സെലെന്‍സ്‌കിയും ട്രംപും 'അടിച്ച് പിരിഞ്ഞതിന്' പിന്നാലെ യുക്രൈന് നല്‍കിയിരുന്ന സൈനിക സഹായം നിര്‍ത്തി യു എസ്
വാഷിങ്ടന്‍: പ്രസിഡന്റ് വൊളോഡിമര്‍ സെലെന്‍സ്‌കിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ നടന്ന ചര്‍ച്ച ഫലം കാണാതെ പിരിഞ്ഞതിന് പിന്നാലെ യുക്രൈന് നല്‍കിയിരുന്ന എല്ലാ സൈനിക സഹായവും നിര്‍ത്തി യു എസ്. യുഎസിന്റെ സഹായമില്ലാതെ യുദ്ധത്തില്‍ റഷ്യയെ നേരിടാന്‍ യുക്രൈന് പ്രയാസമാകുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ യുഎസ് സഹായം മരവിപ്പിക്കുന്നതിന്റെ വ്യാപ്തി വ്യക്തമല്ല.
'സമാധാനത്തിന് വേണ്ടിയാണ് താന്‍ നിലകൊള്ളുന്നതെന്ന് യുഎസ് പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്. ആ ലക്ഷ്യത്തില്‍ യുഎസിന്റെ പങ്കാളികളും ചേരണമെന്നാണ് ആഗ്രഹം.' എന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സെലെന്‍സ്‌കിയുടെ ഓഫിസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
റഷ്യയുമായുള്ള യുദ്ധം മതിയാക്കണമെന്ന നിലപാടുള്ള ട്രംപ്, പരിഹാരത്തിനായി തുടര്‍ച്ചയായി സമ്മര്‍ദം ചെലുത്തുന്നുണ്ട്. എന്നാല്‍, കഴിഞ്ഞദിവസം ഓവല്‍ ഓഫിസിലെ കൂടിക്കാഴ്ചയ്ക്കിടെ സെലെന്‍സ്‌കിയും ട്രംപും തമ്മിലുണ്ടായ വാക്കേറ്റവും അധിക്ഷേപവും ചര്‍ച്ചകളുടെ വഴിമുടക്കി.
സൈനിക സഹായം മുടങ്ങുന്നതോടെ യുദ്ധത്തില്‍ യുക്രൈന്‍ പ്രതിരോധത്തിലാകും.സൈനിക ഉപകരണങ്ങളുടെ വിതരണം താല്‍ക്കാലികമായി നിര്‍ത്താന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനോടു ട്രംപ് നിര്‍ദേശിച്ചു. ജോ ബൈഡന്‍ സര്‍ക്കാര്‍ യുക്രൈനിന് 65 ബില്യന്‍ ഡോളര്‍ സൈനിക സഹായമാണ് വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ ട്രംപ് പുതിയ സഹായമൊന്നും അംഗീകരിച്ചിട്ടില്ല.
അതേസമയം സെലെന്‍സ്‌കിക്ക് പിന്തുണയുമായി യൂറോപ്യന്‍ നേതാക്കള്‍ ഒന്നടങ്കം രംഗത്തെത്തിയിരുന്നു. ഓവല്‍ ഓഫിസിലെ കൂടിക്കാഴ്ചയ്ക്കിടെ പ്രസിഡന്റ് ട്രംപ് സെലെന്‍സ്‌കിയെ വൈറ്റ് ഹൗസില്‍ നിന്നും പുറത്താക്കിയതിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.