ഒറ്റനോട്ടത്തില്‍ ആധാര്‍ കാര്‍ഡ്..!! സൂക്ഷിച്ച് നോക്കിയാല്‍ അല്ല..
എല്ലാ മേഖലയിലും പരമ്പരാഗത ശൈലിയില്‍ നിന്നു വ്യത്യസ്തത തേടുന്നവരാണ് നമ്മളില്‍ പലരും. അത്തരത്തില്‍ വിവാഹ ക്ഷണക്കത്തിലും ഇന്ന് പുതുമ തേടി പോകുന്നവര്‍ ഏറെയാണ്. പരമ്പരാഗത വിവാഹ ക്ഷണക്കത്തിലും കഴിഞ്ഞ കുറച്ച് കാലമായി പല മാറ്റങ്ങളും കണ്ടുതുടങ്ങിയതാണ്. എന്നാല്‍ അവയില്‍ നിന്നെല്ലാം വ്യത്യസ്തമായൊരു ക്ഷണക്കത്ത് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്. മധ്യപ്രദേശിലെ പിപ്പാരിയ സ്വദേശികളായ പ്രഹ്‌ളാദിന്റെയും വധു വര്‍ഷയുടെയും വിവാഹ ക്ഷണക്കത്താണ് വൈറലായിരിക്കുന്നത്. 2017ല്‍ ആണ് വിവാഹക്കത്ത് തയ്യാറാക്കിയതെങ്കിലും കഴിഞ്ഞ ദിവസമാണ് കത്ത് പലരെയും ഞെട്ടിച്ചത്. ഗോഡ്മാന്‍ ചിക്‌ന എന്ന എക്‌സ് ഐ.ഡിയില്‍ 2018ലാണ് വിവാഹ ക്ഷണക്കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കഴിഞ്ഞ ദിവസം പലരും പങ്കുവെക്കാന്‍ തുടങ്ങിയതോടെയാണ് കത്ത് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. ആധാര്‍ കാര്‍ഡിന്റെ മാതൃകയില്‍ തീര്‍ത്ത വിവാഹ ക്ഷണക്കത്തില്‍ ഫോട്ടോയുടെ സ്ഥാനത്ത് വധുവിന്റെയും വരന്റെയും ഫോട്ടോയാണ് കൊടുത്തിരിക്കുന്നത്. ആധാര്‍ നമ്പറിന് പകരം വിവാഹ തീയതിയും. യഥാര്‍ത്ഥ ആധാര്‍ കാര്‍ഡില്‍ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച മാതൃകയിലാണ് വിവാഹ വിവരങ്ങളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.