വിമര്‍ശകര്‍ കുറ്റപ്പെടുത്തി 'നിശബ്ദനായ പ്രധാനമന്ത്രി'യെന്ന്: മന്‍മോഹന്‍ സിംഗ് നല്‍കിയ മറുപടി

2004-14 കാലഘട്ടത്തില്‍ തന്റെ 10 വര്‍ഷത്തെ ഭരണകാലത്ത് 117 തവണ മാധ്യമങ്ങളെ അഭിസംബോധന ചെയ്‌തെന്ന് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മനീഷ് തിവാരി;

Update: 2024-12-27 05:58 GMT

മൃദുസ്വഭാവത്തിന് പേരുകേട്ട മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ നിശ്ശബ്ദ പ്രധാനമന്ത്രി എന്ന് വിമര്‍ശകര്‍ പലപ്പോഴും വിശേഷിപ്പിച്ചിരുന്നു.തന്റെ നേതൃപാടവത്തെ ന്യായീകരിച്ച്, താന്‍ പതിവായി മാധ്യമങ്ങളെ കാണുന്നതും പലപ്പോഴും പത്രസമ്മേളനങ്ങള്‍ നടത്തുന്നതും സിംഗ് ഇതിന് മറുപടി എന്നോണം വിശദീകരിച്ചിരുന്നു. ചേംഞ്ചിംഗ് ഇന്ത്യ എന്ന അദ്ദേഹത്തിന്റെ പുസ്തകത്തില്‍ ഇതിന്റെ വിശദാംശങ്ങള്‍ പങ്കുവെക്കുന്നുണ്ട്. 2018ല്‍ ചേംഞ്ചിംഗ് ഇന്ത്യ പുറത്ത് വിടുന്ന ഘട്ടത്തില്‍ അദ്ദേഹം ഇത് സംബന്ധിച്ച് മറുപടിയും നല്‍കിയിരുന്നു.

''ഞാന്‍ നിശബ്ദനായ പ്രധാനമന്ത്രിയായിരുന്നുവെന്ന് ആളുകള്‍ പറയുന്നു. മാധ്യമങ്ങളോട് സംസാരിക്കാന്‍ ഭയപ്പെടുന്ന പ്രധാനമന്ത്രി ഞാനല്ലെന്ന് തീര്‍ച്ചയായും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു - ഞാന്‍ പതിവായി മാധ്യമങ്ങളെ കാണാറുണ്ട്, ഞാന്‍ നടത്തുന്ന എല്ലാ വിദേശ യാത്രകളിലും ഞാന്‍ വിമാനത്തില്‍ അല്ലെങ്കില്‍ ഇറങ്ങിയ ഉടന്‍ ഒരു പത്രസമ്മേളനം നടത്തിയിരുന്നു. അതിനാല്‍ ധാരാളം വാര്‍ത്താ സമ്മേളനങ്ങള്‍ ഉണ്ട്, അത് ഇതില്‍ വിവരിച്ചിരിക്കുന്നു.'' എന്നാണ് അന്ന് സിംഗ് പറഞ്ഞത്.

മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മനീഷ് തിവാരി മന്‍മോഹന്‍ സിംഗ് നടത്തിയ മാധ്യമ ഇടപെടലുകളുടെ വിശദാംശങ്ങള്‍ നേരത്തെ നല്‍കിയിരുന്നു.

'മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് 2004-14 കാലഘട്ടത്തില്‍ തന്റെ 10 വര്‍ഷത്തെ ഭരണകാലത്ത് 117 തവണ മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. വാര്‍ത്താസമ്മേളനങ്ങള്‍ വിശദാംശങ്ങള്‍- വിദേശ യാത്രകളില്‍- 72, വാര്‍ഷിക പ്രസ്സറുകള്‍ - 10, ആഭ്യന്തര/സംസ്ഥാന സന്ദര്‍ശനങ്ങള്‍- 23, തിരഞ്ഞെടുപ്പ്/രാഷ്ട്രീയം/മാനിഫെസ്റ്റോ - 12,'' എന്നാണ് തിവാരി എക്‌സില്‍ കുറിച്ചത്.

2018 ലെ പുസ്തക പ്രകാശന വേളയില്‍, വിമര്‍ശകര്‍ അദ്ദേഹത്തെ 'ആക്‌സിഡന്റല്‍ പ്രധാനമന്ത്രി' എന്ന് വിശേഷിപ്പിച്ച സമയത്ത്, താന്‍ എങ്ങനെയാണ് 'ആക്‌സിഡന്റല്‍'' ധനമന്ത്രിയായതെന്നും മന്‍മോഹന്‍ സിംഗ് വിശദീകരിച്ചിരുന്നു.അന്നത്തെ പ്രധാനമന്ത്രിയായിരുന്ന പി.വി നരസിംഹ റാവു, സാമ്പത്തിക വിദഗ്ധനായ ഐജി പട്ടേലിനെ ഈ സ്ഥാനത്തേക്ക് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ പട്ടേല്‍ ജോലി ഏറ്റെടുക്കാന്‍ തയ്യാറാകാതിരുന്നതോടെ അത് തനിക്ക് ലഭിച്ചെന്നും സിംഗ് പറഞ്ഞു. ''ഞാന്‍ ആക്‌സിഡന്റല്‍ പ്രധാനമന്ത്രിയാണെന്ന് ആളുകള്‍ പറയുന്നു, പക്ഷേ ഞാന്‍ ആക്‌സിഡന്റല്‍ ധനമന്ത്രി കൂടിയായിരുന്നു,'' എന്നാണ് സിംഗ് പതിഞ്ഞ സ്വരത്തില്‍ പറഞ്ഞത്.

Similar News