രാഹുല്‍ ദ്രാവിഡും ഓട്ടോഡ്രൈവറും തര്‍ക്കം; ദൃശ്യങ്ങള്‍ പുറത്ത്

Update: 2025-02-05 05:15 GMT

ബെംഗളൂരു: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡും ഓട്ടോ ഡ്രൈവറും തമ്മില്‍ തര്‍ക്കിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. കാരണമെന്താണെന്നോ. ദ്രാവിഡ് സഞ്ചരിച്ച എസ്യുവിയുടെ പിറകില്‍ ഗുഡ്സ് ഓട്ടോ ഇടിക്കുകയായിരുന്നു. ബെംഗളൂരുവിലെ കനിങ്ങാം റോഡിലായിരുന്നു സംഭവം. അപകടത്തിന് പിന്നാലെ കാറില്‍ നിന്ന് പുറത്തിറങ്ങിയ രാഹുല്‍ ദ്രാവിഡും ഓട്ടോ ഡ്രൈവറും തമ്മില്‍ തര്‍ക്കിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

സംഭവത്തില്‍ ദ്രാവിഡിനോ, ഡ്രൈവര്‍ക്കോ പരുക്കേറ്റിട്ടില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഇതിഹാസ താരവും മുന്‍ പരിശീലകനുമായ ദ്രാവിഡിനെ ഓട്ടോ ഡ്രൈവര്‍ തിരിച്ചറിഞ്ഞില്ലെന്നാണ് വിവരം. റോഡിലെ തര്‍ക്കം ഏതാനും നിമിഷങ്ങള്‍ നീണ്ടതായും ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് വിജയത്തിന് പിന്നാലെയാണ് രാഹുല്‍ ദ്രാവിഡ് ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞത്. ദ്രാവിഡിന്റെ പകരക്കാരനായി ഗൗതം ഗംഭീര്‍ ചുമതലയേറ്റു. നിലവില്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ഹെഡ് കോച്ചാണ് ദ്രാവിഡ്. 2014, 2015 സീസണുകളില്‍ രാജസ്ഥാന്റെ മെന്ററായും ടീം ഡയറക്ടറായും ദ്രാവിഡ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

Similar News