സിറിയയില്‍ അസദ് അനുകൂലികളും സുരക്ഷാ സേനയും തമ്മിലുള്ള സംഘര്‍ഷത്തില്‍ 70 മരണം; നിരവധി പേര്‍ക്ക് പരുക്ക്
ലതാകിയ(സിറിയ): സിറിയയുടെ മുന്‍ പ്രസിഡന്റ് ബഷര്‍ അല്‍ അസദ് അനുകൂലികളും സിറിയന്‍ സുരക്ഷാസേനയും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 70 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ 35 സര്‍ക്കാര്‍ ഉദ്യോഗസ്ഥരും 32 അസദ് വിശ്വസ്തരും നാല് സാധാരണക്കാരും ഉള്‍പ്പെടുന്നു.
ലതാകിയയിലെ തീരദേശ മേഖലയില്‍ തുടങ്ങിയ സംഘര്‍ഷം ടാര്‍ട്ടസിലേക്കും വ്യാപിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. യുകെ ആസ്ഥാനമായുള്ള യുദ്ധ നിരീക്ഷകന്റെ അഭിപ്രായത്തില്‍, 2024 ഡിസംബറില്‍ വിമതര്‍ സ്വേച്ഛാധിപതിയായ മുന്‍ നേതാവിനെ പുറത്താക്കുകയും തുടര്‍ന്ന് ഒരു ഇസ്ലാമിക പരിവര്‍ത്തന സര്‍ക്കാര്‍ സ്ഥാപിക്കുകയും ചെയ്തതിനുശേഷം സിറിയയിലുണ്ടാകുന്ന ഏറ്റവും വലിയ അക്രമമാണിത്.
അസദ് അനുകൂലികളുടെ ശക്തികേന്ദ്രമായ ലതാക്കിയന്‍ ഗ്രാമങ്ങളില്‍ സേന വ്യോമാക്രമണം നടത്തിയതായി ബ്രിട്ടനിലെ സിറിയന്‍ യുദ്ധ നിരീക്ഷണ സംഘടനയായ സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് സ്ഥിരീകരിച്ചു. ഇതോടെ തുറമുഖ നഗരങ്ങളായ ലതാകിയ, ടാര്‍ട്ടസ്, ഹോംസ് എന്നിവിടങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതായും സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് അറിയിച്ചു.
ലതാകിയ പ്രവിശ്യയിലെ ജബ്ലെ പട്ടണത്തിലാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. അസദിന്റെ സേനയിലെ ദി ടൈഗര്‍ എന്ന് വിളിപ്പേരുള്ള കമാന്‍ഡറായിരുന്ന സുഹൈല്‍ അല്‍ ഹസ്സന്റെ അനുയായികളായ തോക്കുധാരികള്‍ സുരക്ഷാസേനയുടെ ചെക് പോസ്റ്റുകള്‍ ആക്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. 2015-ല്‍ വിമതര്‍ക്കെതിരെ അസദ് സേനയെ നയിച്ചത് ഹസ്സനാണ്. തീരമേഖലയായ ബനിയാസും ജബ്ലെയും ഇപ്പോഴും അസദ് അനുകൂലികളുടെ നിയന്ത്രണത്തിലാണ്. ന്യൂനപക്ഷമായ അല്‍വൈറ്റുകള്‍ അധിവസിക്കുന്ന മേഖലയാണിത്.
തീവ്രവാദികള്‍ സൈനിക മേഖലകളുടെ നിയന്ത്രണം ഏറ്റെടുത്തു, പ്രത്യേകിച്ച് ഇസ്താമോ, ഖര്‍ദഹ വിമാനത്താവളങ്ങള്‍, ലതാകിയ പര്‍വതനിരകള്‍ എന്നിവിടങ്ങളില്‍ നില ഉറപ്പിച്ചിരിക്കുകയാണ്. പ്രതിരോധ, ആഭ്യന്തര മന്ത്രാലയങ്ങള്‍ ലതാകിയയിലേക്ക് കൂടുതല്‍ സേനയെ അയച്ചിട്ടുണ്ടെന്ന് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് പ്രസ്താവനയില്‍ പറഞ്ഞു.
സുന്നികള്‍ക്ക് ബഹുഭൂരിപക്ഷമുള്ള സിറിയയില്‍ ഷിയാ വിഭാഗത്തിലെ അലവി എന്ന ചെറിയ ഉപവിഭാഗത്തില്‍ ഉള്‍പ്പെടുന്നവരാണ് അസദ് കുടുംബം. ബഷാര്‍ അല്‍ അസദിന്റെ പതനത്തിനുശേഷം അലവി വിഭാഗത്തിന് നേരെ വ്യാപക ആക്രമണങ്ങള്‍ നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ സംഘര്‍ഷം. അസദിന്റെ ജന്മനഗരമായ ഖര്‍ദ്വയും അലവി ഗ്രാമങ്ങളും സിറിയിന്‍ഷ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലല്ല.
കഴിഞ്ഞ ഡിസംബറില്‍ സായുധസംഘടനയായ ഹയാത് തഹ്‌രീര്‍ അല്‍ഷാം(എച്ച്.ടി.എസ്.) നടത്തിയ വിമത വിപ്ലവത്തിനുശേഷം രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ രക്തച്ചൊരിച്ചിലാണ് ലതാകിയയിലേത്. ആഭ്യന്തരയുദ്ധം ആരംഭിച്ച് 13 വര്‍ഷത്തിനുശേഷമാണ് വിമതര്‍ അസദിന്റെ സമഗ്രാധിപത്യഭരണം അട്ടിമറിച്ചത്. എച്ച്.ടി.എസ്. നയിച്ച 11 ദിവസത്തെ വിപ്ലവത്തെത്തുടര്‍ന്ന് അസദ് റഷ്യയിലേക്ക് പലായനം ചെയ്തിരുന്നു.
എച്ച്.ടി.എസിന്റെ നേതാവായിരുന്ന അഹമ്മദ് അല്‍ ഷാരയാണ് നിലവില്‍ സിറിയയുടെ ഇടക്കാല പ്രസിഡന്റ്. രാജ്യത്തുനിന്ന് അസദ് അനുകൂലികളെ ഉന്മൂലനം ചെയ്യുമെന്ന് ഷാരയുടെ കീഴിലുള്ള സേന പ്രഖ്യാപിച്ചിരുന്നു.