ലോട്ടറി സ്റ്റാള്‍ ഉടമയെ മര്‍ദ്ദിച്ച കേസിലെ പ്രതി അറസ്റ്റില്‍

സീതാംഗോളിയിലെ ഗുണ്ടാസംഘങ്ങള്‍ക്ക് എതിരെ പൊലീസ് നടപടി കര്‍ശനമാക്കി;

Update: 2026-01-09 07:07 GMT

സീതാംഗോളി: സീതാംഗോളിയിലെ ഗുണ്ടാ സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി കുമ്പള പൊലീസ്. ലോട്ടറി സ്റ്റാളില്‍ കയറി ഉടമയെ മര്‍ദ്ദിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. നീര്‍ച്ചാലിലെ ഗണേശനെ (38)യാണ് കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മുകുന്ദനും സംഘവും അറസ്റ്റ് ചെയ്തത്.

കട്ടത്തടുക്കയിലെ ലോട്ടറി സ്റ്റാള്‍ ഉടമ പുത്തിഗെ അംഗടിമുഗറിലെ ഫ്രാന്‍സിസ് ഡിസൂസ (52)യുടെ പരാതിയിലാണ് കേസ്. മൂന്ന് മാസം മുമ്പ് ഫ്രാന്‍സിസ് ഡിസൂസ ഗണേശന് 200 രൂപ കടം നല്‍കിയിരുന്നു. ബുധനാഴ്ച രാത്രി എട്ട് മണിയോടെ പണം തിരിച്ച് ചോദിച്ചപ്പോള്‍ സ്റ്റാളില്‍ കയറി മര്‍ദ്ദിച്ചുവെന്നാണ് പരാതി. ഫ്രാന്‍സിസ് ഡിസൂസ കുമ്പള സര്‍ക്കാര്‍ ആസ്പത്രിയില്‍ ചികിത്സ തേടി.

മാസങ്ങള്‍ക്ക് മുമ്പ് ബിവറേജ് മദ്യശാലക്ക് സമീപത്ത് സ്ഥാപിച്ച ബോര്‍ഡുകള്‍ മദ്യലഹരിയില്‍ ഒരു സംഘം ചവിട്ടി പൊളിക്കുകയും വലിച്ചെറിയുകയും ചെയ്തിരുന്നു. ബിവറേജ് ഔട്ട് ലൈറ്റിലെ ജീവനക്കാരികളെ അസഭ്യം പറഞ്ഞതിന് ശേഷമാണ് സംഘം മടങ്ങിയത്. അഞ്ച് മാസം മുമ്പ് ബദിയടുക്കയിലെ അനിലിനെ ഏഴോളം വരുന്ന സംഘം സീതാംഗോളിയില്‍ വെച്ച് കഴുത്തിന് വെട്ടി വധിക്കാന്‍ ശ്രമിച്ചിരുന്നു. ഈ കേസിലെ മുഴുവന്‍ പ്രതികളെയും ദിവസത്തിനകം പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ കോടതി റിമാണ്ട് ചെയ്തിട്ടുണ്ട്.

സീതാംഗോളി ടൗണില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ബിവറേജ് ഔട്ട് ലൈറ്റില്‍ നിന്ന് മദ്യം വാങ്ങി ടൗണിന്റെ ഒരു ഭാഗത്ത് പോയി കഴിച്ചതിന് ശേഷം മദ്യപാനികള്‍ കണ്ണില്‍ കണ്ടവരെയെല്ലാം തടഞ്ഞ് നിര്‍ത്തി ഭീഷിണിപ്പെടുത്തുന്നതും തട്ടിക്കയറുന്നതും പതിവ് കാഴ്ചയാണ്. പലരും പരാതി നല്‍കാത്തത് കാരണമാണ് തുടര്‍ നടപടിയെടുക്കാന്‍ പറ്റാത്തതെന്ന് പൊലീസ് പറയുന്നു. പൊലീസിന്റെ കര്‍ശന നടപടിനെ തുടര്‍ന്ന് സ്ഥിരമായി പ്രശ്‌നമുണ്ടാക്കുന്നവര്‍ പിന്‍വലിഞ്ഞതായി നാട്ടുകാര്‍ പറയുന്നു.

Similar News