ഗാസയിലേക്കുള്ള എല്ലാ സഹായങ്ങളും തടഞ്ഞ് ഇസ്രയേല്‍; വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചില്ലെങ്കില്‍ പ്രത്യാഘാതമെന്നും മുന്നറിയിപ്പ്
ടെല്‍ അവീവ്: ഗാസ മുനമ്പിലേക്കുള്ള എല്ലാ സഹായങ്ങളുടെയും വിതരണം തടഞ്ഞ് ഇസ്രയേല്‍. വെടിനിര്‍ത്തല്‍ കരാര്‍ നീട്ടാനുള്ള യുഎസ് നിര്‍ദേശം അംഗീകരിച്ചില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കി.
സഹായങ്ങള്‍ എത്തിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട ഇസ്രയേല്‍ -ഹമാസ് വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടം അവസാനിച്ചതോടെയാണ് പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഗാസയിലേക്കുള്ള സഹായങ്ങള്‍ തടഞ്ഞത്. എന്നാല്‍ സഹായങ്ങളുടെ വിതരണം പൂര്‍ണമായി തടയുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
ഗാസ വെടിനിര്‍ത്തലിന്റെ രണ്ടാംഘട്ട ചര്‍ച്ചകള്‍ എങ്ങുമെത്താതെ പിരിഞ്ഞിരുന്നു. പിന്നാലെ ജനുവരിയില്‍ ഇസ്രയേലും ഹമാസും തമ്മില്‍ മൂന്നു ഘട്ടമായുള്ള വെടിനിര്‍ത്തലിന് ധാരണയായിരുന്നെങ്കിലും രണ്ടാം ഘട്ടത്തിലേക്ക് പോകുന്നതിനു പകരം ഒന്നാംഘട്ടം നാലാഴ്ച കൂടി നീട്ടാനാണ് ഇസ്രയേലിന്റെ ശ്രമം. എന്നാല്‍ ഇതിനോട് യോജിക്കാന്‍ ഹമാസ് തയാറാവാത്തതാണ് ഇസ്രയേലിനെ ചൊടിപ്പിക്കുന്നത്.
വെടിനിര്‍ത്തലിന്റെ ആദ്യ ഘട്ടം റമസാന്‍ വരെയോ ഏപ്രില്‍ 20 വരെയോ നീട്ടാന്‍ യുഎസിന്റെ മധ്യപൂര്‍വേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ് കോഫ് നിര്‍ദേശിച്ചിരുന്നു. നിര്‍ദേശം അംഗീകരിക്കുന്നതായി അറിയിച്ച ഇസ്രയേല്‍ ഇതിന്റെ അടിസ്ഥാനത്തില്‍ പകുതി ബന്ദികളെ ആദ്യ ദിവസവും ബാക്കി ബന്ദികളെ അവസാന വെടിനിര്‍ത്തല്‍ കരാറിലെത്തുമ്പോഴുമായി മോചിപ്പിക്കണമെന്നും അറിയിച്ചു.
എന്നാല്‍ ഇസ്രയേലിന്റെ ആവശ്യത്തോട് പ്രതികരിക്കാന്‍ ഇതുവരെ ഹമാസ് തയാറായിട്ടില്ല. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ച യുഎസ്, ഈജിപ്ത്, ഖത്തര്‍ എന്നീ രാജ്യങ്ങളും ഇതുവരെ പ്രതികരിച്ചിട്ടില്ല.