ഓട്ടോ യാത്രയില്‍ പാര്‍ട്ടി വൈബ്; ഈ ഓട്ടോയില്‍ എല്ലാം സെറ്റാണ്

Update: 2025-02-05 10:42 GMT

പൂനെ: പൂനെയിലെ ഒരു ഓട്ടോറിക്ഷയും അതിന്റെ ഡ്രൈവറും ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ താരമായിരിക്കുന്നത്. യാത്രക്കാരെ കയ്യിലെടുക്കാന്‍ ഓട്ടോറിക്ഷയില്‍ മിനി പാര്‍ട്ടി തന്നെ ഒരുക്കിയിരിക്കുകയാണ് ഓട്ടോ ഡ്രൈവര്‍. അക്വേറിയം, സ്പീക്കറുകള്‍, ഡിസ്‌കോ ലൈറ്റുകള്‍ തുടങ്ങി ഓട്ടോയില്‍ ഒരുക്കിയ സംവിധാനങ്ങള്‍ യാത്രക്കാര്‍ക്ക് പുത്തന്‍ അനുഭവമാവും. ഓട്ടോയില്‍ കയറിയ യാത്രക്കാരന്‍ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതോടെയാണ് ഓട്ടോ ഡ്രൈവറും ഓട്ടോ റിക്ഷയും വൈറലായത് .  @thatssosakshi ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത് .ഡ്രൈവര്‍ സീറ്റിന് തൊട്ടുപിന്നില്‍ സ്ഥാപിച്ച അക്വേറിയത്തില്‍ മത്സ്യങ്ങള്‍, അതിന് മുകളിലായി സ്പീക്കറുകളും ഡിസ്‌കോ ലൈറ്റുകളും. ഒരു മിനി പാര്‍ട്ടി ആഗ്രഹിക്കുന്നവര്‍ക്ക് ഓട്ടോ റിക്ഷയിലുളള യാത്രക്കൊപ്പം പാര്‍ട്ടി വൈബ് ആസ്വദിക്കാം.

ഡ്രൈവറുടെ സര്‍ഗ്ഗാത്മകതയെ സോഷ്യല്‍ മീഡിയയില്‍ പലരും പ്രശംസിക്കുകയും അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം, ബെംഗളൂരുവിലെ ഒരു ഓട്ടോ ഡ്രൈവര്‍ തന്റെ വാഹനത്തെ ഒരു മിനി ലൈബ്രറിയാക്കി മാറ്റിയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. വൃത്തിയായി ക്രമീകരിച്ച പുസ്തകങ്ങളുടെ ഷെല്‍ഫുകളും 'എല്ലാവര്‍ക്കും സൗജന്യം, നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ എടുക്കുക' എന്ന ഒരു ബോര്‍ഡും കാണാമായിരുന്നു.



Similar News