നാല് ദിവസം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍; രണ്ട് ലക്ഷം രൂപ ബില്ലടക്കാതെ മുങ്ങി!!
ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ തങ്ങി ഭക്ഷണവും കഴിച്ച് രണ്ട് ലക്ഷം രൂപ ബില്ലടക്കാതെ യുവാവ് മുങ്ങി. വാരണാസിയിലാണ് സംഭവം. ഒഡീഷയില്‍ നിന്നുള്ള സാര്‍ത്ഥക് സഞ്ജയ് ആണ് വാരണാസിയിലെ ഹോട്ടല്‍ താജ് ഗാന്‍ജസില്‍ നിന്ന് കടന്നുകളഞ്ഞതെന്ന് ഹോട്ടല്‍ മാനേജ്‌മെന്റ് പൊലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കി. ഹോട്ടല്‍ മാനേജരായ റിഖി മുഖര്‍ജിയുടെ പരാതിയില്‍ പറയുന്നതിങ്ങനെ. ഒക്‌ടോബര്‍ 14 മുതല്‍ 18 വരെ സാര്‍ത്ഥക് സഞ്ജയ് ഹോട്ടലില്‍ താമസിച്ചു. നാല് ദിവസത്തെ റൂം വാടക 1,67,796 രൂപയും ഭക്ഷണത്തിന് 36750 രൂപയുമടക്കം 2,04,521 രൂപയാണ് ബില്ലായത്. എന്നാല്‍ ചെക്ക് 18ന് സഞ്ജയ് ഹോട്ടലില്‍ നിന്ന് കടന്നുകളഞ്ഞു. ഫോണ്‍ ചെയ്തപ്പോള്‍ സ്വിച്ച് ഓഫ് ആയിരുന്നു. റൂമില്‍ പരതി നോക്കിയപ്പോള്‍ കുറച്ച് വസ്ത്രങ്ങള്‍ മാത്രമാണ് കിട്ടിയത്. ഇയാളുടെ അഡ്രസും ഫോണ്‍ നമ്പറും പൊലീസിന് കൈമാറി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തെന്നും ഇയാളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.