38 മണിക്കൂര്‍ നിശ്ചലമായി നിന്ന് ലോക റെക്കോര്‍ഡ് നേടി ഓസ്ട്രേലിയന്‍ യൂട്യൂബര്‍; ശല്യം ചെയ്തും ചുംബിച്ചും ശ്രദ്ധ മാറ്റി കാഴ്ചക്കാര്‍

Update: 2025-03-11 11:20 GMT

റെക്കോര്‍ഡിനായി ആളുകള്‍ എന്ത് കഷ്ടപ്പാടും സഹിക്കും. പല ചലഞ്ചുകളും ഏറ്റെടുത്ത് വിജയിക്കുകയും ചെയ്യും. അവരുടെ മുന്നില്‍ റെക്കോര്‍ഡ് നേടുക എന്ന ഒറ്റ ലക്ഷ്യം മാത്രമേ ഉള്ളൂ. അത്തരത്തില്‍ 38 മണിക്കൂര്‍ നിശ്ചലമായി നിന്ന ശേഷം ലോക റെക്കോര്‍ഡ് നേടിയിരിക്കുകയാണ് ഓസ്ട്രേലിയന്‍ യൂട്യൂബര്‍ നോറം. കഠിനമായ ചലഞ്ചുകള്‍ ഏറ്റെടുത്തു ചെയ്യുന്നതില്‍ അറിയപ്പെടുന്ന ആളാണ് നോറം.

ലൈവ് സ്ട്രീമില്‍ ഏറ്റവും കൂടുതല്‍ നേരം ഉണര്‍ന്നിരുന്നതിന് പുതിയ ലോക റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ ശ്രമിച്ച നോറം വാര്‍ത്തകളില്‍ നിറയുകയാണ്. യുവാവിന്റെ മണിക്കൂറുകളോളമുള്ള നിശ്ചലമായ നില്‍പ്പ് അപകടത്തിലേക്ക് എത്തുമെന്ന് ഭയന്ന് ആളുകള്‍ പൊലീസിനെ വരെ വിളിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലും ഇതുപോലെ ഒരു ചലഞ്ച് ഇയാള്‍ നടത്തിയിരുന്നു. അന്ന് ഒരു ലൈവ് സ്ട്രീമിനിടെ ഏറ്റവും കൂടുതല്‍ സമയം ഉറങ്ങാതെ ഇരുന്നതിന്റെ ലോക റെക്കോര്‍ഡ് തകര്‍ക്കാനായിരുന്നു ശ്രമം. 264 മണിക്കൂര്‍ ഇയാള്‍ ഉണര്‍ന്നിരുന്നു. ഏറെക്കുറെ ബോധം പൂര്‍ണമായും നശിച്ച അവസ്ഥയിലായിരുന്നു അന്ന് നോറം. ലൈവ് സ്ട്രീമില്‍ തന്നെ ബോധക്ഷയവും ഉണ്ടായി. ഒടുവില്‍ കാഴ്ചക്കാര്‍ ഇയാളുടെ ആരോഗ്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചതോടെ യൂട്യൂബ് തന്നെ ലൈവ് സ്ട്രീം തടയുകയായിരുന്നു.

ഇത്തവണത്തെ ചലഞ്ച് ഏറെ നേരം നിശ്ചലമായി നില്‍ക്കുക എന്നതായിരുന്നു. അതും വിജയകരമായി പൂര്‍ത്തിയാക്കി. റോഡരികില്‍ അനങ്ങാതെ നിന്ന നോറത്തെ ആളുകള്‍ പലതരത്തിലും ശല്യപ്പെടുത്താന്‍ ശ്രമിക്കുന്നത് പുറത്തുവന്ന വിഡിയോകളില്‍ കാണാം. ഇയാളുടെ ദേഹത്ത് ആളുകള്‍ സ്‌പ്രേ പെയിന്റടിക്കുകയും, മീശ വരയ്ക്കുകയും, ചുംബിക്കാന്‍ ശ്രമിക്കുകയും ഒക്കെ ചെയ്യുന്നുണ്ട് . എന്നാല്‍ അവിടെ നിന്നും ഒരടി പോലും ചലിക്കാന്‍ നോറം തയ്യാറായിരുന്നില്ല.

നോറത്തിന്റെ മണിക്കൂറുകള്‍ നീണ്ട ചലഞ്ചിന്റെ വീഡിയോ മിനിറ്റുകളിലാക്കി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

Similar News