കൊളംബിയ സര്‍വകലാശാലയില്‍ പലസ്തീന്‍ അനുകൂല പ്രക്ഷോഭം നയിച്ച വിദ്യാര്‍ഥി അറസ്റ്റില്‍

Update: 2025-03-11 03:52 GMT

ന്യൂയോര്‍ക്ക്: കൊളംബിയ സര്‍വകലാശാലയില്‍ പലസ്തീന്‍ അനുകൂല പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ഥി അറസ്റ്റില്‍. സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷനല്‍ ആന്‍ഡ് പബ്ലിക് അഫയേഴ്‌സ് വിഭാഗത്തിലെ വിദ്യാര്‍ഥിയായ മഹ് മൂദ് ഖലീലിനെ ആണ് ക്യാംപസിലെ താമസസ്ഥലത്തുനിന്നും അറസ്റ്റ് ചെയ്തത്.

ഇസ്രയേല്‍ വിരുദ്ധ പ്രക്ഷോഭത്തെ ഇല്ലാതാക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ ചുവടുപിടിച്ചായിരുന്നു ഇമിഗ്രേഷന്‍ വിഭാഗത്തിന്റെ പരിശോധനയും തുടര്‍ന്നുള്ള അറസ്റ്റും.

ഹമാസ് അനുകൂലികളുടെ വിസയും ഗ്രീന്‍ കാര്‍ഡും റദ്ദാക്കി അവരെ തിരിച്ചയയ്ക്കുമെന്ന് ഖലീലിന്റെ അറസ്റ്റിന് പിന്നാലെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അറിയിച്ചു. ഹമാസിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിനാണ് ഖലീലിനെ അറസ്റ്റ് ചെയ്തതെന്ന് സുരക്ഷാ ഏജന്‍സിയും വ്യക്തമാക്കി.

വിദ്യാര്‍ഥി പ്രക്ഷോഭത്തെ നേരിടുന്നതില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് കഴിഞ്ഞദിവസം കൊളംബിയ സര്‍വകലാശാലയ്ക്കുള്ള 40 കോടി ഡോളര്‍ സഹായം ട്രംപ് മരവിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റും നടന്നിരിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ ആക്രമണത്തെ പൗരാവകാശ സംഘടനകള്‍ അപലപിച്ചു. ഖലീലിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ന്യൂയോര്‍ക്ക് സിവില്‍ ലിബര്‍ട്ടീസ് യൂനിയന്‍ പറഞ്ഞു.

പലസ്തീനെ അനുകൂലിച്ചും യുഎസ് ഇസ്രയേലിനെ പിന്തുണയ്ക്കുന്നതിനെതിരെയും നിരവധി ക്യാംപസുകളില്‍ മാസങ്ങളോളം നീണ്ടുനിന്ന പ്രതിഷേധങ്ങള്‍ നടന്നിരുന്നു. സിറിയയിലെ പലസ്തീന്‍ അഭയാര്‍ഥി ക്യാംപില്‍ വളര്‍ന്ന ഖലില്‍ ബെയ്‌റൂട്ടിലെ ബ്രിട്ടിഷ് എംബസിയില്‍ ജോലി ചെയ്തിട്ടുണ്ട്. യുഎസില്‍ സ്ഥിരതാമസത്തിന് അനുമതിയുള്ള ഖലീലിന്റെ ഭാര്യയ്ക്ക് യുഎസ് പൗരത്വമുണ്ട്. ഇവര്‍ 8 മാസം ഗര്‍ഭിണിയാണ്.

അറസ്റ്റ് വാറന്റുമായി വരുന്ന പൊലീസിനോട് എങ്ങനെ പെരുമാറണമെന്ന് നിര്‍ദേശിച്ച് ഏതാനും ദിവസം മുന്‍പ് സര്‍വകലാശാല നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ട്രംപ് ഭരണകൂടത്തിന് മുന്നില്‍ സര്‍വകലാശാലകള്‍ കീഴടങ്ങുകയാണെന്ന് സ്റ്റുഡന്റ് വര്‍ക്കേഴ്‌സ് ഓഫ് കൊളംബിയ ആരോപിച്ചു.

Similar News