പത്ത് രൂപ അധികം ആവശ്യപ്പെട്ടു; കണ്ടക്ടറും മുന്‍ IAS ഓഫീസറും തല്ല്; കേസെടുത്ത് പൊലീസ്
പത്ത് രൂപ അധികം നല്‍കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ മുന്‍ ഐ.എ.എസ് ഉദ്യോസ്ഥനും കണ്ടക്ടറും തമ്മില്‍ ബസ്സില്‍ തമ്മിലടി. ജയ്പൂരിലാണ് സംഭവം. 75 വയസ്സുകാരനായ മുന്‍ ഉദ്യോഗസ്ഥനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ പൊലീസ് കേസെടുത്തു. ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പ്രകാരം സംഭവം ഇങ്ങനെയാണ്.
മുന്‍ ഐഎഎസ് ഓഫീസര്‍ ആര്‍.എന്‍ മീണ ജയ്പൂരില്‍ നിന്ന് നൈലയിലേക്കുള്ള ബസില്‍ യാത്ര ചെയ്യുകയായിരുന്നു. ആഗ്ര റോഡിലെ കനോട്ട ബസ് സ്റ്റാന്‍ഡില്‍ ആയിരുന്നു മീണയ്ക്ക് ഇറങ്ങേണ്ടിയിരുന്നത്. എന്നാല്‍ ഇത് മീണയെ അറിയിക്കാന്‍ കണ്ടക്ടര്‍ മറന്നു. തുടര്‍ന്ന് അടുത്ത ബസ് സ്‌റ്റോപ്പായ നൈലയില്‍ ഇറക്കാന്‍ തീരുമാനിച്ചു. നൈലയേക്കുള്ള ടിക്കറ്റ് ചാര്‍ജായി 10 രൂപ അധികം ബസ് കണ്ടക്ടര്‍ ആവശ്യപ്പെട്ടു. എന്നാല്‍ മീണ ഇത് നല്‍കാന്‍ തയ്യാറാവാതിരുന്നതോടെയായിരുന്നു തര്‍ക്കത്തിന്റെ തുടക്കം. തര്‍ക്കം മറ്റൊരു യാത്രക്കാരന്‍ മൊബൈലില്‍ പകര്‍ത്തി. ഈ ദൃശ്യമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കണ്ടക്ടര്‍ ആണ് ആദ്യം തര്‍ക്കത്തിന് തുടക്കം കുറിച്ചത്. മീണയെ തള്ളിയതോടെ തമ്മിലടിയാവുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പെട്ടതോടെ കണ്ടക്ടറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ ജയ്പൂര്‍ സിറ്റി ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസ് ലിമിറ്റഡ് ഉത്തരവിട്ടു.