ദക്ഷിണ കൊറിയന്‍ വിമാനാപകടം; അപകടകാരണം അവ്യക്തം; പക്ഷി ഇടിച്ചതാണെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍

Update: 2024-12-30 04:18 GMT

സോൾ : ദക്ഷിണ കൊറിയയില്‍ 179 പേരുടെ മരണത്തിനിടയാക്കിയ വിമാന ദുരന്തം നടന്ന് 24 മണിക്കൂര്‍ കഴിയുമ്പോള്‍ അപകടത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമായിട്ടില്ല. പക്ഷി ഇടിച്ചതാണെന്ന് ഭൂരിഭാഗം പേരും പറയുമ്പോഴും ഒരു വിഭാഗം ഇത് തള്ളിക്കളയുകയാണ്. അപകടം നടക്കുന്നതിന് തൊട്ട് മുമ്പ് പൈലറ്റില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ വിശദീകരിച്ച് ഗതാഗത മന്ത്രാലയം ഉദ്യോഗസ്ഥര്‍ രംഗത്തെത്തി. വിമാനത്തില്‍ പക്ഷി ഇടിച്ചതായും അടിയന്തിരമായി അപകട സൂചന നല്‍കിയതായും പൈലറ്റ്, എയര്‍ ട്രാഫിക് കണ്‍ട്രോളിനെ അറിയിച്ചിരുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതികൂല കാലാവസ്ഥയും പക്ഷി ഇടിച്ചതും കാരണമായി പറയുമ്പോഴും യഥാര്‍ത്ഥ കാരണം കണ്ടുപിടിക്കാന്‍ കൂടുതല്‍ അന്വേഷിക്കണമെന്നാണ് മുവാന്‍ ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് സംഘത്തിന്റെ ആവശ്യം. വിമാനത്തിലെ വോയ്‌സ് റെക്കോര്‍ഡുകള്‍ വീണ്ടെടുത്തിട്ടുണ്ടെന്നും ഇത് പരിശോധിക്കണമെന്നും ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ ലീ ജിയോങ്ങ് ഹ്യൂന്‍ പറഞ്ഞു

വിമാനത്തിന്റെ അറ്റകുറ്റപ്പണികളില്‍ വീഴ്ച വരുത്തിയിട്ടില്ലെന്നും എല്ലാം കൃത്യമായിരുന്നുവെന്നുമാണ് ജെജു എയര്‍ മാനേജ്‌മെന്റിന്റെ വാദം. അതിനിടെ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരന്‍ ബന്ധുവിനയച്ച സന്ദേശവും പുറത്ത് വന്നു. വിമാനത്തിന്റെ വിങ്ങില്‍ പക്ഷി കുടുങ്ങിയിട്ടുണ്ടെന്നും വിമാനത്തിന് ലാന്‍ഡ് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെന്നുമാണ് സന്ദേശത്തില്‍ പറയുന്നത്. എയര്‍ലൈന്‍ സര്‍വീസില്‍ മികച്ച സര്‍വീസ് റെക്കോര്‍ഡാണ് സൗത്ത് കൊറിയന്‍ എയര്‍ സര്‍വീസുകള്‍ക്കുള്ളതെന്നും മികച്ച സുരക്ഷാ റെക്കോര്‍ഡുള്ള എയര്‍ലൈനാണ് ജെജു എന്നും ഏവിയേഷന്‍ വിദഗ്ദ്ധനായ ജോഫറി തോമസ് പറഞ്ഞു. ഞായറാഴ്ച രാവിലെയാണ് തായ്‌ലന്‍ഡില്‍ നിന്ന് മുവാന്‍ എയര്‍പോര്‍ട്ടിലെത്തിയ ജെജു എയര്‍ ജെറ്റ് ലാന്‍ഡിങ്ങിനിടെ തീപിടിച്ച് അപകടത്തില്‍ പെട്ടത്. 181 പേരില്‍ രണ്ട് പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്.

Similar News