അയല്‍വീട്ടിലെ വളര്‍ത്തുനായയുടെ കടിയേറ്റ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്
ഉദുമ പടിഞ്ഞാര്‍ ജന്‍മ കടപ്പുറത്തെ ഇബ്രാഹിമിന്റെ മകള്‍ ഷന ഫാത്തിമയ്ക്കാണ് കടിയേറ്റത്;
ഉദുമ: അയല്‍ വീട്ടിലെ വളര്‍ത്തുനായയുടെ കടിയേറ്റ് വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റു. ഉദുമ പടിഞ്ഞാര്‍ ജന്‍മ കടപ്പുറത്തെ ഇബ്രാഹിമിന്റെ മകള്‍ ഷന ഫാത്തിമ(ആറ്)യ്ക്കാണ് കടിയേറ്റത്. ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിനിയായ ഷന സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ ഉടന്‍ പിന്നാലെ എത്തിയ നായ വീട്ടില്‍ കയറി കുട്ടിയെ കടിക്കുകയായിരുന്നു. വീട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് നായയെ ഓടിച്ചു.
തലക്കും കാലിനും വയറിനുമെല്ലാം ആഴത്തില്‍ മുറിവേറ്റ കുട്ടിയെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അയല്‍വീട്ടിലെ ഭാസ്‌ക്കരന്റെ നായയാണ് കടിച്ചത്. വീട്ടുകാര്‍ കണ്ടില്ലായിരുന്നങ്കില്‍ നായയുടെ കടിയേറ്റ് കുട്ടിക്ക് ജീവാപായം പോലും സംഭവിക്കുമായിരുന്നു. അഴിച്ച് വിട്ട് നായയെ വളര്‍ത്തുന്നതിനെതിരെ പൊലീസില്‍ പരാതി നല്‍കാനാണ് വീട്ടുകാരുടെ തീരുമാനം. തെരുവ് പട്ടിയെ കൊണ്ട് പൊറുതി മുട്ടിയ നാട്ടിലാണ് വളര്‍ത്തുപട്ടിയും ഭീഷണിയായി മാറിയത്.