മൂന്ന് തലമുറയുടെ വഴികാട്ടി; വിട പറഞ്ഞത് മലയോരത്തിന്റെ രാഷ്ട്രീയ ഗുരുനാഥന്‍

കുറ്റിക്കോല്‍: മൂന്ന് പതിറ്റാണ്ടിലേറെ കാലയളവില്‍ മൂന്ന് തലമുറയില്‍പെട്ടവര്‍ക്ക് അക്ഷരജ്ഞാനം പകര്‍ന്ന് നല്‍കിയ മലയോരത്തിന്റെ ഗുരുനാഥന്‍ സി.വി. അനന്തന്‍ മാസ്റ്റര്‍ (88)ക്ക് വിട. മുന്നാട് എ.യു.പി. സ്‌കൂളില്‍ ദീര്‍ഘകാലം അധ്യാപകനായും പ്രധാനാധ്യാപകനായും പ്രവര്‍ത്തിച്ച അനന്തന്‍ മാഷ് ജോലിയോടൊപ്പം രാഷ്ട്രീയ പ്രവര്‍ത്തനവും ജീവിതചര്യയാക്കുകയായിരുന്നു. കുറ്റിക്കോല്‍ എ.യു.പി. സ്‌കൂളിലെ ആദ്യത്തെ അധ്യാപകനായി ജോലിയില്‍ കയറിയ അദ്ദേഹം അധ്യാപക പരിശീലനത്തിന് ശേഷം മുന്നാട് എ.യു.പി. സ്‌കൂളിലെത്തി. തുടര്‍ന്ന് അധ്യാപനത്തോടൊപ്പം കര്‍ഷക സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. ജന്മിത്തവും അയിത്തവും സജീവമായിരുന്ന നാളുകളില്‍ അതിനെതിരെ കര്‍ശന […]

കുറ്റിക്കോല്‍: മൂന്ന് പതിറ്റാണ്ടിലേറെ കാലയളവില്‍ മൂന്ന് തലമുറയില്‍പെട്ടവര്‍ക്ക് അക്ഷരജ്ഞാനം പകര്‍ന്ന് നല്‍കിയ മലയോരത്തിന്റെ ഗുരുനാഥന്‍ സി.വി. അനന്തന്‍ മാസ്റ്റര്‍ (88)ക്ക് വിട. മുന്നാട് എ.യു.പി. സ്‌കൂളില്‍ ദീര്‍ഘകാലം അധ്യാപകനായും പ്രധാനാധ്യാപകനായും പ്രവര്‍ത്തിച്ച അനന്തന്‍ മാഷ് ജോലിയോടൊപ്പം രാഷ്ട്രീയ പ്രവര്‍ത്തനവും ജീവിതചര്യയാക്കുകയായിരുന്നു. കുറ്റിക്കോല്‍ എ.യു.പി. സ്‌കൂളിലെ ആദ്യത്തെ അധ്യാപകനായി ജോലിയില്‍ കയറിയ അദ്ദേഹം അധ്യാപക പരിശീലനത്തിന് ശേഷം മുന്നാട് എ.യു.പി. സ്‌കൂളിലെത്തി. തുടര്‍ന്ന് അധ്യാപനത്തോടൊപ്പം കര്‍ഷക സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. ജന്മിത്തവും അയിത്തവും സജീവമായിരുന്ന നാളുകളില്‍ അതിനെതിരെ കര്‍ശന നിലപാടുമായി രംഗത്ത് വന്നു. രാഷ്ട്രീയ എതിരാളികളുടെയും പൊലീസിന്റെയും മര്‍ദ്ദനങ്ങള്‍ക്ക് വിധേയമായി. നിരന്തരം സമരങ്ങളില്‍ പങ്കെടുത്ത് കേസുകളില്‍ പ്രതിയായതോടെ ഒരു ഘട്ടത്തില്‍ അദ്ദേഹത്തിന്റെ അധ്യാപക ജോലി നഷ്ടമായി. കാസര്‍കോട് താലൂക്കില്‍ കര്‍ഷക-കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നേതൃത്വം നല്‍കി. 1980ല്‍ കാസര്‍കോട് മണ്ഡലത്തില്‍ എ.കെ.ജി. സ്ഥാനാര്‍ത്ഥിയായപ്പോള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുഖ്യ ചുമതലക്കാരനായി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ആദ്യം സി.പി.എമ്മിന്റ കൂടെ പ്രവര്‍ത്തിച്ചെങ്കിലും പിന്നീട് സി.പി.ഐയില്‍ ചേര്‍ന്നു. ജോലിയില്‍ നിന്ന് വിരമിച്ചതിനുശേഷവും വലിയ ശിഷ്യബന്ധത്തിനുടമയായിരുന്നു അനന്തന്‍ മാഷ്. ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്തിരുന്ന അദ്ദേഹം ബ്ലീറ്റ്‌സ് അടക്കമുള്ള രാജ്യാന്തര പ്രസിദ്ധീകരണങ്ങള്‍ വരുത്തിവായിച്ചിരുന്നു. കുറ്റിക്കോലിലെ ദീര്‍ഘകാലത്തെ ജീവിതത്തിന് ശേഷം പത്തുവര്‍ഷമായി പെരിയ ചാലിങ്കാലിലായിരുന്നു താമസം. സി.പി.ഐയുടെ രാവണീശ്വരം ബ്രാഞ്ചംഗമായും സീനിയര്‍ സിറ്റിസണ്‍ ഫോറം പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചുവരികയായിരുന്നു. മുന്നാട് എ.യു.പി സ്‌കൂളിലെ റിട്ട. അധ്യാപിക പി. യശോദയാണ് ഭാര്യ. മക്കള്‍: ഡോ. പി. ശൈലജ (തൃശൂര്‍), പി.വി. പ്രീത (അധ്യാപിക), പി. ശ്രീലത (സെക്രട്ടറി വനിതാ സര്‍വീസ് സഹകരണ സംഘം ചാലിങ്കാല്‍), മരുമക്കള്‍: ഡോ. ജയരാജ് (ഗവ.മെഡിക്കല്‍ കോളേജ് പാലക്കാട്), സി.വി. ദാമോദരന്‍ (ചീമേനി), വി. ഭാസ്‌ക്കരന്‍ (ചാലിങ്കാല്‍).

Related Articles
Next Story
Share it