ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരം; വെന്റിലേറ്ററിലേക്ക് മാറ്റി
വത്തിക്കാന്‍ സിറ്റി: ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. മാര്‍പാപ്പയെ മെക്കാനിക്കല്‍ വെന്റിലേഷനില്‍ പ്രവേശിപ്പിച്ചതായി വത്തിക്കാന്‍ അറിയിച്ചു. ശ്വാസകോശ സംബന്ധമായ അവസ്ഥ പെട്ടെന്ന് വഷളായതാണ് കാരണം.
ഛര്‍ദിയെ തുടര്‍ന്നുള്ള ശ്വാസതടസമാണ് മാര്‍പാപ്പയുടെ ആരോഗ്യനില വീണ്ടും മോശമാക്കാന്‍ ഇടയാക്കിയത്. പോപ്പിന് കൃത്രിമ ശ്വാസം നല്‍കുകയാണെന്നും വത്തിക്കാന്‍ വ്യക്തമാക്കി.
ഫെബ്രുവരി 14ന് ആണ് ശ്വാസതടസ്സത്തെ തുടര്‍ന്ന് മാര്‍പാപ്പയെ റോമിലെ ജമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വത്തിക്കാന്‍ പുറത്തുവിട്ടിട്ടില്ല.
നേരത്തെ മാര്‍പാപ്പയുടെ ആരോഗ്യ സ്ഥിതിയില്‍ നേരിയ പുരോഗതി ഉണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വൃക്കകള്‍ക്ക് ചെറിയ രീതിയിലുള്ള പ്രശ്നങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. കഴിഞ്ഞദിവസം രാത്രി നടത്തിയ സിടി സ്‌കാനില്‍ ശ്വാസകോശ വീക്കം കണ്ടെത്തുകയായിരുന്നു.
2013ലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ചുമതലയേറ്റത്. അതിന് ശേഷം ഉണ്ടായ ഏറ്റവും ദൈര്‍ഘ്യമേറിയ ആശുപത്രി വാസമാണിത്. മാര്‍പാപ്പയുടെ ആരോഗ്യ നിലയില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളും പുരോഗതിയും വത്തിക്കാന്‍ അപ്പപ്പോള്‍ പുറത്തുവിടുന്നുണ്ട്.