ബഹിരാകാശത്ത് ക്രിസ്മസ്..!! സാന്റയായി സുനിതാ വില്യംസും സംഘവും

Update: 2024-12-17 10:24 GMT

സാന്റായുടെ വേഷത്തില്‍ സുനിത വില്യംസും ഡോണ്‍ പെറ്റിറ്റും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍                     Photo Credit-NASA

നാസയുടെ ബഹിരാകാശ സഞ്ചാരി സുനിത വില്യംസും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ സംഘവും (ഐഎസ്എസ്) ക്രിസ്മസ് ആഘോഷത്തിന്റെ ആവേശത്തിലാണ്. ഭ്രമണപഥത്തിലെ ലബോറട്ടറിയിലേക്ക് അവശ്യസാധനങ്ങളും അവധിക്കാല സമ്മാനങ്ങളും വിതരണം ചെയ്ത് സ്‌പേസ് എക്‌സ് ഡ്രാഗണ്‍ ക്യാപ്സ്യൂള്‍ അടുത്തിടെ മടങ്ങിയതിന് പിന്നാലെയാണ് ആഘോഷം തുടങ്ങിയത്.സുനിത വില്യംസ്, ബഹിരാകാശ സഞ്ചാരി ഡോണ്‍ പെറ്റിറ്റിനൊപ്പം സാന്താ തൊപ്പികള്‍ ധരിച്ചിരിക്കുന്ന ഫോട്ടോ നാസാ എക്‌സില്‍ പങ്കുവെച്ചു. ഭൂമിയില്‍ നിന്ന് അയച്ച ചേരുവകള്‍ ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കിയും പ്രീയപ്പെട്ടവരെ വീഡിയോ കോള്‍ ചെയ്തും ക്രിസ്മസ് ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് സംഘം.

സുനിത വില്യംസും സഹ ബഹിരാകാശയാത്രികരും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലും സജീവമാണ്. തത്സമയ വീഡിയോ സെഷനുകളിലൂടെ ഭൂമിയിലെ വിദ്യാര്‍ത്ഥികളുമായി ബഹിരാകാശ ജീവിതത്തെക്കുറിച്ചുള്ള അനുഭവങ്ങളും സംഘം പങ്കിടുന്നുണ്ട്.വിജയകരമായ കാര്‍ഗോ ഡെലിവറി മിഷനെ തുടര്‍ന്ന് സ്‌പേസ് എക്‌സ് ഡ്രാഗണ്‍ ബഹിരാകാശ പേടകം ഈ മാസം ആദ്യമാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് മടങ്ങിയത്. പൈലറ്റ് ഇല്ലാത്ത ഡ്രാഗണ്‍ ക്യാപ്സ്യൂള്‍ ഏകദേശം 2,720 കിലോഗ്രാം ക്രൂ സാമഗ്രികളും ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്കായുള്ള ഉപകരണങ്ങളും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. നാസയുടെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ ഡ്രാഗണ്‍ ക്യാപ്‌സ്യൂള്‍ വിക്ഷേപിച്ചത്.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ആറ് മാസം ചെലവഴിച്ച സുനിത വില്യംസും ബുച്ച് വില്‍മോറും ഫെബ്രുവരിയില്‍ ഭൂമിയില്‍ തിരിച്ചെത്തും. മിഷന്റെ തുടക്കത്തില്‍ ജൂണില്‍ ഇരുവര്‍ക്കും വിമാനം തകരാറിലായത് വെല്ലുവിളികള്‍ സൃഷ്ടിച്ചിരുന്നു, പിന്നീട് ബഹിരാകാശത്ത് തങ്ങുന്നത് നീട്ടുകയായിരുന്നു.

Similar News