കാസര്‍കോട്: ആദ്യം നോട്ട് നിരോധനം. പിന്നെ ജി.എസ്.ടി. അതിനിടെ കോവിഡ് വ്യാപനം. പ്രതിസന്ധികള്‍ എല്ലാം തരണം ചെയ്ത് കരകയറി വരികയായിരുന്നു ചെറുകിട വ്യാപാരികള്‍. ഇതിനിടെയാണ് തിരിച്ചടിയായി കേന്ദ്രത്തിന്റെ പുതിയ ജി.എസ്.ടി നയം ഒക്ടോബര്‍ 10ന് പ്രാബല്യത്തില്‍ വരുന്നത്.
ജി.എസ്.ടി കൗണ്‍സിലിന്റെ പുതിയ തീരുമാന പ്രകാരം വാടകയ്ക്ക് കെട്ടിടങ്ങളോ ഭൂമിയോ എടുത്തിട്ടുള്ളവര്‍ നല്‍കുന്ന വാടകയ്ക്ക് മേല്‍ 18 ശതമാനം ജി.എസ്.ടി കൂടി അടക്കേണ്ടി വരും. ഇതോടെ വാടകക്കാരായ ചെറുകിട വ്യാപാരികള്‍ക്ക് അധിക ബാധ്യതയാവും. ജി.എസ്.ടി 2017ല്‍ നടപ്പാക്കുന്ന ഘട്ടത്തില്‍ തന്നെ ഈ നയം ആലോചിച്ചിരുന്നുവെങ്കിലും എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു.
നിലവില്‍ 20 ലക്ഷം രൂപയില്‍ കൂടുതല്‍ വാടക ലഭിക്കുന്ന കെട്ടിട ഉടമകള്‍ രജിസ്ട്രേഷന്‍ എടുക്കണം. കെട്ടിട ഉടമയും വ്യാപാരിയും രജിസ്ട്രേഷന്‍ എടുത്താല്‍ ചെറിയ ബാധ്യതയാണ് സൃഷ്ടിക്കുന്നത്. എന്നാല്‍ ഇരുകൂട്ടരും രജിസ്ട്രേഷന്‍ നടത്തിയില്ലെങ്കിലും ഇവരില്‍ ആരെങ്കിലും ഒരാള്‍ രജിസ്ട്രേഷന് പുറത്താണെങ്കിലും കെട്ടിടത്തിന്റെ വാടകക്കാരനുമേല്‍ 18 ശതമാനം അധിക ബാധ്യത വരുന്നതാണ് പുതിയ നയം.
വര്‍ഷങ്ങളായി വാടകക്കെട്ടിടങ്ങളില്‍ വ്യാപാരം നടത്തുന്ന കച്ചവടക്കാര്‍ വാടകക്കരാര്‍ പുതുക്കുന്ന ഘട്ടത്തില്‍ ജി.എസ്.ടി പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തണം. കുടുംബാംഗങ്ങള്‍ സൗജന്യമായി കെട്ടിടം നല്‍കിയാലും വാടകക്കാരന്‍ ജി.എസ്.ടി നല്‍കാന്‍ പുതിയ വ്യവസ്ഥ പ്രകാരം ബാധ്യസ്ഥനാണ്.
ബാധ്യതയ്ക്കൊപ്പം കെട്ടിട ഉടമയും വ്യാപാരിയും തമ്മില്‍ തര്‍ക്കങ്ങള്‍ രൂപപ്പെടാനും പുതിയ നയം വഴിതെളിക്കും.
ഭൂരിഭാഗം ചെറുകിട വ്യാപാരികളും നിലവില്‍ വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കേന്ദ്രതീരുമാനത്തിനെതിരെ പ്രതിഷേധവുമായി ഇതിനകം വ്യാപാര സമൂഹം രംഗത്തുവന്നു കഴിഞ്ഞു.
ലക്ഷ്യം ചെറുകിട വ്യാപാരം ഇല്ലായ്മ ചെയ്യല്‍
പുതിയ ജി.എസ്.ടി നയം വ്യാപാര മേഖലയെ വലിയ തോതില്‍ ബാധിക്കും. വാടക താങ്ങാനാവാതെ ഇന്ത്യയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷത്തോളം വ്യാപാരികള്‍ വ്യാപാരം അവസാനിപ്പിച്ചു. ഇതിനിടയിലാണ് ഇടിവെട്ടേറ്റവനെ പാമ്പ് കടിയേറ്റ പോലെ കേന്ദ്രം പുതിയ നയം നടപ്പാക്കുന്നത്. കെട്ടിട ഉടമകള്‍ ഇപ്പോള്‍ തന്നെ 18 ശതമാനം ജി.എസ്.ടി വ്യാപാരികളോട് ആവശ്യപ്പെടാന്‍ തുടങ്ങി. നിലവില്‍ വലിയ ഭീഷണിയാണ് വ്യാപാരികള്‍ നേരിടുന്നത്. പ്രതിഷേധം ഇനിയും തുടരും. കഴിഞ്ഞ ദിവസം രാജ്ഭവന്‍ മാര്‍ച്ചും പ്രതിഷേധ ധര്‍ണയും നടത്തി. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പാര്‍ലമെന്റ് പ്രതിഷേധം സംഘടിപ്പിക്കും.
-കെ. അഹമ്മദ് ഷെരീഫ്,
(വ്യാപാരി വ്യവസായി ഏകോപന
സമിതി ജില്ലാ പ്രസിഡണ്ട്)
വലിയ പ്രതിഷേധം ഉയര്‍ന്നുവരും
വ്യാപാരികള്‍ക്കുമേല്‍ വാടക ഇനത്തില്‍ 18 ശതമാനം ജി.എസ്.ടി ഈടാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ വലിയ പ്രതിഷേധമാണുള്ളത്. ആദ്യം നടപ്പാക്കാനിരിക്കെ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ച നയം വീണ്ടും നടപ്പാക്കാനുള്ള തീരുമാനം ലക്ഷ്യംവെക്കുന്നത് ചെറുകിട വ്യാപാര മേഖലയെ രാജ്യത്ത് നിന്ന് തുടച്ച് നീക്കലാണ്.
കോര്‍പറേറ്റുകളുടെ നേരിട്ടുള്ള വ്യാപാരവും ഓണ്‍ലൈന്‍ വ്യാപാരവും ചെറുകിട വ്യാപാരികള്‍ക്ക് ഭീഷണിയാവുന്ന ഘട്ടത്തിലാണ് പുതിയ തീരുമാനം.
കോര്‍പറേറ്റുകളൂടെ ഓണ്‍ലൈന്‍ വ്യാപാരത്തെ സഹായിക്കാന്‍ കൂടിയാണ് ഇത്തരമൊരു നീക്കം.
–പി.കെ ഗോപാലന്‍
(വ്യാപാരി വ്യവസായി സമിതി
ജില്ലാ പ്രസിഡണ്ട്)
വ്യാപാരികളുടെ
നിലനില്‍പ്പിന് ഭീഷണി
ചെറുകിട വ്യാപാരികള്‍ കുറേ കാലമായി പ്രതിസന്ധിയിലാണ്. കച്ചവടം പഴയ പോലെ അല്ല. ഓണ്‍ലൈനിലൂടെയും കോര്‍പറേറ്റ് സൂപ്പര്‍ മാര്‍ക്കറ്റുകളൊക്കെ സജീവമായതോടെ ചെറുകിട വ്യാപാരം ഇടിഞ്ഞു. ഇതിനിടയിലാണ് 18 ശതമാനം ജി.എസ്.ടി വാടക ഇനത്തില്‍ നല്‍കേണ്ടത്.
ഇതിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് അനിവാര്യമാണ്. അല്ലെങ്കില്‍ വ്യാപാരികളുടെ നിലനില്‍പ്പിന് തന്നെ ഭീഷണി ആവും.
–പി. നൗഷാദ്
(ജില്ലാ സെക്രട്ടറി, മര്‍ച്ചന്റ്‌സ് യൂത്ത് വിങ്ങ് )
വ്യാപാരികളെ സാമ്പത്തിക ബാധ്യതയിലേക്ക് നയിക്കും
ഈ തീരുമാനം വ്യാപാരികളെ വലിയ ബുദ്ധിമുട്ടിലാക്കും എന്നതില്‍ സംശയമില്ല.
ജി.എസ്.ടി രജിസ്ട്രേഷനില്‍ ഇല്ലാത്ത കുറെ ചെറുകിട വ്യാപാരികളുണ്ട്.
ഇവരെ വലിയ സാമ്പത്തിക ബാധ്യതയിലേക്ക് നയിക്കും. ഇപ്പോള്‍തന്നെ കട അടയ്ക്കേണ്ട സാഹചര്യമാണ്.
–സി.കെ ആസിഫ്
(പ്രസിഡണ്ട്, കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോ.)
പരമ്പരാഗത വ്യാപാര
മേഖലയെ തകര്‍ക്കും
പരമ്പരാഗത വ്യാപാര മേഖലയെ തകര്‍ക്കുന്ന രീതിയില്‍ കോര്‍പ്പറേറ്റുകളും ഓണ്‍ലൈന്‍ ഭീമന്മാരും വിപണി കീഴടക്കുന്ന ഈ സാഹചര്യത്തില്‍ വ്യാപാരികളുടെ തലയില്‍ ഇടിത്തീ വീണതുപോലെയാണ് വാടകയ്ക്ക് മുകളിലുള്ള ഈ ജി.എസ്.ടി. ലക്ഷോപലക്ഷം ആള്‍ക്കാര്‍ സ്വയംതൊഴില്‍ കണ്ടെത്തുന്ന ഈ മേഖലയെ സംരക്ഷിക്കണമെങ്കില്‍ ഇത് പിന്‍വലിച്ചേ മതിയാകൂ.
–സത്യകുമാര്‍
(സംസ്ഥാന സെക്രട്ടറി, മെര്‍ച്ചന്റ്‌സ് യൂത്ത് വിംഗ്)