കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയപ്പോള്‍ ദേഹാസ്വാസ്ഥ്യം; തൊഴിലാളിയും രക്ഷിക്കാനിറങ്ങിയ ആളും മരിച്ചു

Update: 2025-03-09 12:18 GMT

എരുമേലി: കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട തൊഴിലാളിയും അയാളെ രക്ഷിക്കാനിറങ്ങിയ ആളും മരിച്ചു. കൂവപ്പള്ളി സ്വദേശി അനീഷ്, എരുമേലി സ്വദേശി ഗോപകുമാര്‍(50) എന്നിവരാണ് മരിച്ചത്. എരുമേലി ടൗണില്‍ തുണ്ടിയില്‍ ഷൈബുവിന്റെ പുരയിടത്തിലെ കിണറ്റില്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം.

ഇരുവരും ശ്വാസംമുട്ടി മരിച്ചുവെന്നാണ് പ്രാഥമിക നിഗമനം. 35 അടി താഴ്ചയുള്ള കിണറാണ് വൃത്തിയാക്കാനിറങ്ങിയത്. മൂന്നടിയില്‍ താഴെ വെള്ളം മാത്രമേ കിണറ്റില്‍ ഉണ്ടായിരുന്നുള്ളൂ. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം.

അഗ്നിശമന സേന സ്ഥലത്തെത്തി ഓക്‌സിജന്‍ സിലിണ്ടറിന്റെ സഹായത്തോടെ ഇരുവരുടേയും മൃതദേഹങ്ങള്‍ പുറത്തെടുത്ത് എരുമേലി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Similar News