ആചാരത്തിന്റെ ഭാഗമായി കാഞ്ഞിരക്കായ കഴിച്ചു; വെളിച്ചപ്പാടിന് ദാരുണാന്ത്യം

Update: 2025-01-23 10:40 GMT

പാലക്കാട്: ക്ഷേത്ര ആചാരത്തിന്റെ ഭാഗമായി കാഞ്ഞിരക്കായ കഴിച്ച വെളിച്ചപ്പാട് മരിച്ചു. പാലക്കാട് പരുമുതൂര്‍ കുളമുക്ക് സ്വദേശി ഷൈജു (43) ആണ് മരിച്ചത്. ക്ഷേത്ര ചടങ്ങിന്റെ ഭാഗമായി വര്‍ഷം തോറും കുടുംബങ്ങള്‍ നടത്താറുള്ള ആട്ട് ചടങ്ങിനിടെയായിരുന്നു സംഭവം. അഞ്ഞൂറിലേറെ പേരുള്ള കുടുംബാംഗങ്ങള്‍ ചേര്‍ന്നാണ് ഇത് നടത്തുന്നത്. ആചാരത്തിന്റെ ഭാഗമായി സമര്‍പ്പിച്ച പഴങ്ങള്‍ക്കൊപ്പം കാഞ്ഞിരക്കായയും ഉണ്ടായിരുന്നു. ഉറഞ്ഞുതുള്ളിയ ശേഷം കാഞ്ഞിരക്കായ കഴിച്ച ഷൈജുവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടനെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആചാരത്തിന്റെ ഭാഗമായി മൂന്ന് തവണയാണ് ഷൈജു കാഞ്ഞിരക്കായ കഴിച്ചത്.സാധാരണ വെളിച്ചപ്പാട് തുള്ളുന്നവര്‍ ഇത് കടിച്ച ശേഷം തുപ്പിക്കളയുകയാണ് പതിവ്. എന്നാല്‍ ഷൈജു മൂന്ന് തവണ കായ കഴിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

Similar News