പ്രസവത്തെ തുടര്‍ന്ന് ഡോക്ടറും നവജാത ശിശുവും മരിച്ചു
നെടുങ്കണ്ടം: പ്രസവത്തെ തുടര്‍ന്ന് യുവഡോക്ടറും നവജാത ശിശുവും മരിച്ചു. ഉടുമ്പന്‍ചോല സാമൂഹികാരോഗ്യ കേന്ദ്രത്തിലെ മുന്‍ മെഡിക്കല്‍ ഓഫിസറും പാറത്തോട് ഗുണമണി വീട്ടില്‍ ഡോ.വീരകിഷോറിന്റെ ഭാര്യയുമായ ഡോ.വിജയലക്ഷ്മിയാണ് (29) മരിച്ചത്. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ആയിരുന്നു പ്രസവം നടന്നത്.
തിങ്കളാഴ്ച വൈകിട്ടോടെയാണ് വിജയലക്ഷ്മിയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ പ്രസവത്തില്‍ സങ്കീര്‍ണതയുണ്ടായി. വൈകിട്ടോടെ ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും അല്‍പസമയത്തിനുശേഷം തന്നെ മരണം സംഭവിച്ചു.
പിന്നീട് രാത്രി ഒന്‍പത് മണിയോടെ വിജയലക്ഷ്മിയുടെ ആരോഗ്യനില ഗുരുതരമായി. തുടര്‍ന്ന് വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സ് എത്തിച്ച് തേനി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. എന്നാല്‍ യാത്രാമധ്യേ പന്ത്രണ്ടു മണിയോടെ തമിഴ്‌നാട്ടില്‍ വച്ച് മരിച്ചു.
ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അച്ഛന്‍: ഗണേശന്‍, അമ്മ: നാഗലക്ഷ്മി. നെടുങ്കണ്ടം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.