'കുടിയേറ്റക്കാരോടും ലൈംഗീക ന്യൂനപക്ഷങ്ങളോടും കരുണ കാണിക്കൂ'; ട്രംപിനെ മുന്നിലിരുത്തി വനിതാ ബിഷപ്പ്

Update: 2025-01-22 05:41 GMT

വാഷിംഗ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥാനം ഏറ്റെടുത്തതിന് ശേഷം വാഷിംഗ്ടണിലെ നാഷണല്‍ കത്തീഡ്രലില്‍ നടന്ന ശുശ്രൂഷയില്‍ ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഓര്‍ഡറുകള്‍ക്കെതിരെ പ്രതികരിച്ച് ബിഷപ്പ് മരിയന്‍ എഡ്ഗര്‍ ബുഡ്. സ്വവര്‍ഗ്ഗാനുരാഗികള്‍, ലെസ്ബിയന്‍, ട്രാന്‍സ്ജെന്‍ഡര്‍ കുട്ടികള്‍, അതുപോലെ രാജ്യത്തെ കുടിയേറ്റക്കാര്‍ എന്നിവരോട് കരുണ കാണിക്കണമെന്ന് പ്രസിഡന്റിനോട് നേരിട്ട് അഭ്യര്‍ത്ഥിച്ചു.രാജ്യത്ത് സ്വവര്‍ഗ, ലെസ്ബിയന്‍,ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങളിലുള്ളവര്‍ ഇപ്പോള്‍ ഭീതിയോടെയാണ് കഴിയുന്നത്. കോടിക്കണക്കിന് പേരാണ് താങ്കളില്‍ വിശ്വാസമര്‍പ്പിക്കുന്നത്. നമ്മുടെ കൃഷിയിടങ്ങളില്‍ വിളവെടുക്കുന്നവരും ഓഫീസുകള്‍ വൃത്തിയാക്കുന്നവരും ഫാമുകളിലെ തൊഴിലാളികളും പാത്രങ്ങള്‍ കഴുകുന്നവരും ഇവിടുത്തെ പൗരന്‍മാര്‍ ആയിരിക്കണമെന്നില്ല. രേഖകളുണ്ടാവില്ലായിരിക്കാം. വലിയ ഭൂരിപക്ഷം കുടിയേറ്റക്കാര്‍ ക്രമിനലുകളല്ല. അവര്‍ക്ക് മേല്‍ പ്രസിഡന്റായ താങ്കള്‍ കരുണകാണിക്കണമെന്നും അവരുടെ കുട്ടികള്‍ സ്വന്തം മാതാപിതാക്കളെ നഷ്ടപ്പെടുമോ എന്ന ഭയത്തിലാണെന്നും ബിഷപ്പ് വ്യക്തമാക്കി. ട്രാന്‍സ്ജെന്‍ഡര്‍ അവകാശങ്ങളിലും കുടിയേറ്റത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് ട്രംപ് നിരവധി എക്സിക്യൂട്ടീവ് ഉത്തരവുകള്‍ പുറപ്പെടുവിച്ചതിന് തൊട്ടുപിന്നാലെയാണ് ബിഷപ്പിന്റെ പ്രസ്താവന. ,സദസ്സില്‍ മുന്‍നിരയിലായിരുന്നു ട്രംപും ഭാര്യയും. വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് ആശ്ചര്യത്തോടെ കേള്‍ക്കുന്നതിനൊപ്പം ഇടക്കിടെ സ്വന്തം ഭാര്യയെയും നോക്കുന്നുണ്ടായിരുന്നു.

ബിഷപ്പിന്റെ പ്രസ്താവനയ്ക്ക് ശേഷം ഇത് തന്നെ ആശ്ചര്യപ്പെടുത്തുന്നില്ലെന്നും ഇതല്ല നല്ല പ്രവൃത്തിയെന്നും കുറച്ച് നന്നാക്കാമായിരുന്നുവെന്നും ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചു.

Similar News