മധുബനി അഴകില്‍ ധനമന്ത്രി; ദുലാരി ദേവിയോട് കടപ്പെട്ട് നിര്‍മല സീതാ രാമന്‍

Update: 2025-02-01 06:56 GMT

ന്യൂഡല്‍ഹി: ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന സാരി ധരിച്ചുകൊണ്ടാണ് തന്റെ തുടര്‍ച്ചയായ എട്ടാം ബജറ്റ് അവതരണത്തിന് നിര്‍മ്മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ എത്തിയത്. അതിവിദഗ്ദ്ധമായ കലവിരുതീലൂടെ മധുബനി എന്ന കലാസൃഷ്ടിയാല്‍ മനോഹരമാക്കിയ സാരി ധരിച്ചായിരുന്നു ബജറ്റ് അവതരണം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കലാസൃഷ്ടി സാരിയില്‍ തീര്‍ത്ത് നിര്‍മലക്ക് സമ്മാനിച്ചത് പത്മശ്രീ ദുലാരി ദേവിയാണ്.

മധുബനി എന്ന പരമ്പരാഗത കലാസൃഷ്ടിയെ അന്യംനിന്ന് പോകാതെ സംരക്ഷിക്കുന്ന ദുലാരി ദേവിയെ 2021ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. ബീഹാറിലെ മധുബനിയിലുള്ള മിഥില ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ക്രെഡിറ്റ് ഔട്ട്റീച്ച് പ്രോഗ്രാമിനിടെ നിര്‍മല സീതാരമാനെ കണ്ടപ്പോഴാണ് ദുലാരി ദേവി സാരി സമ്മാനിക്കുന്നത്. ബജറ്റ് ദിനത്തില്‍ ധരിക്കാനും അഭ്യര്‍ത്ഥിച്ചു. ദുലാരി ദേവിയോടുള്ള കടപ്പാടിന്റെ ഭാഗമായും മധുബനിയുടെ നിര്‍മലാ സീതാരാന്‍ സാരി ധരിച്ചത്.

ഇന്ത്യയിലെയും നേപ്പാളിലെയും മിഥില മേഖലയില്‍ പ്രചാരത്തിലുള്ള ചിത്രകലയാണ് മധുബനി. ബീഹാറിലെ മധുബനി ജില്ലയുടെ പേരിലാണ് ഇത് ഉത്ഭവിച്ചത്. കലാകാരന്മാര്‍ അവരുടെ സ്വന്തം വിരലുകള്‍, അല്ലെങ്കില്‍ ചില്ലകള്‍, ബ്രഷുകള്‍, നിബ്-പേനകള്‍, തീപ്പെട്ടികള്‍ എന്നിവയുള്‍പ്പെടെ വിവിധ മാധ്യമങ്ങള്‍ ഉപയോഗിച്ച് ഈ പെയിന്റിംഗുകള്‍ തീര്‍ക്കുന്നു. സ്വാഭാവിക ചായങ്ങളും പിഗ്മെന്റുകളും ഉപയോഗിച്ചാണ് പെയിന്റ് നിര്‍മ്മിച്ചിക്കുക. കണ്ണഞ്ചിപ്പിക്കുന്ന ജ്യാമിതീയ പാറ്റേണുകളാണ് ചിത്രങ്ങളുടെ പ്രത്യേകത. ജനനം അല്ലെങ്കില്‍ വിവാഹം, ഹോളി, സൂര്യ ഷഷ്ഠി, കാളി പൂജ, ഉപനയനം, ദുര്‍ഗ്ഗാ പൂജ തുടങ്ങിയ ഉത്സവങ്ങള്‍ പോലെയുള്ള പ്രത്യേക സന്ദര്‍ഭങ്ങളില്‍ ആചാരപരമായ ഉള്ളടക്കമുണ്ട്.

പരമ്പരാഗതമായി, മിഥില മേഖലയിലെ കുടുംബങ്ങളില്‍ പ്രധാനമായും സ്ത്രീകളില്‍ നിന്ന് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട കഴിവുകളില്‍ ഒന്നാണ് ചിത്രകല. ദര്‍ഭംഗയിലെ കലാകൃതി, മധുബനി ജില്ലയിലെ ബെനിപ്പട്ടിയിലെ വൈദേഹി, രന്തിയിലെ ഗ്രാമ വികാസ് പരിഷത്ത് എന്നിവ ഈ പുരാതന കലാരൂപത്തെ സജീവമാക്കി നിര്‍ത്തുന്ന മധുബനി ചിത്രകലയുടെ പ്രധാന കേന്ദ്രങ്ങളാണ്.

Similar News