ഇര വിവാഹിതയായി തന്നോടൊപ്പം കഴിയുന്നുവെന്ന് മൊഴി; പോക്‌സോ കേസിലെ പ്രതിയെ ശിക്ഷയില്‍ നിന്നും ഒഴിവാക്കി സുപ്രധാന വിധിയുമായി സുപ്രീംകോടതി
പ്രതിയുമായി ഇര വൈകാരികമായി അടുത്തുപോയെന്നും കോടതി നിരീക്ഷിച്ചു;
ന്യൂഡല്‍ഹി: പീഡനത്തിന് ഇരയായ പെണ്‍കുട്ടി വിവാഹിതയായി തന്നോടൊപ്പം കഴിയുന്നുവെന്ന് പ്രതിയുടെ മൊഴി. തുടര്‍ന്ന് പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിയെ ശിക്ഷയില്‍ നിന്നും ഒഴിവാക്കി സുപ്രധാന വിധി പുറപ്പെടുവിച്ച് സുപ്രീംകോടതി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 142 പ്രകാരമുള്ള സുപ്രധാന വിധി ന്യായമാണ് കോടതി പുറപ്പെടുവിച്ചത്.
പോക്‌സോ കേസില്‍ അതിജീവിതയ്ക്ക് നീതി ഉറപ്പാക്കാന്‍ നിയമ സംവിധാനങ്ങള്‍ പരാജയപ്പെടുന്നുവെന്ന സുപ്രധാന നിരീക്ഷണത്തോടെയാണ് പ്രതിയുടെ ശിക്ഷ ഒഴിവാക്കികൊണ്ട് ജസ്റ്റിസ് അഭയ് എസ് ഓക്ക, ഉജ്ജല്‍ ഭൂയാന്‍ എന്നിവരുടെ ബെഞ്ച് ഉത്തരവിറക്കിയത്. പശ്ചിമബംഗാളിലെ ഒരു കേസ് പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ ഈ നിരീക്ഷണം.
പ്രതിയെ അതിജീവിത വിവാഹം കഴിച്ച് കുടുംബമായി കഴിയുന്നത് കണക്കിലെടുത്താണ് ശിക്ഷ ഒഴിവാക്കിയത്. ഇവര്‍ക്ക് ഒരു കുഞ്ഞുമുണ്ട്. നീണ്ടുനിന്ന നിയമനടപടികള്‍ ആണ് കുറ്റകൃത്യത്തേക്കാള്‍ അതിജീവിത ബാധിച്ചതെന്ന് കോടതി നിരീക്ഷിച്ചു. പ്രതിയോട് ഇപ്പോള്‍ അതിജീവിതയ്ക്ക് വൈകാരികമായ ബന്ധമാണെന്നും കോടതി നിരീക്ഷിച്ചു.
കുറ്റകൃത്യം നടന്നപ്പോള്‍ തന്നെ അതിന്റെ വ്യാപ്തി മനസിലാക്കി കൊടുക്കാന്‍ നിയമ സംവിധാനത്തിന് കഴിഞ്ഞില്ലെന്നും സുപ്രീം കോടതി വിമര്‍ശിച്ചു. പ്രതിയുടെ നടപടി കുറ്റകൃത്യമായി അതിജീവിത ഇപ്പോള്‍ കാണുന്നില്ലെന്നും സുപ്രീം കോടതി ഉത്തരവില്‍ പറഞ്ഞു.
ഈ കേസ് എല്ലാവരുടെയും കണ്ണുതുറപ്പിക്കുന്ന ഒന്നാണ്. നിയമപരമായി കുറ്റം നിലനില്‍ക്കുമെങ്കിലും ഇര അത്തരത്തില്‍ അതിനെ കാണുന്നില്ല. നേരത്തെ തന്നെ സംഭവത്തിന്റെ ഗൗരവവും അതിന്റെ നിയമവശങ്ങളുമെല്ലാം ഇരയ്ക്ക് മനസിലാക്കുന്നതിന് നിയമസംവിധാനത്തിന് കഴിഞ്ഞില്ല. നീണ്ടുനിന്ന നിയമനടപടികള്‍ അതിജീവിതയെ ബാധിച്ചു. പ്രതിയുമായി ഇര വൈകാരികമായി അടുത്തുപോയെന്നും കോടതി നിരീക്ഷിച്ചു.
പോക്‌സോ കേസുകളുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളും സുപ്രീം കോടതി വിധിയോടൊപ്പം പുറത്തിറക്കി. വിദഗ്ധ സമിതിയുടെ നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍ പോക്‌സോ കേസുകളില്‍ പാലിക്കണമെന്ന് കോടതി ഉത്തരവിട്ടു. പോക്‌സോ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ കൃത്യമായ പരിഷ്‌കാരം നടപ്പാക്കാന്‍ കേന്ദ്ര വനിത ശിശു വികസന മന്ത്രാലയത്തോടും കോടതി നിര്‍ദേശിച്ചു. പോക്‌സോ, ജെജെ ആക്ട് നിയമങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നതിന് യോഗങ്ങള്‍ ചേര്‍ന്ന് ആവശ്യമായ നിയമങ്ങള്‍ ഉണ്ടാക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
2023 ല്‍ പോക്‌സോ കേസില്‍ കൊല്‍ക്കത്ത ഹൈക്കോടതി പ്രതിയെ കുറ്റവിമുക്തനാക്കി 20 വര്‍ഷത്തെ തടവ് ശിക്ഷ റദ്ദാക്കിയതോടെയാണ് കേസ് ദേശീയ ശ്രദ്ധ ആകര്‍ഷിച്ചത്. മാത്രമല്ല, പീഡനത്തിനിരയായ പെണ്‍കുട്ടികളെ വിമര്‍ശിക്കുന്നരീതിയിലുള്ള പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു. കൗമാരക്കാരായ പെണ്‍കുട്ടികള്‍ 'ലൈംഗിക പ്രേരണകള്‍ നിയന്ത്രിക്കണം' എന്നും അത്തരം പ്രവര്‍ത്തികളില്‍ സമൂഹം അവരെ 'പരാജിതരായി' കാണുന്നുവെന്ന് പ്രസ്താവിക്കുകയും ചെയ്തു. ഈ പ്രസ്താവനകള്‍ വ്യാപകമായ വിമര്‍ശനത്തിന് ഇടയാക്കി.
തുടര്‍ന്നാണ് കേസ് സുപ്രീംകോടതിയിലെത്തിയത്. 2024 ഓഗസ്റ്റ് 20-ന്, സുപ്രീം കോടതി ഹൈക്കോടതിയുടെ വിധി റദ്ദാക്കി, ശിക്ഷ പുനഃസ്ഥാപിച്ചു. എന്നാല്‍ ശിക്ഷ വിധിക്കുന്നത് നിര്‍ത്തിവയ്ക്കുകയും ഇപ്പോള്‍ പ്രായപൂര്‍ത്തിയായ ഇരയുടെ നിലവിലെ സാഹചര്യങ്ങള്‍ മനസ്സിലാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു സമിതിയെ നിര്‍ദേശിക്കുകയും ചെയ്തു.
നിംഹാന്‍സ് അല്ലെങ്കില്‍ ടി.ഐ.എസ്.എസ് പോലുള്ള സ്ഥാപനങ്ങളിലെ വിദഗ്ധരും ഒരു ശിശുക്ഷേമ ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്ന ഒരു പ്രത്യേക സമിതി രൂപീകരിക്കാന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇരയുടെ മാനസികവും സാമൂഹികവുമായ പശ്ചാത്തലം വിലയിരുത്തിയ ശേഷം, വിദഗ്ദ്ധ സമിതി, ഇര പ്രതിയുമായി ശക്തമായ വൈകാരിക ബന്ധം വളര്‍ത്തിയെടുത്തിട്ടുണ്ടെന്നും ഇപ്പോള്‍ ഒരു കുട്ടി ഉള്‍പ്പെടുന്ന അവരുടെ കുടുംബം സന്തോഷകരമായ ജീവിതമാണ് നയിക്കുന്നതെന്നും കോടതിയെ അറിയിച്ചു. ഈ റിപ്പോര്‍ട്ട് സൂക്ഷമായി നിരീക്ഷിച്ച ശേഷമാണ് കോടതി സുപ്രധാനമായ വിധി പുറപ്പെടുവിച്ചത്.