കുമ്പള: കുമ്പള പെര്‍വാഡ് കടപ്പുറത്ത് തോണിയും വലകളും കത്തി നശിച്ചു. അസൈനാറുടെ ഉടമസ്ഥതയിലുള്ള ഫൈബര്‍ തോണിയാണ് കത്തി നശിച്ചത്. കാസിം, ഷംസീര്‍, നിസാര്‍, അസൈനാര്‍ എന്നിവരുടെ കൂട്ടിയിട്ട വലകളും ഇതിന് സമീപത്തുണ്ടായിരുന്ന തോണിയുമാണ് തീ പടര്‍ന്ന് പിടിച്ച് കത്തി നശിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ആരോ സിഗരറ്റോ മറ്റോ വലിച്ചെറിഞ്ഞപ്പോള്‍ അബദ്ധത്തില്‍ തീ പടര്‍ന്ന് പിടിച്ചതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തീ കെടുത്തി. ഏഴ് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വലകളും തോണിയും കത്തിനശിച്ച സംഭവം കുമ്പള പൊലീസ് അന്വേഷിക്കുന്നു.