സി.ബി.ഐ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് വീട്ടമ്മയില്‍ നിന്ന് 8 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ കാഞ്ഞങ്ങാട് സ്വദേശി മംഗളൂരുവില്‍ പിടിയില്‍
കാഞ്ഞങ്ങാട്: സി.ബി.ഐ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ഇരിങ്ങാലക്കുടയിലെ വീട്ടമ്മയില്‍നിന്ന് 8 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തില്‍പ്പെട്ട കാഞ്ഞങ്ങാട് സ്വദേശിയായ യുവാവിനെ മംഗളൂരു വിമാനത്താവളത്തില്‍നിന്ന് പിടികൂടി. കാഞ്ഞങ്ങാട് സ്വദേശി ഫര്‍ഷാദി(24)നെയാണ് ഇരിങ്ങാലക്കുട റൂറല്‍ എസ്.പി കെ. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
വീട്ടമ്മയെ ഫോണില്‍ വിളിച്ച് മുംബൈ പൊലീസിലെ സി.ബി.ഐ അന്വേഷണ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ആള്‍മാറാട്ടം നടത്തി വീട്ടമ്മയുടെ അധാര്‍ നിയമവിരുദ്ധമായി ഉപയോഗിക്കുന്നുവെന്നും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പറഞ്ഞായിരുന്നു ഷംസുദ്ദീന്‍ ബന്ധപ്പെട്ടത്.
പിന്നീട് പരാതിക്കാരിയുടെ ബാങ്ക് അക്കൗണ്ടിലെ പണം വെരിഫൈ ചെയ്യാനാണെന്ന് പറഞ്ഞ് 2024 മാര്‍ച്ച് നാല്, അഞ്ച് തീയതികളില്‍ പലപ്പോഴായി വിവിധ ബാങ്ക് അക്കൗണ്ടുകള്‍ മുഖേന എട്ടുലക്ഷം രൂപയാണ് സംഘം തട്ടിയെടുത്തത്.
തട്ടിപ്പ് പണത്തില്‍നിന്ന് നാല് ലക്ഷത്തി തൊണ്ണൂറായിരം രൂപ ഫര്‍ഷാദിന്റെ ബാങ്ക് അക്കൗണ്ടിലെത്തിയിരുന്നു.
കേസില്‍ ഉള്‍പ്പെട്ട ശേഷം വിദേശത്തേക്ക് കടന്ന പ്രതിയെ അബൂദാബിയില്‍നിന്ന് നാട്ടിലേക്ക് മടങ്ങിവരുമ്പോള്‍ മംഗളൂരു വിമാനതാവളത്തില്‍ വന്നിറങ്ങിയപ്പോഴാണ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ചത്. തുടര്‍ന്ന് പൊലീസ് അറസ്റ്റുചെയ്ത് ഇരിങ്ങാലക്കുട സ്റ്റേഷനിലെത്തിച്ചു.
ഇരിങ്ങാലക്കുട ഇന്‍സ്പെക്ടര്‍ എം.കെ. ഷാജി, എസ്.ഐ എം.എ. മുഹമ്മദ് റാഷി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ എം.ആര്‍. രഞ്ജിത്ത്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ എംഎം. ഷാബു, മുരളി കൃഷ്ണ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.