കൗണ്‍സിലര്‍മാരായ സക്കരിയ എം.എസ്, സഫിയ മൊയ്തീന്, സിദ്ദീഖ് ചക്കര, ഇഖ്ബാല്‍ ബാങ്കോട്, ഹാഫില ബഷീര്‍, സുമയ്യ മൊയ്തീന് സംസാരിച്ചു. സഹീര്‍ ആസിഫ് നന്ദി പറഞ്ഞു. തുടര്‍ന്ന് അരങ്ങേറിയ കേരള പൊലീസ് ടീം കാസര്‍കോട് ഘടകം അവതരിപ്പിച്ച ലഹരി വിരുദ്ധ നാടകം ‘മാജിക് മുട്ടായി’ ലഹരി മാഫിയക്കെതിരെയുള്ള ചാട്ടുളിയായി.