കുണ്ടംകുഴി ജി.ബി.ജി നിക്ഷേപ തട്ടിപ്പ്; ചെയര്‍മാനടക്കം രണ്ടുപേര്‍ക്കെതിരെ വീണ്ടും കേസ്
ബേഡകം: കുണ്ടംകുഴി ജി.ബി.ജി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ചെയര്‍മാന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്കെതിരെ പൊലീസ് വീണ്ടും കേസെടുത്തു. നീലേശ്വരം പള്ളിക്കര റോഡ് എടമുണ്ട ചൂരിക്കൊവ്വല്‍ സി.കെ. കരുണന്‍ (66) നല്‍കിയ പരാതിയില്‍ കുണ്ടംകുഴി ജി.ബി.ജി നിധി ലിമിറ്റഡ് ചെയര്‍മാന്‍ ഡി. വിനോദ് കുമാര്‍, സ്ഥാപനത്തിന്റെ ചീഫ് ഏജന്റ് കുണ്ടംകുഴിയിലെ ചന്ദ്രന്‍ എന്നിവര്‍ക്കെതിരെയാണ് ബേഡകം പൊലീസ് കേസെടുത്തത്.
സി.കെ കരുണന്‍ കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പരാതി നല്‍കിയിരുന്നത്. കോടതി നിര്‍ദ്ദേശപ്രകാരമാണ് കേസ്. അമിത പലിശ വാഗ്ദാനം ചെയ്തതിനെ തുടര്‍ന്ന് കരുണന്‍ 2022 മെയ് 18നും സെപ്തംബര്‍ 12നും രണ്ട് തവണകളായി ജി.ബി.ജിയില്‍ പണം നിക്ഷേപിച്ചിരുന്നു. പണം തിരികെ ലഭിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു.
ജി.ബി.ജി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത നിരവധി കേസുകളില്‍ റിമാണ്ടില്‍ കഴിഞ്ഞിരുന്ന വിനോദ് കുമാറിന് പിന്നീട് ജാമ്യം ലഭിച്ചിരുന്നു.