ഓടുന്ന ട്രെയിനില്‍ നിന്ന് മാലിന്യം ട്രാക്കിലേക്ക്; ജീവനക്കാരനെതിരെ നടപടി; വീഡിയോ വൈറല്‍

Update: 2025-03-07 10:53 GMT

ഓടുന്ന ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് മാലിന്യം തള്ളുന്ന ഇന്ത്യന്‍ റെയില്‍വേ ജീവനക്കാരന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. സുബേദാര്‍ഗഞ്ചിനും മുംബൈയിലെ ലോക്മാന്യ തിലക് ടെര്‍മിനസിനും ഇടയില്‍ വ്യാഴാഴ്ചകളില്‍ ഓടുന്ന വൈഡ് ഗേജ് ട്രെയിനായ സുബേദാര്‍ഗഞ്ച്-ലോകമാന്യ തിലക് സ്‌പെഷ്യല്‍ ഫെയര്‍ എസ്.എഫ് സ്‌പെഷ്യലില്‍ നിന്ന് പകര്‍ത്തിയതാണ് ദൃശ്യങ്ങള്‍.

'ദി സ്‌കിന്‍ ഡോക്ടര്‍' എന്ന എക്‌സ് അക്കൗണ്ടില്‍ പങ്കിട്ട 49 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ലക്ഷക്കണക്കിന് പേരാണ് കണ്ടത്. വീഡിയോ ചര്‍ച്ചയായതിന് പിന്നാലെ ജീവനക്കാരനെ നീക്കം ചെയ്തതായി റെയില്‍വേ സേവാ അറിയിച്ചു.

വീഡിയോയില്‍, 'ഈ മനുഷ്യന്‍ ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് മാലിന്യം വലിച്ചെറിയുന്നു. ഇതാണ് ഇന്ത്യന്‍ റെയില്‍വേയുടെ അവസ്ഥ. അദ്ദേഹം ഒരു മുതിര്‍ന്ന ജീവനക്കാരനാണ്' എന്ന് യാത്രക്കാരന്‍ ഹിന്ദിയില്‍ പറയുന്നത് കേള്‍ക്കാം.

''അയാളുടെ പ്രവൃത്തി റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്ന് അയാള്‍ക്ക് അറിയാമായിരുന്നു, ആളുകള്‍ അയാളോട് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നിട്ടും അത് പോലും അനുസരിക്കാന്‍ ആരോപണവിധേയനായ റെയില്‍വേ ജീവനക്കാരന്‍ തയ്യാറായില്ല. ഈ ധാര്‍ഷ്ട്യവും ആത്മവിശ്വാസവും എവിടെ നിന്നാണ് വരുന്നത്?'' എന്നായിരുന്നു വൈറലായ വീഡിയോയുടെ അടിക്കുറിപ്പ്

അതേസമയം, ഇന്ത്യന്‍ റെയില്‍വേയില്‍ മാലിന്യ നിര്‍മാര്‍ജന സംവിധാനം കാര്യക്ഷമമാണെന്ന് ഔദ്യോഗിക റെയില്‍വേ സേവാ പ്രതികരിച്ചു. നിയമലംഘനത്തിന് ഉത്തരവാദികളായ ഓണ്‍-ബോര്‍ഡ് ഹൗസ് കീപ്പിംഗ് സര്‍വീസസ് (ഒബിഎച്ച്എസ്) ജീവനക്കാരെ നീക്കം ചെയ്തതായും കനത്ത പിഴ ഈടാക്കിയതായും അവര്‍ അറിയിച്ചു.




 


Similar News