സത്യം എന്ന വാക്ക് നിര്‍മ്മിച്ച ആത്മകഥ
എന്തും നേരിട്ട് കാണുന്ന ആളാണ് സാക്ഷി. എന്തും നേരിട്ട് കേള്‍ക്കുന്ന ആള്‍ കൂടിയാണ് സാക്ഷി. നിയമത്തിന് മുന്നില്‍ പ്രതിക്കോ വാദിക്കോ വേണ്ടി ഹാജരായി തെളിവ് നല്‍കുന്നയാളും സാക്ഷിയാണ്. എന്നാല്‍ ഇവിടെ ഒരു സാക്ഷി തന്റെ സംഭവബഹുലമായ ജീവിതത്തെ തന്നെ നേരിട്ട് കാണിക്കുകയും കേള്‍പ്പിക്കുകയും അതിനായുള്ള തെളിവുകള്‍ നിരത്തുകയും ചെയ്ത് വായനക്കാരനെ സാമൂഹ്യ സാക്ഷരതയുടെ ഉച്ചിയില്‍ കൊണ്ടു ചെന്നെത്തിച്ച് സാക്ഷ്യപ്പെടുത്തുകയാണ്, ചില മറവികളാണ് ഓര്‍മ്മകളെ പൂര്‍ണ്ണമാക്കുന്നതെന്ന്. അത് മറ്റാരുമല്ല. ഞാന്‍ സാക്ഷി എന്ന ആത്മകഥയെഴുതിയ കാസര്‍കോട് ചൗക്കി സ്വദേശിയായ […]
എന്തും നേരിട്ട് കാണുന്ന ആളാണ് സാക്ഷി. എന്തും നേരിട്ട് കേള്‍ക്കുന്ന ആള്‍ കൂടിയാണ് സാക്ഷി. നിയമത്തിന് മുന്നില്‍ പ്രതിക്കോ വാദിക്കോ വേണ്ടി ഹാജരായി തെളിവ് നല്‍കുന്നയാളും സാക്ഷിയാണ്. എന്നാല്‍ ഇവിടെ ഒരു സാക്ഷി തന്റെ സംഭവബഹുലമായ ജീവിതത്തെ തന്നെ നേരിട്ട് കാണിക്കുകയും കേള്‍പ്പിക്കുകയും അതിനായുള്ള തെളിവുകള്‍ നിരത്തുകയും ചെയ്ത് വായനക്കാരനെ സാമൂഹ്യ സാക്ഷരതയുടെ ഉച്ചിയില്‍ കൊണ്ടു ചെന്നെത്തിച്ച് സാക്ഷ്യപ്പെടുത്തുകയാണ്, ചില മറവികളാണ് ഓര്‍മ്മകളെ പൂര്‍ണ്ണമാക്കുന്നതെന്ന്. അത് മറ്റാരുമല്ല. ഞാന്‍ സാക്ഷി എന്ന ആത്മകഥയെഴുതിയ കാസര്‍കോട് ചൗക്കി സ്വദേശിയായ […]
![സത്യം എന്ന വാക്ക് നിര്‍മ്മിച്ച ആത്മകഥ സത്യം എന്ന വാക്ക് നിര്‍മ്മിച്ച ആത്മകഥ](https://utharadesam.com/wp-content/uploads/2023/03/nhan-sakshi-1.jpg)
എന്തും നേരിട്ട് കാണുന്ന ആളാണ് സാക്ഷി. എന്തും നേരിട്ട് കേള്‍ക്കുന്ന ആള്‍ കൂടിയാണ് സാക്ഷി. നിയമത്തിന് മുന്നില്‍ പ്രതിക്കോ വാദിക്കോ വേണ്ടി ഹാജരായി തെളിവ് നല്‍കുന്നയാളും സാക്ഷിയാണ്. എന്നാല്‍ ഇവിടെ ഒരു സാക്ഷി തന്റെ സംഭവബഹുലമായ ജീവിതത്തെ തന്നെ നേരിട്ട് കാണിക്കുകയും കേള്‍പ്പിക്കുകയും അതിനായുള്ള തെളിവുകള്‍ നിരത്തുകയും ചെയ്ത് വായനക്കാരനെ സാമൂഹ്യ സാക്ഷരതയുടെ ഉച്ചിയില്‍ കൊണ്ടു ചെന്നെത്തിച്ച് സാക്ഷ്യപ്പെടുത്തുകയാണ്, ചില മറവികളാണ് ഓര്‍മ്മകളെ പൂര്‍ണ്ണമാക്കുന്നതെന്ന്. അത് മറ്റാരുമല്ല. ഞാന്‍ സാക്ഷി എന്ന ആത്മകഥയെഴുതിയ കാസര്‍കോട് ചൗക്കി സ്വദേശിയായ പ്രൊഫ. കെ.കെ. അബ്ദുല്‍ഗഫാറാണ്.
നാട്ടിലും മറുനാട്ടിലും ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിച്ച പ്രൊഫസര്‍ അബ്ദുല്‍ ഗഫാര്‍ എട്ടര പതിറ്റാണ്ടുകാലത്തെ ജീവിത പുസ്തകം എത്ര മെലിഞ്ഞാലും ചേതമില്ലെന്ന മട്ടിലാണ് ആരംഭിക്കുന്നതെങ്കിലും ഈ ആത്മകഥയുടെ വായനയില്‍ അനുവാചകന്‍ ചെന്നെത്തുന്നത് എവിടെയും ശോഷിച്ച് പോകാത്ത ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളിലേക്കാണ്. അതുകൊണ്ട് തന്നെ ആത്മരതി ഒട്ടുമില്ലാത്ത ഈ ആത്മകഥ വേറിട്ട അനുഭവം തന്നെയാണ്. ഏതൊരു കാസര്‍കോട്ടുകാരനും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ഒരു പുസ്തകം.
ഓര്‍മ്മകളുടെ കിളിവാതില്‍ തുറന്ന ആദ്യ അധ്യായത്തില്‍ തന്നെ ഈയ്യിടെ അന്തരിച്ച പ്രശസ്ത കന്നഡ എഴുത്തുകാരി കാസര്‍കോടിന്റെ പ്രിയങ്കരി സാറാ അബൂബക്കര്‍ ഇദ്ദേഹം പഠിച്ച കാസര്‍കോട്ടെ ബി.ഇ.എം ഹൈസ്‌കൂളിലേക്ക് നടന്നുവരുന്നത് വിവരിച്ചാണ് മുസ്ലീം പെണ്‍കുട്ടികളുടെ പഴയകാലത്തെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ചൂണ്ടുപലകയൊരുക്കുന്നത്. സാറാ അബൂബക്കര്‍ സ്‌കൂളില്‍ അബ്ദുല്‍ ഗഫാറിന്റെ ജൂനിയറായിരുന്നു. മുസ്ലീം പെണ്‍കുട്ടികള്‍ സ്‌കൂളില്‍ ചെന്ന് പഠിക്കാന്‍ മടികാണിക്കുകയും രക്ഷിതാക്കള്‍ അവരെ സ്‌കൂളിലേക്ക് അയക്കാന്‍ താത്പര്യം കാണിക്കാതിരിക്കുകയും ചെയ്ത കാലത്ത് ഫോര്‍ട്ട് റോഡിലെ വീട്ടില്‍ നിന്ന് സാറ എന്ന മുസ്ലീം പെണ്‍കുട്ടി ഒറ്റയ്ക്ക് നഗരത്തിലെ സ്‌കൂളില്‍ പഠിക്കാനായി വന്ന കാലത്ത് സാറയുടെ സ്‌കൂള്‍ പ്രവേശനം ചര്‍ച്ചാവിഷയമായിരുന്നുവെന്ന് ആദ്യ അധ്യായത്തില്‍ തന്നെ ഗ്രന്ഥകര്‍ത്താവ് സാക്ഷ്യപ്പെടുത്തുന്നു. 1965ലെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധത്തില്‍ ഫ്രണ്ട് ക്യാപ്റ്റനായി ഇന്ത്യയെ നയിച്ച സാറയുടെ സഹോദരന്‍ ലഫ്. മുഹമ്മദ് ഹാഷിമിനെക്കുറിച്ചുള്ള വിവരണം; ചരിത്രത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. രാജ്യത്തിന് വേണ്ടി വീരചരമം പ്രാപിച്ച ധീര സൈനികന്‍ മുഹമ്മദ് ഹാഷിമിന്റെ കഥ മറ്റേതോ പുസ്തകത്തില്‍ നിന്നെന്ന പോലെയാണ് വായനക്കാരന്റെ ഹൃദയത്തിലേക്ക് തുളച്ച് കയറുന്നത്. ആത്മകഥയിലെ ഒരധ്യായമാണ് അതെന്ന് തോന്നാത്തവിധമാണ് ഗ്രന്ഥകര്‍ത്താവ് തന്റെ നാടിന്റെ ദേശഭക്തിയുടെ വീരചരിതത്തിന്റെ എഴുത്ത് നിര്‍വ്വഹിച്ചിരിക്കുന്നത്. ഓര്‍മ്മകള്‍ സ്‌കൂളിലെ ഏക മുസ്ലീം പെണ്‍കുട്ടിയായ സാറാ അബൂബക്കറിലേക്കും വീര സൈനികന്‍ ലഫ്. മുഹമ്മദ് ഹാഷിമിലേക്കും വഴുതി വീണത് തീര്‍ത്തും യാദൃശ്ചികമാണെന്ന് അബ്ദുല്‍ ഗഫാര്‍ എഴുതുന്നുണ്ടെങ്കിലും അദ്ദേഹത്തെ പോലെ തന്നെ ആ എഴുത്ത് വായനക്കാരിലുണ്ടാക്കുന്ന ആവേശവും ചെറുതല്ല.
സ്‌കൂള്‍ കാലത്തെ ബ്ലാക്ക് ആന്റ് വൈറ്റ് ഓര്‍മ്മകളില്‍ നിന്ന് മംഗലാപുരത്തെ സെന്റ് അലോഷ്യസ് കോളേജിലെ പഠനത്തെ അഭിമാനമായി തന്നെയാണ് ഗ്രന്ഥകര്‍ത്താവ് വിവരിക്കുന്നത്. 1955 കാലത്ത് മംഗലാപുരം സെന്റ് അലോഷ്യസ് കോളേജില്‍ പഠിക്കാന്‍ സീറ്റു കിട്ടുകയെന്നാല്‍ അതിലും വലിയൊരഭിമാനം വേറെയില്ല എന്ന് അബ്ദുല്‍ ഗഫാര്‍ സാക്ഷ്യപ്പെടുത്തുന്നു. അന്നവിടെ പഠിച്ച സുകുമാര്‍ അഴീക്കോടിനെക്കുറിച്ചും ഈ ആത്മകഥയില്‍ പറയുന്നുണ്ട്, എന്നു മാത്രമല്ല പില്‍ക്കാലത്ത് അഴീക്കോട് മാഷ് അവിടെ അധ്യാപകനായതിനെക്കുറിച്ചും അദ്ദേഹത്തിന്റെ ആത്മകഥയെ ഉദ്ധരിച്ച് ഈ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.
ഡി. ബാബു പോളിന്റെ സഹപാഠിയായിരുന്ന അബ്ദുല്‍ ഗഫാര്‍ അദ്ദേഹവുമായുള്ള സൗഹൃദം വരച്ചുകാട്ടുന്നുണ്ട്. മറ്റൊന്ന് കെ.എസ്. അബ്ദുല്ലയുമായുള്ള സൗഹൃദമാണ്. ആ സൗഹൃദം തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ് കാമ്പസിലേക്ക് വരെ കെ.എസ്. അബ്ദുല്ലയെ ചെന്നെത്തിക്കുന്നുണ്ട്. കാസര്‍കോട് ടൗണിലെ അന്തുക്കായിച്ചയുടെ ഹോട്ടലിലെ മട്ടന്‍ ബ്രെയ്‌നിന്റെ രുചിയും പീടികമുകളിലെ ഓഫീസേഴ്‌സ് ക്ലബ്ബിലെ ഡോ. ഷംനാട്, കെ.എസ്. അബ്ദുല്ല, മുഹമ്മദ് കുഞ്ഞി മുളിയാര്‍, കെ.എസ്. ഹസന്‍കുട്ടി ഹാജി എന്നിവരുടെ ചങ്ങാത്തവുമെല്ലാം കാസര്‍കോടിന്റെ ഗതകാല സ്മരണകളായി പുസ്തകത്തിലിങ്ങനെ നിറഞ്ഞ് നില്‍ക്കുന്നു.
ഞാന്‍ സാക്ഷി എന്ന പ്രൊഫ. കെ.കെ. അബ്ദുല്‍ഗഫാറിന്റെ ആത്മകഥയുടെ വഴിത്തിരിവ് എന്ന് പറയേണ്ടത് അടിയന്തരാവസ്ഥകാലത്ത് രാജനെ തേടിപ്പോയ കഥപറയുന്ന ഇടത്താണ്. അടിയന്തരാവസ്ഥക്കാലത്ത് കേരളത്തെ നടുക്കിയ രാജന്‍ കേസില്‍ നേര്‍സാക്ഷിയാകേണ്ടിവന്നത് തന്റെ വിധിയെന്നാണ് പ്രൊഫ. ഗഫാര്‍ പറയുന്നത്. രാജന്റെ അച്ഛന്‍ ഈച്ചരവാര്യരുടെ കലങ്ങിയ കണ്ണുകള്‍ നാലരപതിറ്റാണ്ടുകള്‍ക്കിപ്പുറവും തന്റെ ഹൃദയത്തിന്റെ വിങ്ങലാണെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. രാജന്‍, പ്രിയപ്പെട്ട വിദ്യാര്‍ത്ഥി, കായണ്ണ സംഭവവും രാജന്റെ അറസ്റ്റും, ഈച്ചരവാര്യരുടെ പോരാട്ടങ്ങള്‍ക്കൊപ്പം, കക്കയത്തെ ഉരുട്ടല്‍മുറ, ഞാന്‍ സാക്ഷിയായി കോടതിയില്‍ എന്നീ അധ്യായങ്ങളാണ് ഈ ആത്മകഥയെ കേവല ആത്മഭാഷണങ്ങള്‍ക്കപ്പുറം ചരിത്രപരമായ ദൗത്യം നിര്‍വ്വഹിക്കുന്ന ആത്മപ്രകാശനമായി ഈ പുസ്തകത്തെ ഉയര്‍ത്തുന്നത്. ആധുനിക കേരള ചരിത്രം കണ്ട ഏറ്റവും വലിയ നീതി നിഷേധത്തിന്റെയും ഭരണകൂടഭീകരതയുടെയും നേര്‍ക്കാഴ്ചകള്‍ കൂടിയായി ഈ ആത്മകഥാ പുസ്തകം മാറുന്നു. രാജനെക്കുറിച്ചുള്ള പ്രൊഫസറുടെ അധ്യായങ്ങള്‍ നെഞ്ചിടിപ്പോടെ മാത്രമേ വായിക്കാനാകൂ. അടിയന്തരാവസ്ഥയും കക്കയം ക്യാമ്പും വന്ന് മുന്നില്‍ നില്‍ക്കുന്നത് പോലെ തോന്നും. അത്ര സത്യസന്ധമാണ് ആ എഴുത്ത്. രാജന്‍ കേസില്‍ കോയമ്പത്തൂര്‍ കോടതിയില്‍ വിസ്താരമാണ് ഞാന്‍ സാക്ഷി എന്ന ശീര്‍ഷകമായി പിറന്നത്.
എന്റെ മകനെ നിങ്ങള്‍ എന്തു ചെയ്തുവെന്ന ഒരച്ഛന്റെ ചോദ്യത്തിന് ഉത്തരം നല്‍കാനാവാതെ പോയ ഭരണകൂട സംവിധാനങ്ങളെ ഈ പുസ്തകത്തില്‍ വായിക്കാം.
മകന്റെ നീതിക്കുവേണ്ടിയുള്ള നീണ്ട കാത്തിരിപ്പിന്റെ ചാരുകസേരയില്‍ ഇല്ലാതായ വൃദ്ധനായ ഒരച്ഛന്റെ കണ്ണീര്‍പ്പാടുകള്‍ ഈ പുസ്തകത്തിലുടനീളം കാണാം. ഈച്ചരവാര്യരുടെ പോരാട്ടങ്ങളുടെ കഥപറയുന്ന ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകളോടൊപ്പം തന്നെ ചേര്‍ത്തുവെക്കാവുന്ന പുസ്തകമാണ് പ്രൊഫ. കെ.കെ. അബ്ദുല്‍ ഗഫാറിന്റെ ഞാന്‍ സാക്ഷിയെന്ന ആത്മകഥ. ഈ ആത്മകഥ എഴുതിതീര്‍ക്കുന്ന ഇടത്ത് ഗ്രന്ഥകാരന്‍ പറയുന്നു:
ഇതെഴുതിക്കഴിയുമ്പോള്‍ ഒറ്റ വാക്കേ എനിക്കുള്ളൂ. എട്ടര പതിറ്റാണ്ട് കാലം ലോകം കണ്ട എന്റെ കണ്ണുകളെ അത്രമേല്‍ സത്യസന്ധമായാണ് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നത്. സത്യസന്ധമായ വാക്കാണ് എഴുത്തെന്ന് ഈ ആത്മകഥാ പുസ്തകം സാക്ഷ്യപ്പെടുത്തിക്കൊണ്ടേ ഇരിക്കുന്നു.
-മധൂര്‍ ഷരീഫ്