വിസ്മയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന് ജാമ്യം

മാധ്യമങ്ങളോട് സംസാരിക്കാനോ അഭിമുഖം നല്‍കാനോ പാടില്ലെന്നുള്ള കര്‍ശന ഉപാധികളോടെയാണ് ജാമ്യം;

Update: 2025-07-02 08:59 GMT

ന്യൂഡല്‍ഹി: വിസ്മയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ശിക്ഷാവിധി മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് കിരണ്‍ കുമാര്‍ നല്‍കിയ ഹര്‍ജി കോടതി അംഗീകരിക്കുകയായിരുന്നു. ഹൈക്കോടതി അപ്പീലില്‍ തീരുമാനമെടുക്കുന്നത് വരെയാണ് ശിക്ഷാവിധി മരവിപ്പിച്ചിരിക്കുന്നത്. കിരണ്‍ കുമാറിന് വേണ്ടി അഭിഭാഷകന്‍ ദീപക് പ്രകാശാണ് ഹാജരായത്. മാധ്യമങ്ങളോട് സംസാരിക്കാനോ അഭിമുഖം നല്‍കാനോ പാടില്ലെന്നുള്ള കര്‍ശന ഉപാധികളോടെയാണ് ജാമ്യം.

വിസ്മയ മരിച്ച് 11 മാസവും 2 ദിവസവും പൂര്‍ത്തിയായപ്പോള്‍ 4 മാസം നീണ്ട വിചാരണയ്ക്കു ശേഷം കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന് കാട്ടി കൊല്ലം ജില്ലാ സെഷന്‍സ് കോടതി വിധി പറഞ്ഞു. പത്തു വര്‍ഷം തടവുശിക്ഷയാണ് കോടതി വിധിച്ചത്.

507 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. സ്ത്രീധന പീഡനം (ഐപിസി 304ബി), ആത്മഹത്യാപ്രേരണ (306), ഗാര്‍ഹിക പീഡനം (498എ) എന്നീ കുറ്റങ്ങളാണ് കിരണ്‍ കുമാറിനെതിരെ ചുമത്തിയത്. ഈ ശിക്ഷാവിധി മരവിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് കിരണ്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഹര്‍ജിയില്‍ ഇതുവരെ തീരുമാനമാകാത്ത സാഹചര്യത്തിലാണ് കിരണ്‍ കുമാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. വിസ്മയുടെ ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാന്‍ തെളിവില്ല എന്നാണ് പ്രതിയുടെ വാദം.

ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് 2021 ജൂണ്‍ 21നാണ് വിസ്മയ ഭര്‍തൃ വീട്ടില്‍ തൂങ്ങിമരിച്ചത്. മരിക്കുന്ന അവസരത്തില്‍ അവസാന വര്‍ഷ ബി എ എം എസ് വിദ്യാര്‍ഥിയായിരുന്നു വിസ് മയ. ഭര്‍ത്താവിന്റെ പീഡനം കാരണമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് തുടക്കം മുതല്‍ തന്നെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. വിവാഹ സമയത്ത് 100 പവന്‍ സ്വര്‍ണവും ഒന്നേ കാല്‍ ഏക്കര്‍ ഭൂമിയും ഒപ്പം 10 ലക്ഷം രൂപ വിലവരുന്ന കാറും സ്ത്രീധനമായി നല്‍കിയിരുന്നു.

സ്ത്രീധനമായി നല്‍കിയ കാറിന്റെ പേരിലാണ് പീഡനം തുടങ്ങിയതെന്ന് കുടുബം ആരോപിച്ചിരുന്നു. തനിക്ക് ഇഷ്ടപ്പെട്ടാത്ത കാറാണ് വിസ്മമയയുടെ വീട്ടുകാര്‍ നല്‍കിയതെന്ന് കുറ്റപ്പെടുത്തിയുളള ഫോണ്‍ സംഭാഷണം അടക്കം നേരത്തെ ബന്ധുക്കള്‍ പുറത്ത് വിട്ടിരുന്നു. ഹോണ്ട സിറ്റി കാറാണ് തനിക്ക് വേണ്ടിയിരുന്നതെന്ന് കിരണ്‍ കുമാര്‍ തന്നെ പറയുന്നുണ്ട്.

വാങ്ങി നല്‍കിയ കാറിന് പത്ത് ലക്ഷം രൂപ മൂല്യമില്ലെന്ന് പറഞ്ഞായിരുന്നു കിരണിന്റെ പീഡനം. ഇക്കാര്യം പറഞ്ഞ് കിരണ്‍ വിസ്മയയെ മര്‍ദിക്കുകയും ചെയ്തിരുന്നു. വിവാഹം കഴിഞ്ഞ ഘട്ടം മുതല്‍ തുടങ്ങിയ മര്‍ദനത്തെ കുറിച്ചുള്ള വിവരം തുടക്കത്തില്‍ വിസ്മയ വീട്ടുകാരില്‍ നിന്ന് മറച്ചുവച്ചിരുന്നു. പിന്നീടാണ് പീഡന വിവരം വീട്ടില്‍ അറിയിച്ചത്.

കിരണിന്റെ വീട്ടില്‍ നിര്‍ത്തിയാല്‍ തന്നെ ഇനി കാണില്ലെന്ന് പറഞ്ഞ് കരയുന്ന വിസ്മയയുടെ ശബ്ദരേഖയും പുറത്തുവന്നിരുന്നു. പീഡനം സഹിക്കവയ്യാതെ സ്വന്തം വീട്ടിലേക്ക് പോയ വിസ്മയയെ വീട്ടുകാര്‍ അറിയാതെ കോളേജില്‍ നിന്നുമാണ് കിരണ്‍ കൂട്ടിക്കൊണ്ട് പോയത്. തുടര്‍ന്നായിരുന്നു വിസ്മയയുടെ ആത്മഹത്യ. ആത്മഹത്യയ്ക്ക് മുമ്പ് ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നുവെന്ന് കിരണ്‍ കുമാറിന്റെ ബന്ധുക്കള്‍ പറഞ്ഞിരുന്നു.

Similar News