'ഡാ ചാടെല്ലെടാ'; ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവിന് രക്ഷകനായി പൊലീസുകാരന്‍
ആലപ്പുഴ: സമൂഹ മാധ്യമങ്ങളില്‍ താരമായി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവിനെ രക്ഷിച്ച പൊലീസുകാരന്‍. ഹരിപ്പാട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ നിഷാദാണ് സ്വന്തം ജീവന്‍ പണയപ്പെടുത്തി ട്രാക്കിലൂടെ ഓടി യുവാവിനെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്.
ആലപ്പുഴയിലെ ഹരിപ്പാട് ബ്രഹ്‌മാണ്ട വിലാസം സ്‌കൂളിനും തൃപ്പക്കുടം റെയില്‍വേ ക്രോസിനും ഇടയില്‍ കാട് പിടിച്ച സ്ഥലത്ത് കഴിഞ്ഞദിവസമാണ് സംഭവം നടന്നത്. തിരുവനന്തപുരത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് വന്ന ജനശതാബ്ദി എക്‌സ്പ്രസ് ആണ് ഈ സമയം ട്രാക്കില്‍ കൂടി കടന്നുപോയത്. എന്നാല്‍ നിഷാദ് എന്ന പൊലീസുകാരന്റെ സമയോചിത ഇടപെടല്‍ മൂലം ഒരു വലിയ ദുരന്തമാണ് ഒഴിവായത്.
സംഭവത്തെ കുറിച്ച് നിഷാദ് പറയുന്നത്:
ഒരു യുവാവിനെ കാണാനില്ലെന്ന സന്ദേശം രാവിലെ സ്റ്റേഷനില്‍ നിന്നും അറിയിച്ചിരുന്നു. ഏഴ് മണിക്ക് ലൊക്കേഷന്‍ നോക്കിയപ്പോള്‍ റെയില്‍വേ ട്രാക്കിന് അടുത്തായാണ് കാണിച്ചത്. ഉടന്‍ തന്നെ അങ്ങോട്ടേക്ക് പോയി. ഗേറ്റ് കീപ്പറോട് അന്വേഷിച്ചപ്പോള്‍ ഹരിപ്പാട് നിന്ന് പാസ് ചെയ്യാത്ത ഒരു ട്രെയിന്‍ വരുന്നുണ്ടെന്നും ഒരാള്‍ ട്രാക്കില്‍ നില്‍ക്കുന്നതുപോലെ തോന്നുന്നതായും പറഞ്ഞു.
ട്രെയിന്‍ പിടിച്ചിടുന്ന കാര്യം അന്വേഷിച്ചെങ്കിലും ഹരിപ്പാട് നിന്ന് വിട്ടെന്നും എത്താറായെന്നും ഇനി പിടിക്കാന്‍ പറ്റില്ലെന്നുമാണ് അറിയിച്ചത്. അവിടെ നിന്നും ഏകദേശം 200 മീറ്റര്‍ ദൂരെ ഒരാള്‍ നില്‍പ്പുണ്ടെന്നാണ് ഗേറ്റ് കീപ്പര്‍ പറഞ്ഞത്. ഇതോടെ മറ്റൊന്നും ആലോചിക്കാതെ ട്രാക്ക് വഴി യുവാവിനെ രക്ഷിക്കാനായി ഓടുകയായിരുന്നു.
ഏകദേശം 100 മീറ്റര്‍ എത്തിയപ്പോള്‍ ട്രെയിന്‍ വരുന്നത് കണ്ടു. ഈ സമയം യുവാവ് ട്രാക്കില്‍ തന്നെ നില്‍ക്കുകയായിരുന്നു. എന്നാല്‍ ട്രാക്കിലൂടെ ഓടി യുവാവിന് അടുത്ത് എത്തുക പ്രയാസമായിരുന്നു. എന്നാല്‍ ട്രെയിന്‍ അടുത്ത് വരുന്നതും കണ്ടു. ഇതോടെ ഡാ ചാടെല്ലെടാ പ്ലീസ്... എന്ന് അലറി വിളിച്ചു.
ചെരുപ്പ് ഊരി പോയതുകൊണ്ട് ട്രാക്കിലൂടെ ഓടാനും പറ്റിയില്ല. ഇതിനിടെ കാല് തെറ്റി ട്രാക്കില്‍ വീഴുകയും ചെയ്തു. ഭാഗ്യത്തിന് ട്രെയിന്‍ വരുന്നതിന് മുമ്പ് തന്നെ ഇപ്പുറത്തേക്ക് മാറാന്‍ കഴിഞ്ഞു. തന്റെ വിളി കേട്ടതോടെ യുവാവും ട്രാക്കില്‍ നിന്ന് മാറി. വീട്ടിലെ ചില പ്രശ്‌നങ്ങളാണ് ജീവിതം അവസാനിപ്പിക്കാന്‍ യുവാവിനെ പ്രേരിപ്പിച്ചത്- എന്നും നിഷാദ് പറഞ്ഞു.
ഏതായാലും സംഭവം വാര്‍ത്തയായതോടെ നിഷാദിനെ തേടി എത്തുന്നത് അഭിനന്ദന പ്രവാഹമാണ്. സ്വന്തം ജീവന്‍ പണയപ്പെടുത്തി ഒരു യുവാവിനെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചതില്‍ അവര്‍ നിഷാദിനോട് നന്ദിയും പറഞ്ഞു. ഇനി ഇത്തരത്തില്‍ ജീവനൊടുക്കാന്‍ ശ്രമിക്കരുതെന്ന് യുവാവിനോട് അഭ്യര്‍ഥിക്കുകയും ചെയ്തിട്ടുണ്ട്.