ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില മെച്ചപ്പെട്ടു; പ്രാര്‍ഥനകള്‍ക്ക് നന്ദി അറിയിച്ചുള്ള ശബ്ദ സന്ദേശം പുറത്ത്

Update: 2025-03-07 05:23 GMT

വത്തിക്കാന്‍ സിറ്റി: ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ദിവസങ്ങളായി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ(88) ആരോഗ്യനില മെച്ചപ്പെട്ടതായി വത്തിക്കാന്‍. പ്രാര്‍ഥനകള്‍ക്ക് നന്ദി അറിയിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ നല്‍കിയ ശബ്ദ സന്ദേശവും വത്തിക്കാന്‍ പുറത്തുവിട്ടു.

നിലവില്‍ മാര്‍പാപ്പ ഫിസിക്കല്‍ തെറാപ്പി തുടരുന്നതായും വത്തിക്കാന്‍ അധികൃതര്‍ അറിയിച്ചു. പകല്‍ ഓക്‌സിജന്‍ മാസ്‌ക് ഉപയോഗിക്കുന്ന മാര്‍പാപ്പ രാത്രി വെന്റിലേറ്റര്‍ സംവിധാനം തുടരുന്നുണ്ട്. ഫെബ്രുവരി 14ന് ആണ് മാര്‍പാപ്പയെ റോമിലെ ജെമെല്ലൈ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആശുപത്രിയില്‍ നിന്ന് റെക്കോര്‍ഡുചെയ്ത ശബ്ദസന്ദേശം വ്യാഴാഴ്ച രാത്രിയാണ് അധികൃതര്‍ പുറത്തുവിട്ടത്. മാതൃഭാഷയായ സ്പാനിഷില്‍ ദുര്‍ബലമായ ശബ്ദത്തോടെയുള്ള ശബ്ദസന്ദേശം ജപമാല പ്രാര്‍ത്ഥനയ്ക്കായി ഒത്തുകൂടിയ സെന്റ് പീറ്റേഴ്സ് സ്‌ക്വയറിലെ വിശ്വാസികള്‍ക്കായാണ് വത്തിക്കാന്‍ സംപ്രേഷണം ചെയ്തത്.

തന്റെ രോഗശാന്തിക്കായി ജനങ്ങള്‍ നടത്തിയ പ്രാര്‍ത്ഥനകള്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. മൂന്നാഴ്ച മുമ്പ് രണ്ട് ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനുശേഷം ജനങ്ങളോടുള്ള ആദ്യശബ്ദ സന്ദേശമായിരുന്നു ഇത്.

'സ്‌ക്വയറില്‍ നിന്ന് എന്റെ ആരോഗ്യത്തിനായുള്ള നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഞാന്‍ നന്ദി പറയുന്നു, ഇവിടെ നിന്ന് ഞാന്‍ നിങ്ങളെ അനുഗമിക്കുന്നു,' 'ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, കന്യക നിങ്ങളെ സംരക്ഷിക്കട്ടെ. നന്ദി.' എന്നായിരുന്നു മാര്‍പാപ്പയുടെ വാക്കുകള്‍.

പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കിയ കര്‍ദ്ദിനാള്‍ ഏഞ്ചല്‍ ഫെര്‍ണാണ്ടസ് ആര്‍ട്ടിമെ, ആരാധനയുടെ തുടക്കത്തില്‍ ജനക്കൂട്ടത്തോട് പറഞ്ഞത്, തനിക്ക് പങ്കിടാന്‍ 'മനോഹരമായ ഒരു വാര്‍ത്ത, മനോഹരമായ ഒരു സമ്മാനം' ഉണ്ടെന്നായിരുന്നു. തുടര്‍ന്ന് ശബ്ദ സന്ദേശം പുറത്തുവിടുകയായിരുന്നു. ഇതുകേട്ട് സന്തോഷഭരിതരായ വിശ്വാസികള്‍ കരഘോഷത്തോടെയാണ് അതിനെ വരവേറ്റത്.

Similar News