നെടുമ്പാശേരിയിലെ മാലിന്യക്കുഴിയില്‍ വീണ് മൂന്നു വയസ്സുകാരന് ദാരുണാന്ത്യം

Update: 2025-02-07 10:54 GMT

കൊച്ചി: നെടുമ്പാശേരിയിലെ മാലിന്യക്കുഴിയില്‍ വീണ് മൂന്നു വയസ്സുകാരന് ദാരുണാന്ത്യം. വിമാനത്താവളത്തിലെ കഫറ്റീരിയയ്ക്ക് സമീപത്തെ മാലിന്യക്കുഴിയില്‍ വെള്ളിയാഴ്ച രാവിലെയാണ് അപകടം നടന്നത്. രാജസ്ഥാന്‍ സ്വദേശിയായ സൗരഭിന്റെ മകന്‍ റിതന്‍ ജാജുവാണ് മരിച്ചത്. ജയ്പുരില്‍ നിന്ന് വെള്ളിയാഴ്ച രാവിലെ 11.30ന് ആയിരുന്നു ഇവര്‍ സഞ്ചരിച്ചിരുന്ന വിമാനം ലാന്‍ഡ് ചെയ്തത്. സഹോദരനൊപ്പം കളിക്കുന്നതിനിടെയാണ് അപകടം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആഭ്യന്തര ടെര്‍മിനലിന് പുറത്തുള്ള 'അന്നാ സാറ' കഫേയുടെ പിന്‍ഭാഗത്താണ് അപകടം നടന്നതെന്നും ഇവിടെ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലായിരുന്നുവെന്നും സിയാല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നടവഴിയില്ലാത്ത ഇവിടെ ഒരു വശം കെട്ടിടവും മറ്റു മൂന്നുവശം ബൊഗെയ്ന്‍ വില്ല ചെടി കൊണ്ടുള്ള വേലിയുമാണ്.

കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കള്‍ വിമാനത്താവള അധികൃതരെ അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ സുരക്ഷ വിഭാഗത്തിന്റെ സഹായത്തോടെ സിസിടിവി പരിശോധിച്ചപ്പോഴാണ് കുട്ടി ചെടിവേലി കടന്ന് മാലിന്യകുഴിയില്‍ വീണതായി കണ്ടെത്തുന്നത്. ഉടന്‍ തന്നെ കുട്ടിയെ പുറത്തെടുക്കുകയും പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തു. പിന്നാലെ അങ്കമാലിയിലെ ലിറ്റില്‍ ഫ് ളവര്‍ ആശുപത്രിയിലേക്ക് മാറ്റി.

വിദഗ്ധ ചികിത്സയിലിരിക്കെ ഉച്ചയ്ക്ക് 1.42നാണ് മരണം സംഭവിച്ചത്. തുടര്‍നടപടികള്‍ക്കായി സിയാല്‍ അധികൃതര്‍ കുടുംബത്തിനൊപ്പമുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. മാതാപിതാക്കള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും സിയാല്‍ അറിയിച്ചു.

Similar News