ആനിശിവ: അതിജീവനത്തിന്റെ ആള്‍രൂപം

ഡിഗ്രിക്ക് പഠിക്കുമ്പോള്‍ പ്രണയിച്ചയാളെ വിവാഹം കഴിക്കുക, മകളില്‍ വലിയ സ്വപ്‌നം കണ്ടിരുന്ന അച്ഛനും അമ്മയുമടക്കമുള്ള കുടുംബം അവരെ പുറത്താക്കുക, മധുവിധുവിന്റെ രസം കഴിയുന്നതിന്റെ മുമ്പേ പ്രണയിച്ചയാള്‍ ഒഴിവാക്കുക, വീട്ടുകാര്‍ ക്ഷമിക്കുമെന്ന് കരുതി സ്വന്തം വീട്ടിലേക്ക് മടങ്ങുക, യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ കുടുംബക്കാര്‍ ആട്ടിയകറ്റുക. കൂട്ടത്തില്‍ അച്ഛന്റെയൊരു ഡയലോഗും; 'അവള്‍ ജീവിച്ചു കാണിക്കട്ടേ'. കൈ കുഞ്ഞുമായി അവര്‍ ആടിത്തീര്‍ക്കാത്ത നാടകമില്ല. മുത്തശ്ശിയുടെ വീടിനോട് ചേര്‍ന്നുള്ള ചെരുവില്‍ കൈക്കുഞ്ഞുമായി കഴിയുക. തന്റെ തങ്കക്കുടത്തെ ഒക്കത്തിരുത്തി അവള്‍ ചെയ്ത ജോലി കേട്ടാല്‍ തരിച്ചു […]

ഡിഗ്രിക്ക് പഠിക്കുമ്പോള്‍ പ്രണയിച്ചയാളെ വിവാഹം കഴിക്കുക, മകളില്‍ വലിയ സ്വപ്‌നം കണ്ടിരുന്ന അച്ഛനും അമ്മയുമടക്കമുള്ള കുടുംബം അവരെ പുറത്താക്കുക, മധുവിധുവിന്റെ രസം കഴിയുന്നതിന്റെ മുമ്പേ പ്രണയിച്ചയാള്‍ ഒഴിവാക്കുക, വീട്ടുകാര്‍ ക്ഷമിക്കുമെന്ന് കരുതി സ്വന്തം വീട്ടിലേക്ക് മടങ്ങുക, യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ കുടുംബക്കാര്‍ ആട്ടിയകറ്റുക. കൂട്ടത്തില്‍ അച്ഛന്റെയൊരു ഡയലോഗും; 'അവള്‍ ജീവിച്ചു കാണിക്കട്ടേ'.
കൈ കുഞ്ഞുമായി അവര്‍ ആടിത്തീര്‍ക്കാത്ത നാടകമില്ല. മുത്തശ്ശിയുടെ വീടിനോട് ചേര്‍ന്നുള്ള ചെരുവില്‍ കൈക്കുഞ്ഞുമായി കഴിയുക. തന്റെ തങ്കക്കുടത്തെ ഒക്കത്തിരുത്തി അവള്‍ ചെയ്ത ജോലി കേട്ടാല്‍ തരിച്ചു പോകും. കറിപൗഡറുകളും സോപ്പുകളും വീടുകളില്‍ കൊണ്ടുപോയി കച്ചവടം നടത്തി, ഇന്‍ഷൂറന്‍സ് ഏജന്റായി. വിദ്യാര്‍ത്ഥികള്‍ക്ക് റെക്കോര്‍ഡ് പ്രൊജക്ടും തയ്യാറാക്കിക്കൊടുത്തു, സാധനം വീടുകളിലേക്ക് എത്തിച്ചു ഡോര്‍ ടു ഡോര്‍ ഡെലിവറി നടത്തി. ഉത്സവത്തിന് നാരങ്ങവെള്ളവും ഐസ്‌ക്രീമും വിറ്റു.
ഇതിനിടയിലും ഒരിക്കലും പൂര്‍ത്തിയാകില്ലെന്ന് കരുതിയ, തന്റെ സ്വപ്‌നമായിരുന്ന ഡിഗ്രി പഠനം പൂര്‍ത്തിയാക്കി. ചുറ്റുപാടിലെ നോട്ടങ്ങളില്‍ നിന്നും രക്ഷ നേടാന്‍ അവള്‍ ആണ്‍കുട്ടികളെ പോലെ മുടിമുറിച്ചു.
മകന്‍ ശിവസൂര്യയുടെ 'അപ്പനാ'യി. ആത്മഹത്യ ചെയ്യാന്‍ പോലും ആഗ്രഹിച്ചു ആനിശിവ എന്ന ആ പെണ്‍കുട്ടി.
അവരുടെ വാക്കുകള്‍ കടമെടുത്ത് പറഞ്ഞാല്‍ 'ഭ്രാന്തു വരാതെ പിടിച്ചു നില്‍ക്കാന്‍ പെടാപാടുപ്പെട്ടു.' ഒടുവില്‍ അവര്‍ തിരിച്ചെത്തിയിരിക്കുന്നു. തന്നെ തിരസ്‌ക്കരിച്ചവരുടെ നടുവിലേക്ക് വിജിഗീഷുവായി, താന്‍ നാരങ്ങ വെള്ളം വിറ്റ ആ പ്രദേശത്തിന്റെ സബ് ഇന്‍സ്‌പെക്ടറായി...  ഐ.പി.എസ്സുകാരിയായി കാണാന്‍ ആഗ്രഹിച്ച അച്ഛന്റെ ആഗഹത്തോടടുത്തുള്ള ഒരു പോസ്റ്റിലേക്ക്.
അവള്‍ മടങ്ങി വന്നത് ആയിരങ്ങളുടെ മനസ്സിലേക്ക് പ്രതീക്ഷയുടെ തിരിവെട്ടം തെളിയിച്ചാണ്. ആനിശിവ പറഞ്ഞതുപോലെ കടന്നുവന്ന ഇന്നലെകളോട് ഇതിലപ്പുറം എന്തു പ്രതികാരമാണ് ചെയ്യാനാവുക.
ആനിശിവ ഒരു പ്രതീകമാണ്. സ്വപ്‌നത്തിലേക്കുള്ള ദൂരം അത്ര അകലെയല്ല എന്ന നല്ലൊരു സാക്ഷാല്‍കാരത്തിന്റെപ്രതീകം.  തോല്‍ക്കാന്‍ മനസ്സില്ലെന്ന ഒരു നിശ്ചയദാര്‍ഢ്യം ഉണ്ടോ നമുക്ക്? എങ്കില്‍ വിജയിക്കാം. ഉയരാം ലോകത്തോളം. സാധാരണ മോട്ടിവേഷന്‍ ക്ലാസുകളില്‍ പ്രചോദനാത്മകമായ പല കഥകളും കേള്‍ക്കാറുണ്ട്. അത് പലപ്പോഴും പാശ്ചാത്യരാജ്യങ്ങളില്‍ ഉള്ളവരുടേതായിരിക്കും. എന്നാല്‍ നമ്മുടെ കണ്‍വെട്ടത്തെ ഒരു പെണ്‍കുട്ടി അസാധാരണമായ ഇച്ഛാശക്തിയോടെ നേടിയെടുത്ത ഈ നേട്ടം കേവല പരാജയങ്ങളില്‍ പെട്ടു തകരുന്നവര്‍ക്ക് ആത്മവിശ്വാസം പകരുന്നതാണ്. ആനിശിവയുടെ ഈ നേട്ടത്തിന് പിന്നില്‍ പല ഘടകങ്ങളും പ്രവര്‍ത്തിച്ചിരുന്നതായി കാണാം. അതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് അവരുടെ നിശ്ചയദാര്‍ഢ്യമാണ്. മറ്റേതൊരു പെണ്‍കുട്ടിയേയും പോലെ ഒരു നല്ല ഭാവി സ്വപ്‌നം കണ്ടു കൊണ്ടാണ് അവര്‍ക്കിഷ്ടപ്പെട്ട, അവരെ ഇഷ്ടപ്പെട്ട ഒരു യുവാവുമായി അവര്‍ പ്രേമത്തിലാകുന്നതും തന്റെ എല്ലാമെല്ലാമായ കുടുംബക്കാരെ പോലും ധിക്കരിച്ച് അവനോടൊപ്പം ജീവിതമാരംഭിക്കുന്നതും. തന്റെ ജീവിതാവസാനം വരെ സുഖത്തിലും ദുഃഖത്തിലും ഒന്നിച്ചുണ്ടാകുമെന്നും തന്റെ ആവശ്യങ്ങളെ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നുമുള്ള ഉറപ്പോടെ ആയിരിക്കണം അവരുടെ പ്രയാണം. പക്ഷേ എത്ര പെട്ടെന്നാണ് കാറ്റിന്റെ ഗതി മാറിമറിഞ്ഞത്. തന്റെ ഉദരത്തിലുള്ള കുഞ്ഞിനെ സ്‌നേഹിച്ചും കൊഞ്ചിച്ചും നല്ലൊരു സ്വപ്‌നം കണ്ട അവരുടെ ജീവിതയാത്ര എത്ര പെട്ടെന്നാണ് തകര്‍ന്നു തരിപ്പണമായത്. ജീവിതത്തില്‍ നല്ലതുമാത്രം ആഗ്രഹിച്ച അവരുടെ ജീവിതത്തില്‍ നിന്നും താന്‍ സ്‌നേഹിക്കപ്പെട്ടവന്‍ പടിയിറങ്ങിപ്പോയത് എത്ര പെട്ടെന്നാണ്.
തന്റെ കുഞ്ഞിന്റെ ഭാവിയോര്‍ത്ത് തന്നെ ആട്ടിയോടിക്കപ്പെട്ട വീട്ടിലേക്കു അവര്‍ തിരിച്ചെത്തുന്നു. പക്ഷേ തന്റെ മകളെ സ്വീകരിക്കാനുള്ള മനസ് ഉണ്ടായിരുന്നില്ല ആ മാതാപിതാക്കള്‍ക്ക്.ഈ അവഗണനയും സഹിച്ചു അവര്‍ മുന്നേറുക തന്നെയായിരുന്നു. ഒന്നുമറിയാതെ ജീവിക്കുന്ന തന്റെ മകനെ സംരക്ഷിക്കുകയും അവന്റെ ഭാവി സുരക്ഷിതമാക്കുകയും ചെയ്യുക എന്ന ചെറിയ ലക്ഷ്യത്തോടെയാണ് അവര്‍ ജീവിതം മുന്നോട്ടു കൊണ്ടുപോയത്. അപ്പോഴും ജീവിതത്തില്‍ ഒരു കൃത്യമായ ലക്ഷ്യം അവര്‍ക്കുണ്ടായിരുന്നില്ല എന്ന് മനസ്സിലാക്കാം. അവരുടെ ഉള്ളില്‍ ഒരു കനല്‍ ഇപ്പോഴും ബാക്കി ഉണ്ടെന്നറിഞ്ഞ സുഹൃത്തിന്റെ നിര്‍ബന്ധത്തിനു മുന്നിലാണ് ആനി ശിവ 2014ല്‍ വനിതകളുടെ എസ്.ഐ പരീക്ഷയെഴുതുന്നത്. കേവലമൊരു പരീക്ഷ ആയിരുന്നില്ല അന്ന് എഴുതിയത്. ജീവിതത്തിന്റെ ഇന്നലകളില്‍ തനിക്കെതിരെ നിന്നവരോടുള്ള ഒരുതരം പ്രതികാരത്തോടെയായിരുന്നു അവര്‍ പരീക്ഷയെ അഭിമുഖീകരിച്ചത്. പരീക്ഷ എഴുതുന്നതിനു വേണ്ടി അവര്‍ സഹിച്ച ത്യാഗം സര്‍വ്വ സുഖങ്ങളുമുണ്ടായിട്ടും ഒന്നുംനേടാതെ ജീവിതം വെറുതെ തള്ളിനീക്കുന്ന ജീവിതങ്ങള്‍ക്കുള്ള പാഠമാണ്. കൈക്കുഞ്ഞിനെ നോക്കണം. വീട്ടു വാടക കൊടുക്കണം. അഷ്ടിക്ക് വേണ്ടി പണിയെടുക്കണം, അതിനിടയില്‍ കഴുകക്കണ്ണുകളോടെ തന്റെ മേനിയില്‍ ദര്‍ശിക്കുന്നവരുടെ കണ്ണില്‍ നിന്ന് മാറി നിന്ന് തടി രക്ഷിക്കണം.
യഥാര്‍ത്ഥത്തില്‍ അവര്‍ ജീവിതം ആസ്വദിക്കുകയായിരുന്നില്ല അനുഭവിക്കുകയായിരുന്നു. പരിശീലന നാളുകളില്‍ അവര്‍ തീര്‍ത്ത പ്രയാസങ്ങളുടെ കണക്ക് അവരുടെ വിരല്‍ തുമ്പ് കൊണ്ട് തന്നെ നാം അറിഞ്ഞതാണ്.
ഒരു ലക്ഷ്യവും ആ ലക്ഷ്യത്തിലേക്ക് എത്താന്‍ സമര്‍പ്പിതമായ മനസ്സും അതിനു വേണ്ടി കഠിനാധ്വാനം ചെയ്യാനുള്ള ആര്‍ജ്ജവവുമുണ്ടായാല്‍ വിജയം അതിന്റെ വഴിക്ക് വന്നുകൊള്ളുമെന്ന പാഠവും നമുക്ക് ഇതില്‍നിന്ന് ഇന്ന് ദര്‍ശിക്കാം.
ആനി ശിവയുടെ വിജയത്തിന്റെ മറ്റൊരു കാരണമായി കണ്ടെത്താവുന്നത് തന്റെ കഴിവും കഴിവുകേടും അവര്‍ കണ്ടെത്തി എന്നതാണ്. മറ്റുള്ളവരുടെ നിര്‍ബന്ധത്തിനു വഴങ്ങി പഠിക്കുന്നതിനേക്കാള്‍ തനിക്കുവേണ്ടി അവര്‍ പഠിച്ചു എന്നുള്ളതാണ് വിജയ വഴി കണ്ടെത്താന്‍ അവര്‍ക്ക് തുണയായത്. സാധാരണ പി.എസ്.സി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ അല്ലെങ്കില്‍ ഉന്നത വിദ്യാഭ്യാസം നേടുന്ന വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നത് അവര്‍ക്ക് വേണ്ടിയാണോ അതല്ല അവരുടെ അച്ഛനമ്മമാര്‍ക്ക് വേണ്ടിയാണോ എന്ന് സംശയിച്ചു പോകും. സ്വന്തത്തിനുവേണ്ടി പഠിക്കുന്നതും മറ്റുള്ളവര്‍ക്ക് വേണ്ടി പഠിക്കുന്നതും രണ്ടും രണ്ടു തന്നെയാണ്. സ്വന്തത്തിനു വേണ്ടി പഠിക്കുന്നതിന്റെ ത്രില്ല് ഒന്നു വേറെ തന്നെയാണ്.സ്വന്തം കഴിവുകളെക്കുറിച്ച് ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കുക എന്ന ദൗത്യമാണ് അവര്‍ ആദ്യം ആര്‍ജ്ജിക്കേണ്ടത്. ആത്മവിശ്വാസത്തോടെയുള്ള കഠിനപ്രയത്‌നത്തിലൂടെ ഏതു പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാക്കാന്‍ കഴിയുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ആനിശിവയിലൂടെ കാണാന്‍ കഴിയുന്നത്.
ആനിശിവ ഒരു പ്രതീകമാണ്. നിശ്ചയദാര്‍ഢ്യവും ആത്മബലവും ഉണ്ടെങ്കില്‍ ഏതു കാര്യവും വിജയിപ്പിച്ചെടുക്കാന്‍ കഴിയുമെന്ന ദൃഢ വിശ്വാസത്തിന്റെ പേരായി അവര്‍ മാറിക്കഴിഞ്ഞു. ഈ വിവരം പങ്കു വെച്ച് അവര്‍ പൊതുസമൂഹത്തോട് സംവദിച്ച ആ ശൈലി തന്നെ മതി അവര്‍ എവിടെ എത്തി എന്നു തെളിയിക്കാന്‍. താന്‍ ഐസ്‌ക്രീമും നാരങ്ങ വെള്ളവും വിറ്റ ആ മണ്ണില്‍ നിന്ന് അവര്‍ പറഞ്ഞത് ഇങ്ങനെയാണ്. ഇതിലും വലുതായി എനിക്ക് എങ്ങനെയാണ് എന്റെ ഇന്നലെകളോട് റിവെഞ്ച് ചെയ്യുക. അതെ ജീവിതത്തില്‍ ഇത്രയും മനോഹരമായി പ്രതികാരം ചെയ്യാന്‍ സാധിക്കുന്ന അപൂര്‍വ്വം വ്യക്തികളില്‍ പെട്ട ആളായി അവര്‍ മാറുന്നത് അതുകൊണ്ട് കൂടിയാണ്.
ഒരു വാക്കുകൊണ്ട് ജീവിതം തന്നെ അവസാനിപ്പിക്കുന്ന കേരളീയ സമൂഹത്തിലെ യുവതി യുവാക്കള്‍ക്ക്അവര്‍ ഒരു പാഠമാണ്. ലോകം കീഴടക്കാന്‍ മാത്രം കഴിവും പ്രാപ്തിയും ഉള്ള പലരും ആത്മവിശ്വാസക്കുറവും നിശ്ചയദാര്‍ഢ്യവും ഇല്ലാതെ താന്‍ എന്താണ് ചെയ്യുന്നത് എന്ന് പോലും നിശ്ചയമില്ലാതെ നടക്കുന്നവര്‍ക്കുള്ള ഒരു ഉത്തമ പാഠം. ഇന്നലെയല്ല എന്നെ നടത്തേണ്ടതെന്നും നാളെയെ കണ്ടു കൊണ്ട് ഇന്നു ചെയ്യുന്ന പ്രവര്‍ത്തിയാണ് ഏറ്റവും അഭികാമ്യവുമെന്ന് തിരിച്ചറിയാനുള്ള ആ പാഠമാണ് സമൂഹത്തിന് ആവശ്യം.

Related Articles
Next Story
Share it