റൂട്ട് മാപ്പില്‍ നൃത്തം ചെയ്യുന്ന രൂപം വരണം; ലക്ഷ്യം നിറവേറ്റാന്‍ യുവാവ് ഓടിയത് 1105 കിലോമീറ്റര്‍; വാര്‍ത്ത സത്യമോ?

Update: 2025-03-09 11:01 GMT

സ്വപ്‌ന സാക്ഷാത്ക്കാരത്തിനായി യുവാവ് ഓടിയത് 1105 കിലോമീറ്റര്‍. കാനഡയിലെ ടൊറന്റോയില്‍ നിന്നുള്ള ഒരാളാണ് തന്റെ സ്വപ്നസാക്ഷാത്കാരത്തിനായി 1105 കിലോമീറ്റര്‍ ദൂരം ഓടിയത്. ഫിറ്റ്നസും സാങ്കേതികവിദ്യയും കലയും സംയോജിപ്പിച്ചുകൊണ്ടുള്ള അയാളുടെ ആ യാത്ര ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

തന്റെ റൂട്ട് മാപ്പില്‍ ഒരു വലിയ നൃത്തരൂപം സൃഷ്ടിക്കുക എന്നതായിരുന്നത്രെ ഇയാളുടെ ലക്ഷ്യം. അതിനായി ഒരു ജിപിഎസ് ട്രാക്കിംഗ് ആപ്പ് ഉപയോഗിച്ച് അദ്ദേഹം തന്റെ റൂട്ടുകള്‍ സൂക്ഷ്മമായി ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ആയിരുന്നു. ഒരു വര്‍ഷം കൊണ്ടാണ് തന്റെ ആഗ്രഹം പൂര്‍ത്തീകരിക്കാനുള്ള ലക്ഷ്യത്തിലേക്ക് അദ്ദേഹം എത്തിയത്.

ഔട്ട് ഓഫ് കോണ്‍ടെക്സ് ഹ്യൂമന്‍ റേസ് എന്ന യൂസര്‍ തന്റെ എക്‌സ് പോസ്റ്റില്‍ ഇതുസംബന്ധിച്ച കുറിപ്പ് പങ്കുവച്ചതോടെയാണ് സംഭവം വൈറലായത്.

കുറിപ്പ് ഇങ്ങനെയാണ്:

'ടൊറന്റോയിലുള്ള ഒരു മനുഷ്യന്‍ ഒരു വര്‍ഷത്തില്‍ 1,105 കിലോമീറ്റര്‍ (687 മൈല്‍) ഓടി. ആ യാത്ര ഒരു നൃത്തരൂപത്തിലാകാന്‍ തന്റെ വഴികള്‍ അദ്ദേഹം ശ്രദ്ധാപൂര്‍വ്വം പ്ലാന്‍ ചെയ്തു.' റൂട്ട് മാപ്പിന്റെ ആനിമേറ്റഡ് ചിത്രം പ്രദര്‍ശിപ്പിക്കുന്ന ഒരു ജിഫും പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഏകദേശം 12.7 ദശലക്ഷത്തില്‍ അധികം ആളുകള്‍ പോസ്റ്റ് കണ്ടുകഴിഞ്ഞു. എന്നാല്‍, ഇത്തരത്തില്‍ ഒരു യാത്ര നടത്തിയ വ്യക്തി ആരാണ് എന്നതിനെ കുറിച്ച് പോസ്റ്റില്‍ വ്യക്തമാക്കാത്തത് ഉപഭോക്താക്കളെ നിരാശപ്പെടുത്തി. പലരും ഇതിനെ വിമര്‍ശിച്ച് രംഗത്തെത്തുകയും ചെയ്തു.

അതുകൊണ്ടുതന്നെ വാര്‍ത്ത സത്യമാണെന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല എന്നാണ് പലരും അഭിപ്രായപ്പെട്ടത്. സത്യമാണെങ്കില്‍ ആ യാത്രക്കാരന്‍ തീര്‍ച്ചയായും വലിയ അഭിനന്ദനം അര്‍ഹിക്കുന്നു എന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

Similar News