സിനിമാ ചിത്രീകരണത്തിന് ഡെല്‍ഹിയില്‍ എത്തിയ മമ്മൂട്ടി ഉപരാഷ്ടപതിയുമായി കൂടിക്കാഴ്ച നടത്തി
കൊച്ചി: സിനിമാ ചിത്രീകരണത്തിന് ഡെല്‍ഹിയില്‍ എത്തിയ നടന്‍ മമ്മൂട്ടി ഉപരാഷ്ടപതി ജഗ്ദീപ് ധന്‍കറുമായി കൂടിക്കാഴ്ച നടത്തി. ജോണ്‍ ബ്രിട്ടാസ് എംപിക്കൊപ്പമായിരുന്നു കൂടിക്കാഴ്ച. മമ്മൂട്ടിക്കൊപ്പം ഭാര്യ സുല്‍ഫത്തും ഉണ്ടായിരുന്നു. ജഗ്ദീപ് ധന്‍കറുമായും ഭാര്യ സുധേഷ് ധന്‍കറുമായും ഇരുവരും സംസാരിച്ചു.
ആന്റോ ജോസഫ് നിര്‍മിച്ച് മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് മമ്മൂട്ടി രാജ്യതലസ്ഥാനത്ത് എത്തിയത്. തന്റെ സിനിമാ ജീവിതത്തിലെ തന്നെ വഴിത്തിരിവായിരുന്ന ജോഷി ചിത്രം 'ന്യൂഡല്‍ഹി'ക്കുശേഷം ഒരു സിനിമയുടെ ചിത്രീകരണത്തിനായി മമ്മൂട്ടി രാജ്യതലസ്ഥാനത്ത് എത്തുന്നത് ഇത് മൂന്നാം തവണയാണ്. സുരേഷ് ഗോപിക്കൊപ്പം ഷാജി കൈലാസിന്റെ ദി കിങ് ആന്‍ഡ് കമ്മിഷണര്‍ ആണ് ഡെല്‍ഹിയില്‍ ഷൂട്ട് ചെയ്ത മറ്റൊരു മമ്മൂട്ടി ചിത്രം.
ഷൂട്ടിങ്ങിനായി മോഹന്‍ലാലും അടുത്തദിവസം ഡല്‍ഹിയില്‍ എത്തുന്നുണ്ട്. ആദ്യമായാണ് രണ്ടു സൂപ്പര്‍ താരങ്ങളും ഒരു ഷൂട്ടിനായി ഡല്‍ഹിയില്‍ ഒരുമിക്കുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും ഡല്‍ഹിയില്‍ ഒരുമിക്കുന്നു എന്നതിന് പുറമെ 18 വര്‍ഷങ്ങള്‍ക്കുശേഷം ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ഹരി കൃഷ്ണന്‍സ് ആണ് ഇരുവരും ഒരുമിച്ചെത്തിയ അവസാന ചിത്രം. ഫഹദ് ഫാസില്‍, നയന്‍താര, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയ വന്‍ താരങ്ങളും ചിത്രത്തിലുണ്ട്.