ലൈബ്രറി കൗണ്‍സില്‍ ട്രെയിനിംഗ് സെന്റര്‍ ഒരുങ്ങി; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കാസര്‍കോട്: സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ ട്രെയിനിംഗ് സെന്റര്‍ ഉദയഗിരിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഞായറാഴ്ച (ഡിസംബര്‍ 15) ഉദ്ഘാടനം ചെയ്യും. കേരള ഗ്രന്ഥശാല സംഘത്തിന് പതിച്ചു നല്‍കിയ 27.51 സെന്റ് സ്ഥലത്താണ് 2.24 കോടി രൂപ ചെലവഴിച്ച് സെന്റര്‍ നിര്‍മ്മിച്ചത്. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്‌സ് ഇനി കാസര്‍കോട് ജില്ലയില്‍ മാത്രമായിരിക്കും. കോഴ്‌സിന്റെ 28ാമത്തെ ബാച്ച് പുതിയ സെന്ററില്‍ ആരംഭിക്കും. നാല്പത് സീറ്റുള്ള കോഴ്‌സില്‍ പുറത്ത് നിന്ന് വന്ന് പഠിക്കുന്നവര്‍ക്ക് താമസിക്കാനുള്ള സൗകര്യവും പുതിയ കെട്ടിടത്തിലുണ്ട്. ലൈബ്രറി കൗണ്‍സിലിന്റെ ട്രെയിനിംഗിന് പുറമെ മറ്റ് സ്ഥാപനങ്ങളുടെയും ഏജന്‍സികളുടെയും പരിശീലനങ്ങളും പുതിയ സെന്ററില്‍ നടത്തും.
ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിക്കും. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളാകും. എം.എല്‍.എമാരായ എ.കെ.എം അഷ്റഫ്, അഡ്വ. സി.എച്ച് കുഞ്ഞമ്പു, ഇ. ചന്ദ്രശേഖരന്‍, എം. രാജഗോപാലന്‍, ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് എ പി ജയന്‍, ജോ. സെക്രട്ടറി മനയത്ത് ചന്ദ്രന്‍, മുന്‍ സംസ്ഥാന സെക്രട്ടറി അഡ്വ.പി അപ്പുക്കുട്ടന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.