'സ്‌നേഹത്തിന് അതിരുകളില്ല'; അമ്മ പൂച്ചയ്ക്കും കുഞ്ഞുങ്ങള്‍ക്കും കൂടൊരുക്കുന്ന പ്രാവിന്റെ ഹൃദയസ്പര്‍ശിയായ വിഡിയോ വൈറല്‍
സമൂഹ മാധ്യമങ്ങളില്‍ വിഡിയോ പോസ്റ്റ് ചെയ്യുന്നത് പലര്‍ക്കും ഒരു വിനോദമാണ്. ഇത്തരം വിഡിയോകളില്‍ പലതും ഹൃദയ സ്പര്‍ശിയാണ്. ആളുകള്‍ ഇത് പെട്ടെന്ന് ഏറ്റെടുക്കുകയും വൈറലാകുകയും ചെയ്യുന്നു. അത്തരത്തില്‍ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചു പറ്റിയ ഒരു വിഡിയോ ഇപ്പോള്‍ വൈറലാകുകയാണ്.
സഹജീവികളോടുള്ള സ്‌നേഹം മനുഷ്യര്‍ക്ക് മാത്രമല്ല മൃഗങ്ങളിലും ഉണ്ടെന്ന് തെളിയിക്കുന്ന വിഡിയോ ആണിത്. ഈ വിഡിയോയിലെ പ്രധാന കഥാപാത്രങ്ങള്‍ ഒരു പ്രാവും പ്രസവിച്ചു കിടക്കുന്ന ഒരു പൂച്ചയുമാണ്.
തന്റെ കൂട്ടുകാരിയായ പൂച്ചയ്ക്കും കുഞ്ഞുങ്ങള്‍ക്കും വേണ്ടി കൂടൊരുക്കുന്ന പ്രാവിന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. വിഡിയോ കണ്ട് ഹൃദയ സ്പര്‍ശി എന്നാണ് പല ഉപയോക്താക്കളും കുറിച്ചത്.
വീട്ടുവളപ്പില്‍ നിന്നും കൊക്കില്‍ ചെറിയ ചില്ലകളും ഇലകളും ഒക്കെ കൊത്തിക്കൊണ്ടുവരുന്ന പ്രാവിനെയാണ് വിഡിയോയുടെ തുടക്കത്തില്‍ കാണാനാവുക.
തുടര്‍ന്ന് ആ പ്രാവ് താന്‍ കൊണ്ടുവന്ന സാധനങ്ങള്‍ ഒരു മൂലയില്‍ ശ്രദ്ധാപൂര്‍വ്വം ക്രമീകരിക്കുന്നു. കൂടുണ്ടാക്കാനായി ശേഖരിച്ചു വെച്ചിരിക്കുന്ന ചെറുസാധനങ്ങളുടെ ഒരു വലിയ കൂമ്പാരം തന്നെ അവിടെ കാണാം.
വിഡിയോയുടെ തൊട്ടടുത്ത ഭാഗത്ത് തന്റെ പൂച്ചക്കുട്ടികളുമായി ആ കൂട്ടില്‍ കിടക്കുന്ന പൂച്ചയെയാണ് കാണാന്‍ കഴിയുക. വിഡിയോയില്‍ പല ഭാഗങ്ങളിലായി പ്രാവ് പൂച്ചക്കുട്ടികളെ കളിപ്പിക്കുന്നതും അവയ്ക്കരികില്‍ ഇരിക്കുന്നതും കാണാം. കൂടാതെ പൂച്ചക്കുട്ടികളോടൊപ്പം കിടന്നുറങ്ങുന്ന പ്രാവിന്റെ ദൃശ്യങ്ങളും ഉണ്ട്.
വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ ഭൂരിഭാഗം ആളുകളും ചോദിച്ചത് എന്തുകൊണ്ടാണ് ആ പൂച്ച പ്രാവിനെ ആക്രമിക്കാതിരുന്നത് എന്നാണ്. അതിരുകളില്ലാത്ത സ്‌നേഹം എന്നും പൂച്ചയുടെയും പ്രാവിന്റെയും പരസ്പരബന്ധത്തെ നിരവധി പേര്‍ വിശേഷിപ്പിച്ചു.
'ഈ പാവം പക്ഷികളില്‍ നിന്ന് മനുഷ്യര്‍ക്ക് എങ്ങനെ വെറുക്കരുതെന്ന് പഠിക്കാം!' എന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്. 'അമ്മയുടെ സ്‌നേഹത്തിന് പരിധികളില്ല' എന്നായിരുന്നു മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടത്.