ബാരയിലും മാങ്ങാട്ടും വീടുകളില്‍ നടത്തിയ റെയ്ഡില്‍ പിടികൂടിയത് കിലോ കണക്കിന് കഞ്ചാവ്; പ്രതികള്‍ രക്ഷപ്പെട്ടു

രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് സംഘം വീട്ടില്‍ പരിശോധനക്കെത്തിയത്.;

Update: 2025-04-26 06:17 GMT

ഉദുമ: ബാരയിലും മാങ്ങാട്ടും വീടുകളില്‍ നടത്തിയ റെയ്ഡില്‍ പിടികൂടിയത് കിലോ കണക്കിന് കഞ്ചാവ്. ബാര മുക്കുന്നോത്തെ വീട്ടില്‍ നിന്നും പൊലീസ് 11.190 കിലോ കഞ്ചാവ് പിടികൂടി. ഹോട്ടലുടമയായ ഉസ്മാന്റെ വീട്ടിലാണ് വെള്ളിയാഴ്ച രാത്രി 10 മണിയോടെ ബേക്കല്‍ ഡി.വൈ.എസ്.പി വി.വി മനോജിന്റെ മേല്‍നോട്ടത്തില്‍ മേല്‍പ്പറമ്പ് ഇന്‍സ്പെക്ടര്‍ എ സന്തോഷ് കുമാര്‍, എസ്.ഐ വി.കെ അനീഷ്, രാജപുരം എസ്.ഐ പ്രദീപ്, ഡി.വൈ.എസ്.പിയുടെ സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവര്‍ പരിശോധന നടത്തി കഞ്ചാവ് കണ്ടെടുത്തത്.

സംഭവത്തില്‍ ഉസ്മാന്റെ മക്കളായ സമീര്‍, മുനീര്‍ എന്നിവര്‍ക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു. ഇരുനില വീടിന്റെ മുകള്‍നിലയിലെ കിടപ്പുമുറിയില്‍ തട്ടിന്‍പുറത്ത് പ്ലാസ്റ്റിക് ചാക്കില്‍ കെട്ടിവെച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് വരുന്നത് കണ്ട് സഹോദരങ്ങളായ രണ്ടുപേരും ഓടി രക്ഷപ്പെടുകയായിരുന്നു.

മാങ്ങാട് ആര്യടുക്കത്തെ വീട്ടില്‍ നിന്നും പൊലീസ് എം.ഡി.എം.എ കണ്ടെടുത്തു. 0.330 ഗ്രാം കഞ്ചാവാണ് ഇവിടെ നിന്നും പിടികൂടിയത്. സംഭവത്തില്‍ ആര്യടുക്കത്തെ റിസ് വാനെ(27) മേല്‍പ്പറമ്പ് ഇന്‍സ്പെക്ടര്‍ എ.സന്തോഷ് കുമാര്‍ അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് സംഘം വീട്ടില്‍ പരിശോധനക്കെത്തിയത്.



 


Similar News