സംസ്ഥാന ബജറ്റ് ലോഗോയില്‍ രൂപയുടെ ഔദ്യോഗിക ചിഹ്നം ഒഴിവാക്കി തമിഴ് നാട്; വ്യാപക വിമര്‍ശനം

Update: 2025-03-13 10:42 GMT

ചെന്നൈ: ഹിന്ദി ഔദ്യോഗിക ഭാഷയാക്കണമെന്ന തീരുമാനത്തില്‍ കേന്ദ്രസര്‍ക്കാറുമായി തര്‍ക്കം തുടരുന്നതിനിടെ മറ്റൊരു വിവാദത്തിന് കൂടി തിരികൊളുത്തി തമിഴ് നാട് സര്‍ക്കാര്‍. സംസ്ഥാന ബജറ്റിന്റെ ലോഗോയില്‍ രൂപയുടെ റുപായ് എന്നതിന്റെ ഔദ്യോഗിക ചിഹ്നം ഒഴിവാക്കി റു എന്നതിന്റെ തമിഴ് അക്ഷരമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

ബജറ്റിന് മുന്നോടിയായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ സാമൂഹികമാധ്യമമായ എക്‌സില്‍ പങ്കുവെച്ച വിഡിയോയിലാണ് ഈ മാറ്റമുള്ളത്. ബജറ്റിന്റെ ടീസറും തമിഴ് നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ എക്‌സില്‍ പങ്കുവച്ചു.

എന്നാല്‍ കഴിഞ്ഞ രണ്ട് ബജറ്റിലും തമിഴ് നാട് സര്‍ക്കാര്‍ ബജറ്റിന്റെ ലോഗോകളില്‍ രൂപയുടെ ഔദ്യോഗിക ചിഹ്നം ഉപയോഗിച്ചിരുന്നു. ദേശീയ കറന്‍സി ചിഹ്നം സംസ്ഥാനം നിരസിക്കുന്നത് ഇത് ആദ്യമാണ്. 2025-26 വര്‍ഷത്തേക്കുള്ള ബജറ്റ് വെള്ളിയാഴ്ചയാണ് തമിഴ് നാട് നിയമസഭയില്‍ അവതരിപ്പിക്കുക.

സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും പ്രയോജനപ്പെടുന്ന രീതിയില്‍ തമിഴ് നാടിന്റെ വ്യാപകമായ വികസനം ഉറപ്പാക്കാന്‍ എന്നുപറഞ്ഞാണ് സ്റ്റാലിന്‍ ടീസര്‍ പങ്കുവച്ചത്. ദ്രവിഡിയന്‍ മാതൃക, ടി എന്‍ ബജറ്റ് 2025 എന്നീ ഹാഷ്ടാഗുകള്‍ക്കൊപ്പമാണ് ബജറ്റിന്റെ ലോഗോ പങ്കുവച്ചത്. ഈ ലോഗോയില്‍ രൂപയുടെ ചിഹ്നം വ്യക്തമായി കാണാനും കഴിയില്ല. ഡി.എം.കെ മുന്‍ എം.എല്‍.എയുടെ മകന്‍ ഉദയ് കുമാര്‍ ആണ് രൂപയുടെ ചിഹ്നം ഔദ്യോഗികമായി ഡിസൈന്‍ ചെയ്തത്.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ ത്രിഭാഷനയത്തില്‍ കേന്ദ്രത്തിനെതിരെ തുറന്നയുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് തമിഴ് നാട് സര്‍ക്കാര്‍. ഈ പശ്ചാത്തലത്തില്‍ സംഭവം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. നേരത്തെ രണ്ട് ബജറ്റുകളിലും രൂപയുടെ ചിഹ്നമാണ് ഉപയോഗിച്ചിരുന്നത്. ഇത്തവണയാണ് ഇതില്‍ മാറ്റംകൊണ്ടുവന്നിരിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് തമിഴ് നാട് സര്‍ക്കാര്‍ ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇതുവരെ നടത്തിയിട്ടില്ല. ഇന്ത്യയില്‍ നിന്നും വേറിട്ട് നില്‍ക്കാനുള്ള ഡി.എം.കെയുടെ നീക്കമാണ് ഇത് കാണിക്കുന്നതെന്ന് ബിജെപി വക്താവ് നാരായണന്‍ തിരുപ്പതി ആരോപിച്ചു. രൂപയുടെ ചിഹ്നം ഇന്ത്യയുടെ ചിഹ്നമായാണ് എവിടെയും മനസ്സിലാക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

രൂപയുടെ ഔദ്യോഗിക ചിഹ്നം മാറ്റിയ തമിഴ് നാട് സര്‍ക്കാറിന്റെ തീരുമാനത്തെ വിഡ്ഡിത്തം എന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ വിമര്‍ശിച്ചത്.

'ഇന്ത്യ മുഴുവന്‍ ഔദ്യോഗികമായി അംഗീകരിച്ച രൂപയുടെ ചിഹ്നം ഒഴിവാക്കിക്കൊണ്ടുള്ളതാണ് 2025-26 ലെ ഡി.എം.കെ സര്‍ക്കാരിന്റെ ബജറ്റ് ലോഗോ. ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ട സ്റ്റാലിനെ വിഡ്ഡി എന്നല്ലാതെ മറ്റെങ്ങനെയാണ് വിശേഷിപ്പിക്കുക' എന്നും അണ്ണാമലൈ ചോദിച്ചു.

എന്‍.ഇ.പി. പ്രകാരമുള്ള ത്രിഭാഷാ നയത്തില്‍ ഭാഷ ഏതായിരിക്കണമെന്ന് തീരുമാനിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതിയുണ്ട്. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രത്തിന്റെ നിശബ്ദ ശ്രമമായിട്ടാണ് തമിഴ് നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിനെ കാണുന്നത്.

കേന്ദ്രത്തിന്റെ ത്രിഭാഷാനയത്തിനെതിരെ ഡി.എം.കെ. അതിരൂക്ഷവിമര്‍ശനമാണ് ഉന്നയിക്കുന്നത്. ത്രിഭാഷാനയം നടപ്പാക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് സമഗ്ര ശിക്ഷാ അഭിയാനിലെ കേന്ദ്രസഹായമായ 573 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ പിടിച്ചുവെച്ചിരുന്നു.

Similar News