'തിരൂരില്‍ സ്വകാര്യബസ് ജീവനക്കാര്‍ മര്‍ദിച്ച ഓട്ടോറിക്ഷാ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു'
മലപ്പുറം: തിരൂരില്‍ സ്വകാര്യബസ് ജീവനക്കാര്‍ മര്‍ദിച്ച ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. മാണൂര്‍ സ്വദേശി തയ്യില്‍ അബ്ദുല്‍ ലത്തീഫ് (49) ആണ് മരിച്ചത്. മര്‍ദനമേറ്റ അബ്ദുല്‍ ലത്തീഫ് ആശുപത്രിയിലെത്തി ചികിത്സ തേടിയിരുന്നു. അതിന് പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു എന്നാണ് വിവരം. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
മഞ്ചേരിയില്‍ നിന്നും തിരൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലെ ജീവനക്കാര്‍ ആണ് മര്‍ദിച്ചതെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് ബസ് ജീവനക്കാരായ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
തിരൂര്‍ മഞ്ചേരി റൂട്ടിലോടുന്ന പിടിബി ബസിലെ ജീവനക്കാരാണ് മര്‍ദിച്ചത്. ബസ് സ്റ്റോപ്പില്‍ നിന്ന് ഓട്ടോറിക്ഷയില്‍ ആളുകളെ കയറ്റിയതിലുണ്ടായ തര്‍ക്കമാണ് ജീവനക്കാരെ പ്രകോപിപ്പിച്ചത്. ബസ് കുറുകെയിട്ട് ഓട്ടോറിക്ഷയില്‍ നിന്ന് അബ്ദുല്‍ ലത്തീഫിനെ പിടിച്ചിറക്കി മര്‍ദിക്കുകയായിരുന്നു.
സംഭവ സമയത്ത് ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്ക് നേരെയുള്ള സ്വകാര്യ ബസ് ജീവനക്കാരുടെ ആക്രമണം സ്ഥലത്ത് പതിവാണെന്നും കഴിഞ്ഞദിവസം ഇത്തരത്തില്‍ താനൂരില്‍ ഭാര്യയെ ഓട്ടോറിക്ഷയില്‍ കയറ്റിയ ഡ്രൈവര്‍ക്ക് മര്‍ദനമേറ്റിരുന്നുവെന്നും ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ പറയുന്നു.